ലക്നൗ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗോരഖ്പുർ സന്ദർശനത്തിനെതിരേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖപുർ ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് യോഗി രാഹുലിനെ ഓർമ്മിപ്പിച്ചു.

സ്വച്ഛ് യുപി, സ്വസ്ത്യ യുപി ക്യാംപയിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ഇരിക്കുന്ന യുവരാജാവിന് ശുചിത്വത്തിന്റെ പ്രധാന്യം മനസിലാകില്ലെന്നും യോഗി രാഹുലിനെ പരിഹസിച്ചു. ത്തർപ്രദേശിലെ എല്ലാ ജനങ്ങളും ശുചിത്വ പദ്ധതിയിൽ പങ്കാളികളാകണം. സ്വച്ഛ് സുന്ദർ യുപി പദ്ധതി ഗോരഖ്പുരിൽ നിന്നു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ബാബാ രാഘവ് ദാസ് ആശുപത്രിയിൽ കുട്ടികൾ മരിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഇന്ന് ഗോരഖ്പുർ സന്ദർശിക്കാനിരിക്കെയാണ് യോഗിയുടെ വിമർശം. സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും സ്വാർഥ താത്പര്യങ്ങൾക്കു വേണ്ടിയാണ് കഴിഞ്ഞ 15 വർഷം ഭരിച്ചത്. സർക്കാർ ഓഫീസുകൾ അഴിമതിയുടെ കേന്ദ്രങ്ങളാക്കി മാറ്റിയെന്നും യോഗി ആരോപിച്ചു.

ഗോരഖ്പുരിലെ ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവത്തെ അലഹാബാദ് ഹൈക്കോടതി ശക്തമായി വിമർശിച്ചിരുന്നു. ആശുപത്രിയിലെ ഓക്സിജൻ വിതരണം തടസപ്പെട്ടതിനും ഡോക്ടർമാരുടെ കുറവിനെ കുറിച്ചും പഠിച്ച് ഉത്തരവാദിത്വപെട്ടവർക്കെതിരെ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.