ലക്‌നൗ: ഗോരഖ്പുർ ബാബ രാഘവ്ദാസ് സർക്കാർ മെഡിക്കൽ കോളജിൽ ഓക്‌സിജൻ മുടങ്ങിയതിനെ തുടർന്ന് അറുപതിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.രാജീവ് മിശ്ര ഉൾപ്പെടെ ഒൻപതു പേർക്കെതിരെ കേസെടുത്തു. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ജനറൽ കെ.കെ.ഗുപ്ത നൽകിയ പരാതിപ്രകാരം കുറ്റകരമായ അനാസ്ഥ, ഗൂഢാലോചന, നരഹത്യ തുടങ്ങിയ വകുപ്പുകളാണു പ്രതികൾക്കെതിരെ പ്രഥമവിവര റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.

ആശുപത്രിയിലെ ഓക്‌സിജൻ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന കമ്പനി പുഷ്പ സെയിൽസിന്റെ ഉടമയെയും പ്രതിയാണ്. ഡോ.രാജീവിന്റെ ഭാര്യ ഡോ.പൂർണിമ ശുക്ല, ശിശുരോഗവിഭാഗം നോഡൽ ഓഫിസർ ഡോ.കഫീൽഖാൻ, അനസ്തീസിയ പീഡിയാട്രിക് വകുപ്പുമേധാവി ഡോ.സതീഷ്, ചീഫ് ഫാർമസിസ്റ്റ് ഗജാനൻ ജയ്‌സ്വാൾ തുടങ്ങിയവരാണു കേസിലെ മറ്റു പ്രതികൾ.

ഡോ.കഫീൽ ഖാനെതിരെ നടപടി എടുക്കാനുള്ള ശ്രമത്തിനെതിരെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റസിഡന്റ് ഡോക്ടർമാർ രംഗത്തുവന്നിരുന്നു. സ്വന്തം പണം ഉപയോഗിച്ച് ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങി കുട്ടികളുടെ ജീവൻ നിലനിർത്താൻ ശ്രമിച്ച ഡോക്ടറെ ബലിയാടാക്കുകയാണെന്നായിരുന്നു ആരോപണം.

അതിനിടെ ആരോഗ്യവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി അനിത ഭട്‌നാഗർ ജയിനിനെ ശിക്ഷാനടപടിയെന്ന നിലയിൽ സ്ഥലംമാറ്റിയിരുന്നു. മസ്തിഷ്‌കജ്വരവും ജപ്പാൻ ജ്വരവും ബാധിച്ചു ചികിൽസയിലിരുന്ന അറുപതിലേറെ കുട്ടികളാണ് ഈ മാസം പത്തിന് ആശുപത്രിയിൽ ഓക്‌സിജൻ വിതരണം മുടങ്ങിയതിനെ തുടർന്നു മരിച്ചത്.

കുറ്റക്കാരെന്നു കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും ആശുപത്രിയിൽ കഴിഞ്ഞ മൂന്നുവർഷം നടന്ന മരുന്നുവാങ്ങലുകളെ കുറിച്ചു സിഎജി തലത്തിൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.