ജിദ്ദ: ഒരു മാസത്തിലേറെ നാൾ സൗദി വിട്ടു നിൽക്കുന്ന വിദേശികൾക്ക് ഇക്കാലയളവിൽ തൊഴിൽ പരിരക്ഷാ സേവനങ്ങൾ റദ്ദാക്കാൻ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷ്വറൻസ് (gosi) പദ്ധതി തയാറാക്കുന്നു. അതേസമയം രാജ്യത്ത് തിരിച്ചെത്തുമ്പോൾ തന്നെ ഈ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും ഗോസി അറിയിച്ചിട്ടുണ്ട്. 

ഇതുസംബന്ധിച്ച് കൂടുതൽ നടപടികൾക്കായി ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തിവരികയാണ്. ഗോസിയുടെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലേയും പബ്ലിക് സെക്ടറിലെ ഒരു വിഭാഗം ജീവനക്കാരും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ നാലു ലക്ഷത്തോളം കമ്പനികളാണ് ഗോസിയുടെ ഈ പദ്ധതിക്കു കീഴിൽ വരുന്നത്. 8.5 മില്യൺ ജീവനക്കാരും.

തൊഴിൽ സ്ഥലങ്ങളിലെ അപകടം മൂലമുള്ള പരിക്ക്, മരണം, അംഗവൈകല്യം തുടങ്ങിയവയ്ക്കും മറ്റും നഷ്ടപരിഹാരവും ചികിത്സാ സഹായങ്ങളും നൽകുന്നത് ഗോസിയാണ്. റിട്ടയർമെന്റ് ആനുകൂല്യങ്ങളും നൽകുന്നതും ഗോസി തന്നെ. വിദേശികളുടെ അവധി ഒരു മാസത്തിലേറെ നീണ്ടു നിന്നാൽ ഈ കാലയളവിൽ ഈ ആനുകൂല്യങ്ങളെല്ലാം തത്ക്കാലത്തേക്ക് മരവിപ്പിക്കാനാണ് നീക്കം നടത്തുന്നത്.