ലഖ്നൗ: ഗോരഖ് പൂർ ബി ആർ ഡി മെഡിക്കൽ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 61 കുഞ്ഞുങ്ങൾ ഇവിടെ മരിച്ചതായാണ് പുതിയ റിപ്പോർട്ട്. മസ്തിഷ്‌കജ്വരം, ന്യൂമോണിയ,സെപ്സിസ് ഉൾപ്പെടെയുള്ള അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളുമാണ് കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടത്. കഴിഞ്ഞ 27, 28, 29 ദിവസങ്ങളിലായി 61 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 42 കുട്ടികൾ മരിച്ചത് 48 മണിക്കൂറിനിടയിലാണെന്നും റിപ്പോർട്ട് ഉണ്ട്.

ഇതിൽ 11 മരണങ്ങൾ മസ്തിഷ്‌ക ജ്വരം മൂലമാണ്. നവജാതശിശുക്കളുടെ ഇന്റൻസീവ് കെയർ യൂണിറ്റിൽനിന്ന് 25 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 25 മരണങ്ങൾ ശിശുരോഗ വിഭാഗത്തിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കനത്തമഴയും വെള്ളപ്പൊക്കവും മൂലം അക്യൂട്ട് എൻസെഫലിറ്റിസ് ബാധ (എ ഇ എസ്) കൂടുതൽ കുഞ്ഞുങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ മരണവാർത്തയെ കുറിച്ച് പ്രതികരിക്കാൻ ബി ആർ ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി കെ സിങ് തയ്യാറായില്ല.

ഓഗസ്റ്റ് ആദ്യവാരം ഇതേ ആശുപത്രിയിൽ 70 കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്‌സിജൻ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്. ലക്‌നോയിലുള്ള പുഷ്പ സെയ്ൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആശുപത്രിയിലേക്ക് ഓക്‌സിജൻ എത്തിക്കുന്നത്. എന്നാൽ കമ്പനിക്ക് കഴിഞ്ഞ ആറു മാസമായി പണം നൽകിയിരുന്നില്ല. ഇതേതുടർന്ന് കമ്പനി ഓക്‌സിജൻ വിതരണം അവസാനിപ്പിച്ചതാണ് ദുരന്തത്തിനു കാരണമായത്.

ഓഗസ്റ്റ് ഒന്ന് മുതൽ 28 വരെ 290 കുട്ടികൾ ഇവിടെ മരിച്ചു. ഇതിൽ ഏകദേശം 77 കുട്ടികൾ മസ്തിഷ്‌ക ജ്വരത്തെ തുടർന്നാണ് മരിച്ചത്. വിവിധ കാരണങ്ങളാൽ 2017ൽ ഇതുവരെ 1,250 കുട്ടികളാണ് ബിആർഡി ആശുപത്രിയിൽ മരിച്ചത്.