- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോപിനാഥ് രവീന്ദ്രൻ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും നാലുവർഷത്തേക്ക് കൂടി അദ്ദേഹത്തെ വിസിയാക്കിയാൽ അത് മെച്ചമാകുമെന്നും കത്ത്; 61 വയസ്സിലെ നിയമപ്രശ്നം മറികടക്കാൻ നിയമോപദേശവും; ഗവർണ്ണറെ ചൊടിപ്പിച്ചത് മന്ത്രി ബിന്ദുവിന്റെ കത്തോ? സർവ്വകലാശാല വിവാദം തുടരുമ്പോൾ
തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലിനെതിരേ ഗവർണർ പ്രതികരിക്കുമ്പോൾ വെട്ടിലായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. തെളിവുകൾ പലതും ഉണ്ട്. എന്നാൽ ഇതൊന്നും ഗവർണ്ണർ പുറത്തു വിട്ടില്ല. എന്നാൽ കുറ്റപ്പെടുത്തലുകൾ തുടർന്നാൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അതിന് തയ്യാറായേക്കും. ഇത് സർക്കാരിനേയും വെട്ടിലാക്കും.
കണ്ണൂർ സർവകലാശാലാ വിസിയുടെ പുനർനിയമനത്തിനായി തന്നെ സമ്മർദത്തിലാക്കി ഒപ്പിടുവിക്കുകയായിരുന്നുവെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. സംഘർഷം ഒഴിവാക്കാനും പൗരത്വ നിയമ സമരകാലത്തേതുപോലെയുള്ള 'റസിഡന്റ്' ആക്ഷേപം ഒഴിവാക്കാനുമാണ് അങ്ങനെ ചെയ്തത്. ചാൻസലർ പദവി ഒഴിയുന്നു എന്നതടക്കം നേരത്തേ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ ആവർത്തിച്ചു. ഇതിനിടെയാണ് പുതിയ വിവാദങ്ങളും എത്തുന്നത്.
കണ്ണൂർ സർവകലാശാലാ വി സി. നിയമനമായിരുന്നു പ്രതിസന്ധിക്ക് കാരണം. ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വി സി.യായി നിയമിക്കണമെന്ന നിർദ്ദേശം ഉയർന്നത് എവിടെനിന്നാണെന്ന ചോദ്യം ഇതിനിടെ ഉയരുന്നു. രാജ്ഭവനോട് വിവരാവകാശനിയമപ്രകാരം ഇക്കാര്യം ചോദിച്ച സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിക്ക് ലഭിച്ച മറുപടി 'സർക്കാരിനോട് ചോദിക്കൂ' എന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടിയാകട്ടെ, സംസ്ഥാനസർക്കാർ ചാൻസലർക്ക് കത്ത് നൽകിയിട്ടില്ലെന്നാണ്. ഇതാണ് ദുരൂഹമായി മാറുന്നത്.
കണ്ണൂർ വി സി.യുടെ കാലാവധി കഴിയുംമുമ്പ് പുതിയ വി സി.യെ കണ്ടെത്താൻ സെർച്ച് കമ്മിറ്റിയെ നിയമിച്ചിരുന്നു. എന്നാൽ, അപേക്ഷകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ കമ്മിറ്റിയെ പിരിച്ചുവിട്ട് നിലവിലെ വി സി.ക്കുതന്നെ പുനർനിയമനം നൽകുകയായിരുന്നു. വി സി. നിയമനത്തിന് 60 വയസ്സ് പൂർത്തിയാകാൻ പാടില്ലെന്ന യുജിസി. മാർഗനിർദ്ദേശം നിലനിൽക്കെയാണ് 61 വയസ്സുകാരനായ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. ഇതിനുള്ള കത്ത് നൽകിയത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണെന്നാണ് ഉയരുന്ന സംശയം.
മന്ത്രി ബിന്ദുവിന്റെ ലെറ്റർ ഹെഡിൽത്തന്നെയാണ് ഗവർണർക്ക് കത്ത് നൽകിയതെന്നാണ് വിവരമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. നാലുവർഷമായി വി സി.യായിരുന്ന ഗോപിനാഥ് രവീന്ദ്രൻ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും അടുത്ത നാലുവർഷത്തേക്ക് അദ്ദേഹത്തെത്തന്നെ വി സി.യായി നിയമിച്ചാൽ സർവകലാശാലയ്ക്ക് അത് മെച്ചമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 61 വയസ്സുകാരനെ നിയമിക്കുന്നതിലെ നിയമപ്രശ്നം മറികടക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശംകൂടി ഉൾപ്പെടുത്തിയാണ് മന്ത്രി കത്ത് നൽകിയതെന്നാണ് വിവരം.
ആഡ്വക്കേറ്റ് ജനറലിന്റെ കത്തിനെ കുറിച്ച് ഗവർണ്ണർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിസിയെ നിയമിച്ചത് ഗവർണ്ണറാണെന്ന് മുഖ്യമന്ത്രി പറയുന്നു. സമ്മർദ്ദം ചെലുത്തിയില്ലെന്നും കൂട്ടിചേർത്തു. സമ്മർദ്ദം ചെലുത്താനായിരുന്നില്ലേ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തന്നതെന്ന് ഗവർണ്ണറും തിരിച്ചു ചോദിച്ചു. ഇതിനിടെയാണ് കത്ത് എഴുതിയത് മന്ത്രിയാണെന്ന സൂചനകൾ പുറത്തു വരുന്നത്. ഒക്ടോബർ 27-ലെ വിജ്ഞാപനപ്രകാരമാണ് കണ്ണൂർ വി സി.യെ കണ്ടെത്താൻ കമ്മിറ്റിയെ നിയോഗിച്ചത്. സെനറ്റ് നോമിനിയായി ഡോ. ബി. ഇക്ബാൽ, യുജിസി. നോമിനിയായി ഡോ. തിമ്മ ഗൗഡ, ചാൻസലറുടെ നോമിനിയായി ഡോ. വി.കെ. രവീന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.
കണ്ണൂർ വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയായി ഉൾപ്പെടുത്തേണ്ടയാളുടെ പേര് സർക്കാർ നൽകുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞതായി ഗവർണർ വെളിപ്പെടുത്തി കഴിഞ്ഞു. നിലവിലെ പ്രശ്നങ്ങളിൽ മന്ത്രി ഇടപെട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. ഇതും കത്തുമായി ബന്ധമുണ്ടെന്നാണ് സൂചന.
യുജിസി, ചാൻസലർ, സർവകലാശാലാ സിൻഡിക്കറ്റ് എന്നിവയുടെ ഓരോ നോമിനികളാണു പൊതുവേ സേർച് കമ്മിറ്റിയിൽ ഉണ്ടാകുക. ചാൻസലറുടെ നോമിനിയെ സർക്കാർ ശുപാർശ ചെയ്യുന്നതാണു കീഴ്വഴക്കമെന്നും അതുകൊണ്ടു തന്നെ പേര് സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നു താൻ മറുപടി നൽകി. അങ്ങനെയൊന്നുണ്ടെങ്കിൽ തന്നെ അത് ഇല്ലാതാക്കേണ്ടതുണ്ടെന്നും പറഞ്ഞു.
എന്നാൽ വിവാദങ്ങളോട് ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബിന്ദു പ്രതികരിച്ചിട്ടില്ല. ഒന്നും പറയാനില്ല. സർക്കാർ തലത്തിൽ ചർച്ച ചെയ്തു മറുപടി പറയേണ്ട കാര്യമാണെന്നാണ് അവരുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ