കോട്ടയം: സംസ്ഥാന നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപനത്തിൽ കാർഷിക മേഖല ഇന്നുനേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് പരിഹാരനടപടികൾക്കായുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ ഒന്നുമില്ലാതെ പാടേ അവഗണിച്ചിരിക്കുന്നത് കർഷകസമൂഹത്തോടുള്ള സർക്കാരിന്റെ നിഷേധനിലപാടുകളാണ് വ്യക്തമാക്കുന്നതെന്ന് ഇൻഫാം ദേശീയസമിതി ആരോപിച്ചു.
വന്യമൃഗങ്ങളുടെ ആക്രമത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്കുള്ള സഹായധനം വർദ്ധിപ്പിക്കുന്നതിനേക്കാളുപരി വനമേഖലയും കൃഷിഭൂമിയും വേർതിരിച്ച് ജനങ്ങൾക്ക് കൂടുതൽ സ്ഥായിയായ സുരക്ഷിതത്വ ക്രമീകരണങ്ങളൊരുക്കുകയും കൃഷിക്കാർക്ക് വന്യജീവികളിൽ നിന്ന് രക്ഷ നേടുവാൻ തോക്കിന് ലൈസൻസ്‌ നൽകുകയുമാണ് വേണ്ടത്.

മലയോരങ്ങളിലും ഇടനാട്ടിലും തീരദേശങ്ങളിലും ജനജീവിതം വലിയ പ്രതിസന്ധിയിലാണ്.  നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഊരാക്കുടുക്കുകൾക്കുപുറമെ കാർഷികോല്പന്നങ്ങളുടെയും ഭൂമിയുടെയും വിലയിടിവും, നെൽകർഷകരുടെയും തീരദേശജനതയുടെയും ജീവിത പ്രശ്‌നങ്ങളും സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്കുള്ള പരിഹാര നിർദ്ദേശങ്ങളില്ലാതെ നയപ്രഖ്യാപനത്തിൽ സർക്കാർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടിയിരിക്കുന്നു.

നിയമസഭാ ബഹിഷ്‌കരണത്തിലൂടെ പ്രതിഷേധമറിയിക്കുന്ന പ്രതിപക്ഷ എംഎൽഎമാരുടെ സമരമുറ കാലഹരണപ്പെട്ടതാണ്.  അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളിൽ ബഹിഷ്‌കരണമല്ല, മറിച്ച് നിയമസഭയ്ക്കുള്ളിൽ തന്നെയുള്ള മാന്യമായ എതിർപ്പുകളാണ് പ്രകടിപ്പിക്കേണ്ടത്.  നിയമസഭാ ബഹിഷ്‌കരണത്തിലൂടെ തെരഞ്ഞെടുത്തുവിട്ട ജനസമൂഹത്തെ ജനപ്രതിനിധികൾ അപമാനിക്കുകയാണ്.  നിയമസഭയുടെ പവിത്രതയും മാന്യതയും കാത്തുസൂക്ഷിച്ച് പ്രവർത്തിക്കാനും പ്രതികരിക്കാനുമുള്ള ഉത്തരവാദിത്വവും കടമയും ജനപ്രതിനിധികൾ വിസ്മരിക്കരുതെന്ന് ഇൻഫാം ചൂണ്ടിക്കാട്ടി.

ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്ജ്, അഡ്വ.പി.എസ്.മൈക്കിൾ, കെ.മൈയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ.ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ്.മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.