കോഴിക്കോട്: മതപരിവർത്തനവും അതേതുടർന്നുള്ള വിവാഹവുമായി ബന്ധപ്പെട്ട കേസിൽ വീട്ടിൽ രക്ഷിതാക്കൾക്കൊപ്പം കഴിയാൻ കോടതി നിർദ്ദേശിയ ഹാദിയ എന്ന അഖിലയെ മയക്കുമരുന്ന് നൽകി വീട്ടിൽ മയക്കിക്കിടത്തുകയാണ് എന്ന ഗുരുതര ആരോപണവുമായി ഡോക്യുമെന്ററി സംവിധായൻ ഗോപാൽ മേനോൻ. ഹാദിയ കേസിൽ സുപ്രീംകോടതിയിൽ വാദം നടക്കുന്നതിനിടെയാണ് ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

ഹാദിയക്ക് മയക്കുമരുന്ന് മയക്കിടത്തുകയാണെന്ന് ഗോപാൽ മേനോൻ ആരോപിച്ചു. വീട്ടിൽ ക്രൂരമായ മർദ്ദനത്തിരയാകുന്നതായി ഹാദിയ പറയുന്ന വീഡിയോ താൻ കണ്ടുവെന്നും ഗോപാൽ മേനോൻ വെളിപ്പെടുത്തിയിട്ടുണ്ട്. നാളെ പുറത്തിറങ്ങുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങൾ വിവരിക്കവെയാണ് ഗോപാൽ മേനോന്റെ വെളിപ്പെടുത്തൽ. മതം മാറാൻ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാൻ അച്ഛൻ അശോകന്റെ നേതൃത്വത്തിൽ ബിജെപി പദ്ധതി തയ്യാറാക്കുന്നതായി അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാൽ മേനോൻ മാധ്യമങ്ങൾക്ക് കൈമാറി.

ഹാദിയയെ ഉറക്കിക്കിടത്താൻ മയക്കുമരുന്ന് നൽകുകയാണ്. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ മെഡിക്കൽ സംഘത്തെ നിയമിക്കണം. താൻ ക്രൂരമർദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ രാഹുൽ ഈശ്വറിന്റെ കയ്യിലുണ്ടെന്നും ഡോക്യൂമെന്ററി നിർമ്മാണത്തിനിടെ രാഹുൽ ഈശ്വറിനെ കണ്ടപ്പോൾ താൻ ഈ വീഡിയോ കണ്ടതാണെന്നും ഗോപാൽ മേനോൻ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ സർക്കാർ തയ്യാറാവണമന്നും ഗോപാൽ മേനോൻ ആവശ്യപ്പെട്ടു. ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ ഇതോടെ സുപ്രീംകോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസിൽ നിർണായകമാകും.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഹാദിയയുടെ കാര്യത്തിൽ നടക്കുന്നതെന്ന ആരോപണം ശക്തമാകുകയും വ്‌നിതാ കമ്മിഷൻ ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ കക്ഷിചേരുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ഇപ്പോൾ ഇത്തരമൊരു വെളിപ്പെടുത്തൽ വരുന്നത്.

ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണമോ വേണ്ടയോ എന്ന കാര്യത്തിലും അഖിലയെ ഹാദിയയാക്കിയ മതംമാറ്റ കാര്യത്തിലും വിവാഹ കാര്യത്തിലുമെല്ലാം സുപ്രീംകോടതിയിൽ കേസ് നടക്കുകയാണിപ്പോൾ. ഹാദിയയും ഷഫിൻ ജഹാനുമായുള്ള വിവാഹം റദ്ദാക്കുകയും യുവതിയെ പിതാവിനൊപ്പം വിടുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലും കേസ് എൻഐഎക്ക് വിടുന്ന കാര്യത്തിലുമെല്ലാം വാദ പ്രതിവാദങ്ങൾ നടക്കുകയാണ്. പോപ്പുലർഫ്രണ്ട് എന്ന സംഘടനയെ നിരോധിക്കുന്ന കാര്യത്തിലും കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ട്. ഇതിനിടെ കേസ് നടത്താൻ പോപ്പുലർ ഫ്രണ്ട് സമാഹരിച്ച തുകയുടെ വിവരങ്ങൾ തേജസ് പ്രസിദ്ധപ്പെടുത്തിയതും ചർച്ചയായി.

അതേസമയം, പ്രായപൂർത്തിയായ ഒരു യുവതിയുടെ വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന വാദവും മതംമാറിയുള്ള വിവാഹം എൻഐഎ അന്വേഷിക്കേണ്ട കാര്യമുണ്ടോ എന്നുമുള്ള ചോദ്യങ്ങൾ സുപ്രീംകോടതിയും വിചാരണ വേളയിൽ ഉന്നയിച്ചിരുന്നു. മാത്രമല്ല, 24 വയസ്സുള്ള ഹാദിയയെ വീട്ടുതടങ്കലിൽ എന്നതുപോലെ അച്ഛന്റെ കസ്റ്റഡിയിൽ വയ്‌ക്കേണ്ട കാര്യമില്ലെന്നും ഹാദിയയുടെ അഭിപ്രായം തേടിയ ശേഷം ഇക്കാര്യത്തിൽ കോടതിയുടെ നിർദ്ദേശ പ്രകാരം ഒരു രക്ഷിതാവിനെ നിയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

കേസ് അവസാനം പരിഗണിക്കപ്പെട്ടപ്പോൾ അഡ്വക്കേറ്റുമാർ തമ്മിൽ വൻ വാക്കുതർക്കവും ഉണ്ടായി. ഇതോടെ കേസ് വിചാരണ സുപ്രീംകോടതി മാറ്റിവയ്ക്കുകയും ചെയ്തു. കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തുകയും ചെയതുവെന്ന് വ്യക്തമാക്കി കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചതോടെ സർക്കാരിന്റെ നിലപാടും എസ്ഡിപിഐക്കും ഷെഫീൻ ജഹാനും ഒപ്പമാണെന്ന വാദങ്ങളും ഉയർന്നു.

ഇത്തരത്തിൽ കേസ് ദേശീയതലത്തിൽ വലിയ ചർച്ചയായി മാറി. ഇതിനിടെയാണ് മയക്കുമരുന്ന് നൽകിയാണ് ഹാദിയയെ വീട്ടിൽ ഉറക്കിക്കിടത്തുന്നതെന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നത്.