കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇൻസ്റ്റാഗ്രാമിലാണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ പഴയ പലതും ചർച്ചകളിലേക്ക് കടന്നുവരികയാണ്. അമൃതാ സുരേഷും ഗോപീ സുന്ദറും തമ്മിലെ ബന്ധവും പല തലത്തിൽ ചർച്ചയ്ക്ക് വിഷയമാകുന്നു.

'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ......' എന്നാണ് അമൃതാ സുരേഷുമായുള്ള ചിത്രത്തിന് ഗോപി സുന്ദർ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നൽകുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകൾ നേർന്ന് ഒട്ടേറെയാളുകൾ കമന്റ് ചെയ്തിട്ടുണ്ട്. മൂന്ന് ആഴ്ച മുൻപ് ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിൽ ഗാനം റെക്കോഡ് ചെയ്യുന്ന വേളയിൽ ഇരുവരും ചേർന്നുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വൻ വിമർശനം നേരിടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഭാര്യയെയും രണ്ടു മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിക്കൊപ്പം താമസം തുടങ്ങിയതോടെയാണ് ഗോപി സുന്ദർ വിവാദത്തിലകപ്പെട്ടത്. അഭയയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാൽ ഉടൻ ആരാധകരെത്തി അദ്ദേഹത്തെ വിമർശിക്കുമായിരുന്നു. വിമർശിച്ചവർക്കു വീണ്ടും തക്ക മറുപടിയും അന്ന് നൽകി ഗോപിസുന്ദർ.

മുമ്പ് ഗായിക അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചതിനു താഴെയാണ് മോശം പ്രതികരണമുണ്ടായത്. മേഘ ദേവൻ എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്റു വന്നത്. 'സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം' എന്നായിരുന്നു കമന്റ്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 12 വർഷം ഒരാളുമായി ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു' എന്നാണ് അദ്ദേഹം കുറിച്ചത്.

ഈ പോസ്റ്റ് വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഈയടുത്ത് അഭയ ഹിരൺമയിയുടെ പിറന്നാളിനു ഗോപി സുന്ദർ പങ്കുവച്ച ചിത്രത്തിനു നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. 'ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ' എന്നായിരുന്നു ടിനു രാജ് എന്ന അക്കൗണ്ടിൽ നിന്നും അന്ന് വന്ന കമന്റ്. വിമർശനങ്ങൾക്ക് ഗോപി സുന്ദർ കൊടുത്ത മറുപടി വൈറലായിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറുകയാണ്.

നേരത്തെ അഭയക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദറെ പരിഹസിച്ച് ഭാര്യയായിരുന്ന പ്രിയയും രംഗത്ത് വന്നിരുന്നു. 9 ഇയേഴ്‌സ് ഓഫ് ടുഗദർനസ് എന്ന അടിക്കുറിപ്പോടെയാണ് അന്ന് ഗോപി സുന്ദർ ചിത്രം പങ്കുവച്ചത്. അന്ന് അഭയ ഗോപി സുന്ദറിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് വിവാഹാശംസകളുമായി നിരവധി പേർ രംഗത്ത് വരികയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പ്രിയ അന്ന് ഫേസ്‌ബുക്ക് കുറിപ്പിട്ടത്. 'ചിലർ ചില കാര്യംങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയിൽ അറിയിച്ചിരുന്നില്ല. എങ്കിലും ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ...' എന്നായിരുന്നു പ്രിയ അന്ന് കുറിച്ചത്. പിന്നീട് വിവാഹ മോചനം നേടിയെന്നാണ് സൂചന.

ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് അഭയ ഹിരൺമയിയും രംഗ്ത്ത് വന്നിരുന്നു. 2019ലായിരുന്നു ഇത്. 2008 മുതൽ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തി ഗായിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗായികയുടെ പോസ്റ്റ്. ഈ ബന്ധത്തിന് എന്തു സംഭവിച്ചുവെന്നതും ഇപ്പോൾ ചോദ്യമായി മാറുന്നു

2019ൽ അഭയ ഹിരൺമയി ഇട്ട പോസ്റ്റിന്റെ ഉള്ളടക്കം

2008 മുതൽ 2019 വരെ.. ഞങ്ങളൊന്നിച്ച് പൊതുയിടങ്ങളിൽ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാൾ നിയമപരമായി അകപ്പെട്ട ഒന്ന്) നിയമപരമായി വിവാഹിതനായ ആ വ്യക്തിയുമായും ഞാനും എട്ടു വർഷമായി ഒരുമിച്ചു ജീവിക്കുകയാണ്.ഞാൻ മുൻപ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്.

അതെ അദ്ദേഹത്തിനു മുമ്പിൽ ഞാൻ തീരെ ചെറുതാണ്.. ഞങ്ങൾ തമ്മിൽ ഒരുപാടു വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു.. മഞ്ഞപ്പത്രങ്ങൾക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.. ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നും വിളിക്കാം..

ഒളിച്ചോട്ടങ്ങൾ മടുത്തു.. ഇനി പേടിക്കാൻ വയ്യ.. അതു കൊണ്ട് ഈ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റു ചെയ്തിട്ടുണ്ട്. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാൻ പോകുന്ന പൊങ്കാലകൾക്ക് സ്വാഗതം.. എന്തായാലും ആറ്റുകാൽ പൊങ്കാലയല്ലേ.. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.