ഗോരഖ്പുർ: ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജിൽ കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാനസർക്കാരിനോട് റിപ്പോർട്ട് തേടി. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ശിശുമരണം തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ കരുതൽ നടപടി സ്വീകരിക്കാനും കമ്മിഷൻ ആവശ്യപ്പെട്ടു.

അതിനിടെ പനിയും പകർചവ്യാധിയും പടരുന്നത് നിയന്ത്രണവിധേയമാക്കാൻ ഇനിയുമായിട്ടില്ല. തിങ്കളാഴ്ച കുട്ടികളുടെ വാർഡിൽ നാല് ശിശുക്കൾ കൂടി പനിബാധിച്ച് മരിച്ചു. ഇതോടെ ഒരാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 76 ആയി. കുട്ടികളുടെ വാർഡിൽ ഉൾപ്പെടെ ഓക്സിജന് ക്ഷാമം ഉണ്ടെന്നും എന്നാൽ, മരണകാരണം രോഗത്തിന്റെ ഗുരുതരാവസ്ഥയാകാം എന്നും റിപ്പോർട്ടിൽ ഉള്ളതായാണ് വിവരം. എന്നാൽ, ഔദ്യോഗികമായി ഇക്കാര്യം വെളിപ്പെടുത്താൻ ജില്ലാ ഭരണകൂടം തയ്യാറായില്ല.

ഗോരഖ്പുർ ജില്ലാ ഭരണകൂടത്തിന്റെ ഈ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷം അഞ്ചുദിവസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിഅന്വേഷണ റിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറും. ഓക്സിജൻ സിലിണ്ടറിന്റെ അഭാവം വിവാദമായതോടെ കൂടുതൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടുതൽ സിലിൻഡറുകൾ ആസ്?പത്രിയിൽ സജ്ജീകരിച്ചതായി ആസ്?പത്രി അധികൃതർ അറിയിച്ചു. അതിനിടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യത്തിൽ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

ദുരന്തത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അന്വേഷിക്കണമെന്നും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഗോരഖ്പുരിലെ സാഹചര്യങ്ങൾ അധികൃതർ കൈകാര്യം ചെയ്യുന്നുണ്ടെന്നും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ദുരന്തം കൂട്ടക്കൊലയാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി.ക്കെതിരേ രൂക്ഷവിമർശവുമായി ശിവസേന രംഗത്തെത്തി. പ്രതിപക്ഷ പാർട്ടികളാരെങ്കിലുമാണ് ഉത്തർപ്രദേശ് ഭരിക്കുന്നതെങ്കിൽ ഈ ദുരന്തത്തിന്റെ പേരിൽ കേന്ദ്രം നടപടിയെടുക്കുമായിരുന്നെന്ന് പാർട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിൽ പറയുന്നു.