തിരുവനന്തപുരം: പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 85 ലക്ഷം രൂപയാണ് വില. ഏതാനും മാസം മുമ്പാണ് ഗവർണർ ഈ ആവശ്യം ഉന്നയിച്ച് സർക്കാരിന് കത്ത് നൽകിയത്. നിലവിൽ ഉപയോഗിക്കുന്ന ബെൻസ് കാർ 10 വർഷം കഴിഞ്ഞതായി ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് പുതിയ ബെൻസ് വാങ്ങണമെന്ന ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. അന്തിമ അനുമതിക്കായി ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അംഗീകരിച്ച് ഒപ്പിട്ടാൽ 85 ലക്ഷത്തിന്റെ പുതിയ ബെൻസ് ഗവർണറെ തേടിയെത്തും.

ഇതോടെ പേഴ്‌സണൽ സ്റ്റാഫ് വിവാദത്തിലെ കടുംപിടിത്തവും ഗവർണ്ണർ അവസാനിപ്പിക്കുമെന്നാണ് വിലയിരുത്തൽ. മന്ത്രിമാരുടെ പെഴ്‌സണൽ സ്റ്റാഫിന്റെ നിയമനത്തിനെതിരെ രംഗത്തുവന്ന ഗവർണർ അവർക്ക് രണ്ടുവർഷം കഴിഞ്ഞാലുടൻ പെൻഷൻ എന്ന വ്യവസ്ഥയ്‌ക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിക്കുന്നത് തുടരുകയാണ്. ഈ തീരുമാനം പിൻവലിക്കാതെ തന്റെ ഭരണഘടനാ ഉത്തരവാദിത്വമായ നയപ്രഖ്യാപന പ്രസംഗം നടത്തില്ലെന്നുപോലും മുഖ്യമന്ത്രി പിണറായി വിജയനെയും ചീഫ് സെക്രട്ടറി വി.പി. ജോയിയെയും രാജ്ഭവനിൽ വിളിച്ചുവരുത്തി അറിയിച്ചതു സംബന്ധിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.

നേരത്തെ ഹരി എസ് കർത്തയെ പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിച്ചിരുന്നു. ഇതിന് പിന്നാലെ ഫോട്ടോഗ്രാഫർക്കും സ്ഥിര നിയമനം രാജ്ഭവനിൽ നൽകി. ഇതെല്ലാം വിവാദമായി. ഇതിന് പിന്നാലെയാണ് ബെൻസ് വേണമെന്ന ആവശ്യം. ഇതും മുഖ്യമന്ത്രി അംഗീകരിച്ചേക്കും. തൽകാലം ഗവർണ്ണറുമായി പോരിനില്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ഗവർണ്ണറുടെ കാർ വാങ്ങൽ മെട്രോ വാർത്തയാണ് റിപ്പോർട്ട ്‌ചെയ്തത്. മുതിർന്ന മാധ്യമ പ്രവർത്തകനായ എംബി സന്തോഷിന്റെ ഈ വാർത്ത രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയ്ക്ക് വഴിവയ്ക്കും.

അതേസമയം, ഗവർണറുടെ രാജ്ഭവനിലെ 158 നിയമനങ്ങളിലേറെയും പിഎസ്‌സിയോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖേനയോ അല്ല നടത്തിയത്. രാജ്ഭവനിൽ കാലാകാലങ്ങളിൽ വരുന്ന ഗവർണർമാരെ സ്വാധീനിച്ച് നിയമനം നേടിയവരാണ് കൂടുതലും. വളരെക്കുറച്ചുപേരാണ് ഡെപ്യുട്ടേഷനിലുള്ളത്. ഇവിടെ നിയമിതരായവരുടെ ബന്ധുക്കളായവരാണ് നിലവിലുള്ളവരിൽ വലിയൊരു ശതമാനം. ആശ്രിത നിയമനം എന്ന വകുപ്പ് ദുരുപയോഗം നടത്തിയിട്ടുമുണ്ട്.

ബന്ധുക്കളല്ലാത്തവരെ ഇങ്ങനെ നിയമിച്ചതിനെക്കുറിച്ച് ആർ.എസ്. ഗവായ് ഗവർണറായിരുന്നപ്പോൾ സെക്രട്ടറിയായിരുന്ന എ. അജിത് കുമാർ ചെയർമാനും റിട്ട.ധന അഡീഷണൽ സെക്രട്ടറി കെ.ജി. സുകുമാരപിള്ളയും സംസ്ഥാന സർക്കാരിന്റെ സീനിയർ ഫിനാൻസ് ഓഫീസറായിരുന്ന പി.കെ. രാജേന്ദ്രനാഥൻനായരും അംഗങ്ങളുമായ സമിതി റിപ്പോർട്ട് നൽകിയിട്ട് 10 വർഷത്തിലേറെയായെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. രാജ്ഭവനിലെ ക്വാട്ടേഴ്‌സുകളിലും വർഷങ്ങളായി താമസിക്കുന്നവരുണ്ടെന്നാണ് സൂചന.

രാജ്ഭവനിൽ ജോലിക്ക് കയറുന്നവർ ഈ ക്വാട്ടേഴ്‌സിൽ താമസിക്കും. അവർ വിരമിക്കുന്ന കാലമാകുമ്പോൾ അടുത്ത തലമുറയ്ക്ക് ജോലി വാങ്ങി നൽകും. അങ്ങനെ ആ ക്വാട്ടേഴ്‌സ് ഫലത്തിൽ കുടുംബ സ്വത്ത് പോലെയാകും. ഈ വസ്തുതകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.