തിരുവനന്തപുരം: തനിക്കുള്ള അധികാരമാണ് ഗവർണ്ണർ പി സദാശിവം ഉപയോഗിക്കുന്നത്. സർവ്വകലാശാലകളുടെ പരമാധികാരം ഗവർണ്ണറിലുമാണ്. എന്നാൽ ഗവർണ്ണർ ഇങ്ങനെ അധികാരം പ്രയോഗിക്കുന്നത് സർക്കാരിന് തലവേദനയും. അതുകൊണ്ട് പരസ്യമായി തന്നെ സദാശിവത്തിന്റെ നടപടികളെ സർക്കാരും കോൺഗ്രസും എതിർക്കും. എന്തുണ്ടായാലും തന്റെ അധികാരം വിനിയോഗിക്കുമെന്ന് സദാശിവവും അടുത്ത വൃത്തങ്ങളെ അറിയിച്ചു.

ഗവർണർ പദവിയെയും ചാൻസലർ പദവിയെയും രണ്ടായി കാണണമെന്നാണ് ഗവർണറെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു കേസിൽ ഗവർണർ പദവിയും ചാൻസലർ പദവിയും രണ്ടായി കാണണമെന്ന് കോടതി വിധിയുമുണ്ട്. അതിനാൽ നിയമപരമായി ഗവർണ്ണറുടെ നടപടിയിൽ ഒരു തെറ്റുമില്ല. എന്നാൽ പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത് ഗവർണ്ണർ പദവിക്ക് ചേർന്നതല്ലെന്നാണ് വിമർശനം. ഏതായാലും സർക്കാരും ഭരണമുന്നണിയും ഗവർണ്ണർക്കെതിരെ ശക്തായി തന്നെ പ്രതികരിക്കും. ഇടതുമുന്നണിയും ഗവർണ്ണറെ അനുകൂലിക്കില്ല.

വിദ്യാർത്ഥികളുടെയും നാടിന്റെയും ഭാവിക്ക് വേണ്ടി സർവകലാശാലകളുടെ ഭരണംസുഗമമാക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും സർക്കാരിന്റെ അധികാരം കവരേണ്ട കാര്യം തനിക്കില്ലെന്നും ഗവർണർ വ്യക്തമാക്കുന്നു. അതിനിടെ ഉത്തർപ്രദേശ് മോഡലാണ് പിന്തുടരുന്നതെന്നും ഗവർണ്ണർ വ്യക്തമാക്കി കഴിഞ്ഞു. പുതുമയൊന്നും തന്റെ നടപടികളിൽ ഇല്ലെന്നാണ് വിശദീകരണം. ആകെയുള്ള 62 സർവകലാശാലകളിലേയും വി സിമാരെ മൂന്നുമാസത്തിലൊരിക്കൽ വിളിച്ചുചേർത്ത് ഭരണംസുഗമമാക്കുന്ന ഉത്തർപ്രദേശ് ഗവർണറുടെ മാതൃകയാണ് താൻ പിന്തുടരുന്നതെന്ന് വി സിമാരെ ഗവർണർ പി.സദാശിവം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിവാദങ്ങളെ കാര്യമാക്കേണ്ടതില്ലെന്നാണ് രാജ്ഭവന്റെ വിശദീകരണം.

ചാൻസലേഴ്‌സ് കൗൺസിൽ ഭരണഘടനാപരമായി രൂപീകരിക്കുന്നതോ നിയമസാധുതയുള്ളതോ ഉള്ള കമ്മറ്റിയല്ല. ഉപദേശകസമിതിയെന്ന നിലയിലാണ് രൂപീകരിച്ചത്. മിക്ക സർവകലാശാലകളിലും പരീക്ഷാഫലം പ്രസിദ്ധീകരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സിൻഡിക്കേറ്റ് ചേരാത്തതിനാൽ ബിരുദം നൽകാനാവാത്ത സാഹചര്യമുണ്ട് . ഇതിന് മാറ്റമുണ്ടാകണം. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. ഇവ ഒഴിവാക്കാനാണ് ഇടപെടലെന്നും ഗവർണ്ണർ വ്യക്തമാക്കുന്നു.

ചാൻസലർക്ക് നിയമപ്രകാരം എപ്പോൾവേണമെങ്കിലും അവലോകനത്തിനും പരിശോധനയ്ക്കുമുള്ള അധികാരമുണ്ട്. സർവകലാശാലയിലെ ഏത് രേഖയും വിളിച്ചുവരുത്താം, റദ്ദാക്കാം. വൈസ്ചാൻസലർ ഒഴികെയുള്ള ഉദ്യോഗസ്ഥരെല്ലാം സിൻഡിക്കേറ്റിന് താഴെയാണ്. പക്ഷേ സിൻഡിക്കേറ്റ് തീരുമാനങ്ങൾ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെങ്കിൽ ചാൻസലർക്ക് റദ്ദാക്കാം. വി സി, പി. വിസി, സിൻഡിക്കേറ്റ് എന്നിവയുടെ നിയമനഅധികാരിയും ചാൻസലർതന്നെ. ആക്ടും സ്റ്റാറ്റിയൂട്ടും അനുശാസിക്കുന്ന ചുമതലകൾ നിർവഹിക്കുക മാത്രമല്ല, അധികാരങ്ങൾ യഥാസമയം വിനിയോഗിക്കുകയും ചാൻസലറുടെ ഉത്തരവാദിത്തമാണെന്നും രാജ്ഭവൻ വിശദീകരിക്കുന്നു.

കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസ്സൻ ഗവർണറെ വിമർശിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്നാണ് സുചന. മന്ത്രിസഭാ യോഗത്തിന് ശേഷം ഗവർണറുടെ നടപടിയെക്കുറിച്ച് 'നോ കമന്റ് ' എന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. തനിക്ക് പറയാൻ കഴിയുന്നതല്ലേ പറയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. അതിനാൽ മുഖ്യമന്ത്രിക്ക് പരസ്യമായി പറയാൻ കഴിയാത്ത കാര്യങ്ങൾ പാർട്ടി വക്താവായ ഹസൻ വ്യക്തമാക്കിയെന്നും സൂചനയുണ്ട്. സർക്കാരിനെയും സർവ്വകലാശാലകളിലെ ജനകീയ ഭരണസമിതികളെയും മറികടക്കാൻ ഗവർണർ ശ്രമിക്കുന്നു എന്ന ആരോപണമാണ് ഉയർത്തുന്നത്.

ഗവർണർ നേരിട്ട് സർവ്വകലാശാലകൾ ഭരിക്കാൻ തുടങ്ങിയാൽ നിയന്ത്രണം നഷ്ടപ്പെടുമോ എന്ന ഭയം സർക്കാരിനും രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഉണ്ട്. സദാശിവം അധികാരമേറ്റശേഷം രണ്ടു സർവ്വകലാശാലകളിലെ വി സി നിയമനങ്ങളിൽ സർക്കാരിന്റെ അഭിപ്രായം തള്ളിക്കളഞ്ഞു. സിൻഡിക്കേറ്റ് , സെനറ്റ് അംഗങ്ങളുടെ പട്ടിക അയക്കുമ്പോഴും അവയിലൊക്കെ ഗവർണർ തിരുത്തൽ വരുത്തുമെന്നും സർക്കാരിന് ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് ഗവർണ്ണറെ കടന്നാക്രമിക്കുന്നത്. എന്നാൽ എന്ത് വന്നാലും സർവ്വകലാശാലകളെ നേരിട്ട് ശുദ്ധീകരിക്കുമെന്ന ഉറച്ച നിലപാടിലാണ് ഗവർണ്ണർ.