- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലക്കാട്ടെ പ്രശ്നങ്ങൾ തീർക്കാൻ നേരിട്ടിറങ്ങി കെ സുധാകരൻ; മുൻ പാലക്കാട് ഡിസിസി പ്രസിഡന്റ് ഉയർത്തിയ പ്രശ്നങ്ങൾക്കു രണ്ടു ദിവസത്തിനകം പരിഹാരമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ്; സുധാകരന്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന് എവി ഗോപിനാഥും
പാലക്കാട്: മുൻ പാലക്കാട് ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥ് ഉയർത്തിയ പ്രശ്നങ്ങൾക്കു രണ്ടു ദിവസത്തിനകം പരിഹാരമാവുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ഗോപിനാഥുമായുള്ള ചർച്ചയ്ക്കു ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം. പ്രശ്നങ്ങൾ കെപിസിസി നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ച്ചക്ക് ശേഷം ഗോപിനാഥിനൊപ്പമാണ് കെ സുധാകരൻ മാധ്യമങ്ങളെ കണ്ടത്. കോൺഗ്രസിൽ ജനപിന്തുണ ഉള്ളവരും ഇല്ലാത്തവരും എന്നിങ്ങനെ രണ്ടുതരം നേതാക്കളുണ്ടെന്ന് സുധാകരൻ പറഞ്ഞു. ജനപിന്തുണയുള്ള നേതാവാണ് ഗോപിനാഥ്. പാലക്കാട്ടെ കോൺഗ്രസിന്റെ സമുന്നതനായ നേതാവാണ് അദ്ദേഹം. ഗോപിനാഥിനു പറയാനുള്ളതെല്ലാം താൻ കേട്ടു. ഇക്കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനെയും മറ്റു മുതിർന്ന നേതാക്കളെയും ഫോണിൽ അറിയിച്ചിട്ടുണ്ട്. നാളെ അവർ ഗോപിനാഥുമായി സംസാരിക്കും. അതോടെ പ്രശ്നങ്ങൾക്കു പരിഹാരമാവും. കോൺഗ്രസ് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സുധാകരൻ പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസിൽ സൂക്ഷ്മമായ പരിശോധനകൾ ഉണ്ടാവും. എന്തെങ്കിലും പിഴവെന്നു കണ്ടാൽ താൻ ഉൾപ്പെടെയുള്ളവർ ഇടപെടുമെന്ന സുധാകരൻ പറഞ്ഞു. തനിക്കു പറയാനുള്ളതെല്ലാം സുധാകരനെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും ഗോപിനാഥ് പറഞ്ഞു. കോൺഗ്രസ് വലിയ പാർട്ടിയാണ്. തീരുമാനമെടുക്കും മുമ്പ് ചർച്ചകൾ നടക്കേണ്ടതുണ്ട്. അതുകൊണ്ട് രണ്ടു ദിവസം കൂടി കാക്കും. പ്രശ്നങ്ങൾ തീർന്നിട്ടില്ല, എന്നാൽ കാത്തിരിക്കുമെന്ന് ഗോപിനാഥ് പറഞ്ഞു.
പാർട്ടിയിൽ നിരന്തരം അവഗണിക്കപ്പെടുന്നു എന്ന പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥിന്റെ തുറന്നുപറച്ചിലിനെ തുടർന്നാണ് പ്രശ്നപരിഹാരത്തിന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ പാലക്കാട് എത്തിയത്. വർഷങ്ങളായി തന്നെയും ഒപ്പമുള്ളവരേയും പാർട്ടി അവഗണിക്കുകയാണെന്ന പരാതി ഗോപിനാഥ് ഉന്നയിച്ചു. നേതൃമാറ്റം, സ്ഥാനാർത്ഥി പട്ടിക തുടങ്ങിയ പരാതികൾ എല്ലാം ഗോപിനാഥ് സുധാകരനോട് പറഞ്ഞു. ഗോപിനാഥിന്റെ പരാതികൾ ഗൗരവമായി കാണുന്നുവെന്നും കാര്യങ്ങൾ കെപിസിസി അദ്ധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, ഉമ്മൻ ചാണ്ടി എന്നിവരെ ധരിപ്പിച്ച ശേഷം രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ