- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴക്കടൽ മത്സബന്ധന പദ്ധതി; 5000 കോടിയുടെ ധാരണപത്രവും റദ്ദാക്കി സർക്കാർ; വിവാദങ്ങൾക്ക് പിന്നാലെ റദ്ദാക്കിയത് കെഎസ്ഐഡിസി എംഡിയും ഇഎംസിസി പ്രതിനിധിയും ഒപ്പിട്ട ആദ്യ ധാരണപത്രം
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് കെഎസ്ഐഡിസി-ഇഎംസിസി ധാരണപത്രവും വിവാദങ്ങളെ തുടർന്ന് സർക്കാർ റദ്ദാക്കി. 5000 കോടിയുടെ ധാരണപത്രമാണ് റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശിച്ചതനുസരിച്ചാണ് നടപടി.
അസൻഡ് നിക്ഷേപ സംഗമത്തിൽ കെഎസ്ഐഡിസി എംഡി രാജമാണിക്യവും ഇഎംസിസി പ്രതിനിധിയും ഒപ്പിട്ട ആദ്യ ധാരണപത്രമാണ് ഇപ്പോൾ റദ്ദാക്കിയത്.
ഇഎംസിസി ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് സാങ്കേതിക പരിജ്ഞാനങ്ങൾ നൽകുന്നതിനുമായി 2020 ഫെബ്രുവരി 28നാണ് ഈ ധാരണപത്രത്തിൽ ഒപ്പുവെച്ചിരുന്നത്.
ആറുമാസം കഴിഞ്ഞാൽ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.
കരാർ സംബന്ധിച്ച് വലിയ വിവാദം ഉയർന്നതോടെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഇഎംസിസിയുമായുണ്ടാക്കിയ 2950 കോടിയുടെ ധാരണപത്രവും നേരത്തെ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ ആദ്യ ധാരണപത്രവും റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കമ്പനിയെക്കുറിച്ച് സർക്കാരിന് മികച്ച അഭിപ്രായമില്ല. കമ്പനിയെപറ്റി മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ അയച്ച കത്ത് താൻ കണ്ടിട്ടില്ല. സർക്കാരിന്റെ അനുമതിയില്ലാതെ പൊതുമേഖലാസ്ഥാപനം വിദേശകമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതിന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്ന് മന്ത്രി പറഞ്ഞു.
ജനുവരി 27ന് പ്രതിപക്ഷനേതാവിന്റെ ജാഥ തുടങ്ങിയ ശേഷം ഫെബ്രുവരി രണ്ടിന് ധാരണപാത്രം ഒപ്പുവച്ചതിന് എന്താണ് അർത്ഥം. അതിനാലാണ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. വിവാദത്തിന്റെ പേരിൽ താൻ രാജിവയ്ക്കണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യവും മേഴ്സിക്കുട്ടിയമ്മ തള്ളി.
'എന്തിനാണ് രമേശ് ചെന്നിത്തല നിരന്തരം നുണ പറയുന്നത്. ഒരു ഗീബൽസാകാൻ തയ്യാറെടുക്കുകയാണോ എന്നെനിക്കറിയില്ല. പ്രതിപക്ഷ നേതാവിന്റെ ആശയ പാപ്പരത്തം നിർഭാഗ്യകരമാണ്. മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ പ്രതിപക്ഷത്തിന് എന്ത് അർഹതയാണ് ഉള്ളത്.
ഇവരുടെ കാലത്ത് കടലേറ്റത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചത് ഇടതുപക്ഷ സർക്കാരാണ്. ഇപ്പോഴവർ ഫൽറ്റുകളിൽ എ.സി.വച്ച് താമസിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് കേരള സർക്കാരിനെ നന്നായി അറിയാം. പ്രതിപക്ഷം ഇരുട്ടിൽ തപ്പുകയാണ്. അത് കേരളത്തിൽ വിലപോവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ