ന്യൂഡൽഹി: മുൻപശ്ചിമ ബംഗാൾ ഗവർണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിക്കായി തീരുമാനമെടുക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ 18 പാർട്ടികളും മുന്നോട്ടു വെച്ചത് ഗോപാലകൃഷ്ണ ഗാന്ധിയുടെ പേരായിരുന്നു. പാർട്ടികൾ ഐകകണ്‌ഠ്യേനയാണ് ഈ തീരുമാനത്തിൽ എത്തിയത്.

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പിന്തുണക്കുന്നതിൽനിന്ന് മാറിനിന്ന ജെഡിയു, ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പ്രതിപക്ഷത്തിനൊപ്പം നിലകൊള്ളുന്നു എന്നാണ് വാർത്തകൾ. ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്ന പ്രതിപക്ഷ യോഗത്തിൽ ജെഡിയു പ്രതിനിധികൾ പങ്കെടുത്തിരുന്നു.

ജെഡിയുവിനെ പ്രതിനീധികരിച്ച് ശരത് യാദവാണ് യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻസിങ്, സീതാറാം യെച്ചൂരി(സി.പി.എം) ഒമർ അബ്ദുള്ള(എൻസി), നരേഷ് അഗർവാൾ(എസ് പി), സതീഷ് ചന്ദ്ര മിശ്ര(ബി എസ്‌പി) എന്നിവർ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു. ഓഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. അന്നേ ദിവസം തന്നെയാണ് വോട്ടെടുപ്പ്.