ഡാർജലിങ്: ബംഗാളിലെ ഗൂർഖ ജന്മുക്തി മോർച്ച പ്രവർത്തകരുടെ പ്രക്ഷോഭം ആറാം ദിവസവും അക്രമാസക്തമായി തുടരുന്നു.ഇന്ന് നടന്ന പ്രതിഷേധത്തിനിടെ ഒരു പൊലീസുകാരനെ പ്രക്ഷോഭകർ കഴുത്തറുത്തു കൊലപ്പെടുത്തി.ഏതാനും പൊലീസുകാർക്ക് പരുക്കേറ്റു.പൊലീസിന്റെ തിരിച്ചടിയിൽ പ്രക്ഷോഭകരിൽ ഒരാളും കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സർക്കാർ സ്‌കൂളുകളിൽ ബംഗാളി ഭാഷ നിർബന്ധിതമാക്കിയതിൽ പ്രതിഷേധിച്ച് ഡാർജലിംഗിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമാണ് ബംഗാൾ സർക്കാരിന് തലവേദന സൃഷ്ടിക്കുന്നത്.ഗൂർഖ ജന്മുക്തി മോർച്ച നേതാവ് ബിമൽ ഗുരുങ്ങിന്റെ വീട്ടിലും പാർട്ടി ഓഫീസിലും റെയ്ഡ് നടത്തിയതോടെയാണ്പ്രക്ഷോഭം അക്രമാസക്തമായത്.

ഇന്നലെ രാത്രി ഗോർഖ മുക്തി മോർച്ച നേതാവിന്റെ വീട് തകർത്തുവെന്നൂം ഒരു എംഎ‍ൽഎയുടെ മകനെ അറസ്റ്റു ചെയ്തുവെന്നും ആരോപിച്ചാണ് ഇന്ന് പ്രക്ഷോഭം ശക്തമായത്. സുരക്ഷാസേനയ്ക്കു നേരെ മുക്തി മോർച്ച പ്രവർത്തകർ കല്ലുകളും കുപ്പികളം വലിച്ചെറിഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസ് വാഹനത്തിനും തീയിട്ടു. വനിതാ മോർച്ച പ്രവർത്തകരും പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സൈന്യത്തെ വിളിച്ചിട്ടുണ്ട്. ഡാർജലിംഗിൽ പൊലീസ് സുരക്ഷ ശക്തമാക്കുകയും റൂട്ട് മാർച്ചുകൾ നടത്തുകയും ചെയ്തു. മുക്തി മോർച്ച നേതാവിന്റെ മകനും മാധ്യമ സെൽ മേധാവിയുമായ വിക്രം റായിയെ ഇന്നലെ രാത്രി പൊലീസ് വീട്ടിൽ കയറി കസ്റ്റഡിയിൽ എടുത്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. പല നേതാക്കളുടെയും വീടുകളിൽ റെയ്ഡ് നടന്നു.

സമരം ആറാം ദിവസത്തേക്ക് കടന്നതോടെ ഡാർജലിംഗിൽ എത്തിയ ടൂറിസ്റ്റുകളും പുറത്തുകടക്കാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. റെയിൽ സർവീസുകൾ തടസ്സപ്പെട്ടു. മാർക്കറ്റുകളും ഷോപ്പുകളും ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും മെഡിക്കൽ ഷോപ്പുകളും അടഞ്ഞുകിടക്കുകയാണ്.