- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രോട്ടോകോളിൽ ബെൻസ് വേണം; എന്നിട്ടും ഭാര്യയ്ക്ക് അനുവദിച്ച ഇന്നോവയിൽ സഞ്ചരിക്കുന്ന ഗവർണ്ണർ; കാറിന് വേണ്ടി ഗവർണ്ണർ വാശിപിടിച്ചെന്നത് പച്ചക്കള്ളം രാജ്ഭവൻ; ബെൻസ് വിവാദം ഗവർണ്ണറെ അപമാനിക്കാൻ ഉണ്ടാക്കിയെടുത്തതോ? ആരിഫ് മുഹമ്മദ് ഖാൻ തുറന്നു പറയുമ്പോൾ
തിരുവനന്തപുരം: ആ ബെൻസ് കാർ വിവാദം ഗവർണ്ണറെ ആപമാനിക്കാൻ ഉണ്ടാക്കിയെടുത്തതോ? ഗവർണ്ണർ 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ടുവെന്ന തരത്തിലായിരുന്നു വാർത്തകളെത്തിയത്. ഇതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണവുമായി എത്തി. ഇതോടെയാണ് വിവാദത്തിൽ ഗവർണ്ണർക്ക് പങ്കില്ലെന്ന് വ്യക്തമായത്. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണ്ണറെ പ്രകോപിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നാണ്ഇപ്പോൾ ലഭിക്കുന്ന സൂചന.
അതിനിടെ ഗവർണ്ണർക്ക് പുതിയ ബെൻസ് കാർ വാങ്ങാൻ സർക്കാർ 85 ലക്ഷം രൂപ അനുവദിച്ചു. തുക രാജ്ഭവനു കൈമാറിയതിനെ തുടർന്നു വാഹനത്തിന് ഓർഡർ നൽകി. വൈകാതെ പുതിയ കാർ എത്തും. എം.ഒ.എച്ച്. ഫാറൂഖ് ഗവർണറായിരുന്നപ്പോൾ വാങ്ങിയ പഴയ ബെൻസ് കാർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിലോമീറ്റർ ഓടിയപ്പോൾ സുരക്ഷാ കാരണങ്ങളാൽ കാർ മാറ്റണമെന്നു മരാമത്ത് വകുപ്പ് എൻജിനീയർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
പി.സദാശിവം ഗവർണർ ആയിരുന്ന കാലത്തു പുതിയ കാറിനുള്ള ഫയൽ തുറന്നു. ഇപ്പോഴത്തെ ഗവർണർ 2 വർഷം മുൻപ് ചുമതലയേറ്റപ്പോൾ പുതിയ കാറിനു വേണ്ടി സർക്കാരിലേക്ക് എഴുതി. എന്നാൽ ഇത് ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമായിരുന്നില്ല. മറിച്ച് രാജ്ഭവനിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് നടപടികൾ എടുത്തത്. പ്രോട്ടോകോൾ പ്രകാരമായിരുന്നു നടപടികൾ എല്ലാം. എന്നാൽ ഗവർണ്ണർ ബെൻസിന് വേണ്ടി പിടിവാശി പിടിക്കുന്നുവെന്ന തരത്തിലായിരുന്നു ആദ്യ വാർത്തകൾ.
ഗവർണറുടെ ഔദ്യോഗിക കാർ ബെൻസ് ആയതിനാൽ അതേ കാർ തന്നെ വാങ്ങാൻ കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകുകയായിരുന്നു. ഗവർണറുടെ ബെൻസ് കാർ ഇതിനകം ഒന്നര ലക്ഷം കിലോമീറ്റർ ഓടിക്കഴിഞ്ഞു. ദൂരയാത്രയ്ക്ക് ഇതിനെ ആശ്രയിക്കാൻ സാധിക്കാത്തതിനാൽ പലപ്പോഴും ഇന്നോവയിലാണ് ഗവർണറുടെ സഞ്ചാരം. രാജ്ഭവനിൽ ടൊയോട്ട കാമ്രി കാർ ഉണ്ടെങ്കിലും അതും പഴഞ്ചനാണ്.
പുതിയ ബെൻസ് കാർ വേണമെന്നു കേരള സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പുതിയ കാർ ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയലിൽ താൻ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരുവർഷമായി ഉപയോഗിക്കുന്നതു ഭാര്യയ്ക്കനുവദിച്ച വാഹനമാണ്. ഏതു വാഹനം വേണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനു തീരുമാനമെടുക്കാമെന്നും ഗവർണർ പറഞ്ഞു.
ഗവർണർക്ക് യാത്രചെയ്യാൻ ആഡംബരക്കാർ വാങ്ങാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച ഫയൽ താൻ പരിശോധിക്കുകയോ അനുമതിനൽകുകയോ ചെയ്തിട്ടുമില്ല. രാജ്ഭവനിൽ ഇപ്പോഴുള്ള വാഹനങ്ങളിൽ താൻ സന്തുഷ്ടനാണെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞവർഷം കാറുമായി ബന്ധപ്പെട്ട ഒരു ഫയൽ തന്റെയടുത്തുവന്നു. രാജ്ഭവനിൽ വാഹനങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഫയൽ നൽകിയത്. ഗവർണറുടെ കാറിന്റെ കാലാവധി താൻ കേരളത്തിൽ എത്തുന്നതിന് 6-8 മാസങ്ങൾക്കുമുമ്പുതന്നെ അവസാനിച്ചെന്നും പുതിയ കാറിനായി സർക്കാരിന് കത്തെഴുതാൻ അനുമതിവേണമെന്നുമായിരുന്നു ഫയലിൽ പറഞ്ഞിരുന്നത്.
എന്നാൽ, തനിക്ക് പുതിയ കാർ വേണ്ടെന്ന് ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാൽ, നിലവിലുള്ള കാർ ഓടിക്കുന്നത് അപകടമാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടെങ്കിൽ പുതിയ കാറിനായി അവർക്ക് സംസ്ഥാനസർക്കാരിന് കത്തെഴുതാമെന്നും നിർദ്ദേശിച്ചെന്ന് ഗവർണർ പറഞ്ഞു. ഒരു വർഷമായി ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ് ഈ കാർ ഉപയോഗിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുതിയ വാഹനം വാങ്ങാൻ ഫയൽ എത്തിയപ്പോൾ താൻ ഉടൻ അതിന് അനുമതിനൽകി. ഈ ഫയലിനൊപ്പം ഗവർണറുടെ പുതിയ വാഹനത്തിനുള്ള ഫയലും അയക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ താൻ തടഞ്ഞു -ഗവർണർ കൂട്ടിച്ചേർത്തു.
മെക്കാനിക്കൽ എൻജിനിയർ വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വി.ഐ.പി. പ്രോട്ടോക്കോൾ പ്രകാരം വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നരലക്ഷം കിലോമീറ്റർ ഓടി.
മറുനാടന് മലയാളി ബ്യൂറോ