പത്തനംതിട്ട: ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്‌പെക്ടറെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് പിൻവലിക്കാൻ സർക്കാർ കോടതിയിൽ അപേക്ഷ നൽകി. റാന്നി സിഐയായിരുന്ന കെ എ വിദ്യാധരനെ വധിക്കാൻ ശ്രമിച്ച കേസാണ് പിൻവലിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാക്കളായിരുന്നു കേസിലെ പ്രതികൾ. തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാധരൻ സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ വർഷങ്ങൾ എടുത്തു. ഇപ്പോഴും ഇദ്ദേഹം സംസാരിക്കുമ്പോൾ തലയ്‌ക്കേറ്റ പരുക്ക് സമ്മാനിച്ച വൈകല്യം തിരിച്ചറിയാൻ കഴിയും.

പുതുവൽസര ആഘോഷങ്ങളുടെ മറവിൽ ആസൂത്രിതമായിട്ടാണ് സിഐയുടെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. അന്നത്തെ റാന്നി എസ്‌ഐയായിരുന്ന ദിലീപ് ഖാന് ഇതിൽ പങ്കുണ്ടായിരുന്നുവെന്ന തരത്തിലും വാർത്തകൾ പിന്നീട് പ്രചരിച്ചിരുന്നു. 2010 ജനുവരി ഒന്നിന് പുലർച്ചെ ഒന്നരയോടെ റാന്നി ബ്ലോക്കുപടിക്ക് സമീപം കുത്തുകല്ലുങ്കൽപ്പടിയിലായിരുന്നു സംഭവം. പുതുവർഷ ആഘോഷം അതിരു വിട്ടുവെന്ന് പറഞ്ഞ് എസ്‌ഐ ദിലീപ്ഖാൻ സിഐ വിദ്യാധരനെ അവിടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അക്രമിസംഘം കരിങ്കല്ലു കൊണ്ട് സിഐയുടെ തലയിൽ അടിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഏറെനാൾ ചികിത്സിച്ചതിന് ശേഷമാണ് വിദ്യാധരന് ബോധം തിരിച്ചു കിട്ടിയത്. തലയ്ക്ക് ഏറ്റ പരുക്കിന്റെ കാഠിന്യം കാരണം സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്താനും ഏറെ സമയം എടുത്തു.

ഡിവൈഎഫ് ഐ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയായിരുന്ന റാന്നി വൈക്കം കിഴക്കേക്കര പി.കെ. ബിനു (39), തെക്കേപ്പുറം കോട്ടയ്ക്കൽ വീട്ടിൽ എകെ മനു(22), വൈക്കം മൂഴിക്കൽ കുര്യൻ (മാമ്മൻ-30), നെല്ലിമൂട്ടിൽ ടിന്റു ചാണ്ടി(20), തോമ്പുമണ്ണിൽ ജാനറ്റ് ജയിംസ്(30), വടക്കേടത്ത് ദയാൽ (24) എന്നിവരായിരുന്നു പ്രതികൾ. പൊലിസ് അറസ്റ്റ് ചെയ്ത പ്രതികളെ മാരകമായി കസ്റ്റഡിയിൽ മർദിച്ചെന്നും കള്ളക്കേസ് എടുത്തുവെന്നും പിന്നീട് ആരോപണമുണ്ടായിരുന്നു. അഡി. ജില്ലാ സെഷൻസ് കോടതി-മൂന്നിലാണ് കേസ് ഇപ്പോഴുള്ളത്.

ഇവിടെയാണ് സർക്കാർ പിൻവലിക്കാൻ അപേക്ഷ നൽകിയിരിക്കുന്നതും. പാർട്ടി നോമിനിയായിട്ടാണ് വിദ്യാധരൻ ഇപ്പോൾ തിരുവല്ലയിൽ സേവനം അനുഷ്ഠിക്കുന്നത്. ഏറെ താമസിയാതെ തന്നെ പ്രമോഷനും ഉണ്ടാകും. നേരത്തേ പല തവണ കേസ് പിൻവലിക്കാൻ വിദ്യാധരന് മേൽ സമ്മർദം ഉണ്ടായിരുന്നു. അന്ന് അദ്ദേഹം വഴങ്ങിയിട്ടില്ല. ഇപ്പോൾ വിചാരണ തുടങ്ങാൻ ഇരിക്കേയാണ് സർക്കാർ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. കേസ് പിൻവലിക്കാനായി അടുത്ത സമയത്തൊന്നും തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് കോടതിയിൽ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നുമാണ് സിഐ പറയുന്നത്.