- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ വാക്കുകൾക്ക് പൊന്നും വില; വൃക്ഷങ്ങളെ പ്രണയിച്ച സർക്കാർ ഉദ്യോഗസ്ഥൻ റോഡരികുകളിലായി നട്ടുവളർത്തിയത് ആയിരക്കണക്കിന് മരങ്ങളും പച്ചക്കറികളും; അയ്യപ്പനെന്ന വൃക്ഷപ്രേമിയെ പരിചയപ്പെടാം..
പാലക്കാട്: അടിയന്തിരാവസ്ഥക്കാലത്തെ ഒരു പെരുമഴക്കാലം. രാത്രി ഒരു പട്ടക്കുടയും ചൂടി റേഷൻകയിൽനിന്ന് അരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഒരു അച്ഛനും മകനും. ഇരുട്ട് വീഴാൻ തുടങ്ങിയ നേരം. മൺപാതയിൽ നിറയെ അങ്ങിങ്ങ് മുളച്ചു പൊന്തിയ മാവിൻതൈകൾ. നടപ്പാതയിൽ മുളച്ചു പൊന്തിയ തൈകൾ ആരെങ്കിലം ചവിട്ടി നശിപ്പിക്കാം. അല്ലെങ്കിൽ കുറച്ചു വളർന്നാൽ
പാലക്കാട്: അടിയന്തിരാവസ്ഥക്കാലത്തെ ഒരു പെരുമഴക്കാലം. രാത്രി ഒരു പട്ടക്കുടയും ചൂടി റേഷൻകയിൽനിന്ന് അരിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഒരു അച്ഛനും മകനും. ഇരുട്ട് വീഴാൻ തുടങ്ങിയ നേരം. മൺപാതയിൽ നിറയെ അങ്ങിങ്ങ് മുളച്ചു പൊന്തിയ മാവിൻതൈകൾ. നടപ്പാതയിൽ മുളച്ചു പൊന്തിയ തൈകൾ ആരെങ്കിലം ചവിട്ടി നശിപ്പിക്കാം. അല്ലെങ്കിൽ കുറച്ചു വളർന്നാൽ തന്നെ മുറിച്ചു മാറ്റേണ്ടി വരും. ഓലക്കുട മകനെ ഏൽപ്പിച്ച് ശക്തമായ മഴയേറ്റു കൊണ്ട് ആ അച്ഛൻ ആ മാവിൻതൈകൾ പാതയോരത്തേക്ക് മാറ്റി കുഴിച്ചിടാൻ തുടങ്ങി. കയ്യിൽ കിട്ടിയ കമ്പ് കൊണ്ട് മണ്ണു കുത്തി കുഴിച്ചാണ് ജോലി. കയ്യിലിരിക്കുന്ന അരി വീട്ടിലെത്തി മൺചട്ടിയിൽ പുകയൂതി കാത്തിരുന്ന് വേവിച്ചാലേ ചോറുണ്ണാൻ കഴിയൂ എന്ന കാര്യം ആ അച്ഛൻ മറന്നു. ചെടികൾ നട്ട് നനഞ്ഞൊലിച്ച് വീട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ കൂടെയുള്ള മകൻ ചോദിച്ചു, അച്ഛൻ കഷ്ടപ്പെട്ട് വഴിയിൽ കുഴിച്ചിട്ട മാവിൻതൈകൾ നമുക്ക് വീട്ടിൽ വച്ചാൽ മതിയായിരുന്നു. എന്നാൽ അത് നമ്മുടേതാകുമായിരുന്നുവല്ലോ....
അതുകേട്ട് ആ അച്ഛൻ പറഞ്ഞ വാക്കുകൾ....നമ്മൾ മരിച്ചു പോയാലും മരം വഴിയിൽ വച്ചാൽ ജനങ്ങൾക്ക് ഗുണം കിട്ടും. നമ്മൾ നമ്മളിലേക്ക് ചുരുങ്ങാതെ പ്രവർത്തിക്കണം. കോളേജിൽ എത്തിയപ്പോഴാണ് ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞ വാക്കുകളുടെ അർത്ഥം വിശാലമായ അർത്ഥത്തിൽ മകന് ഉൾക്കൊള്ളാനായത്. അന്നു രാത്രി മഴനനഞ്ഞ്് നാട്ടുകാർക്കു വേണ്ടി മാവിൻതൈകകൾ നട്ട അച്ഛന്റെ വാക്കുകൾ കോളേജ് പഠനകാലം മുതൽ മകൻ അയ്യപ്പൻ പ്രാവർത്തികമാക്കാൻ തുടങ്ങി.
പാലക്കാട് വിക്‌ടോറിയ കോളേജിൽ പഠിക്കുമ്പോൾ കോളേജിലും കോളേജിനു പുറത്തും ആരുടേയും സഹായമില്ലാതെ മരത്തൈകൾ നട്ടു. ആദ്യമായി ജോലി കിട്ടിയത് പയ്യന്നൂർ നഗരസഭയിലാണ്. 1993 -ൽ ഇവിടെ ജോലി കിട്ടിയ നാൾ മുതൽ നഗരസഭയിൽ വഴിയോരങ്ങളിൽ വ്യക്ഷത്തൈകൾ നടാൻ തുടങ്ങി. അവിടെ ഏകദേശം അഞ്ചു കിലോമീറ്റർ ദൂരം വൃക്ഷത്തൈകൾ നട്ടു. പിന്നീട് വീണ്ടും പാലക്കാട് തന്നെ എത്തി. ഇത്തവണ പാലക്കാട് നഗരസഭയിൽ ജീവനക്കാരനായാണ് എത്തിയത്. നഗരപരിധിയിലെ റോഡരികിൽ വ്യക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിനു പുറമെ അവിടെ ഒരു പള്ളിക്കു സമീപം കിടന്നിരുന്ന മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം അയ്യപ്പൻ ഏറ്റെടുത്ത് പച്ചക്കറി കൃഷിയും തുടങ്ങി. പാലക്കാട് ജോലി ചെയ്ത അത്രയും വർഷങ്ങൾ വൃക്ഷത്തൈകൾ നടുന്നതിനൊപ്പം പച്ചക്കറി കൃഷിയും ചെയ്തു. ഇവിടെ നിന്ന് കിട്ടിയ പച്ചക്കറിയത്രയും സമീപത്തെ യത്തീംഖാനക്ക് സംഭാവന നൽകി. പച്ചക്കറി കൃഷി തുടങ്ങിയ ആദ്യത്തെ വർഷം 101 കിലോ മരച്ചീനി ലഭിച്ചിരുന്നു. കൂടാതെ ചേന, വെണ്ടക്ക, പയർ, കുമ്പളങ്ങ, ചേമ്പ്, പാവക്ക, വഴുതനങ്ങ, വാഴ തുടങ്ങിയവ കൃഷി ചെയ്തു.
ഒറ്റപ്പാലം നഗരസഭയിലേക്ക് മാറിയ ശേഷം മാത്രം മൂവായിരത്തോളം വ്യക്ഷത്തൈകൾ നട്ടു. 2005 -ലാണ് ഒറ്റപ്പാലത്ത് എത്തിയത്. നഗരസഭയിലെ റോഡരികിൽ കിലോമീറ്ററുകളോളം അയ്യപ്പൻ നട്ട മരങ്ങൾ തണൽ വിരിച്ചു നിൽപ്പുണ്ട്. വൃക്ഷത്തൈകൾ നടുന്നതിനും ഒരു കോമ്പിനേഷൻ അയ്യപ്പനുണ്ട്. തടിക്കായി ഉപയോഗിക്കാൻ വീട്ടി, മഹാഗണി, തേക്ക്, തുടങ്ങിയവ വെക്കുമ്പോൾ ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും ഒരെ അനുപാതത്തിൽ നടുന്നുണ്ട്. നഗരത്തിരക്കിൽ പോലും ചെറിയ പക്ഷികളെ ആകർഷിക്കുന്ന ബേർഡ്‌സറി മുതൽ പ്രോട്ടീൻ കൂടുതലുള്ള കോപ്പർകോർട്ട് വരെയുണ്ട്. പട്ട. ഞാവൽ, പുന്ന, ആര്യവേപ്പ്, കണിക്കൊന്ന, അശോകം, മണിമരുത്, കരിമരുത്, നീർമരുത്, വിവിധ തരം മുളകൾ, എല്ലാ നാടൻ മാവുകൾ, പ്ലാവുകൾ, പേരക്ക, രക്തചന്ദനം, കുന്തിരിക്കം, തുടങ്ങി ഒറ്റപ്പാലം നഗരപരിസരത്ത് മാത്രം മൂവായിരത്തോളം മരങ്ങൾ ഇദ്ദേഹം നട്ടിട്ടുണ്ട്.
ഹർത്താൽ, ഞായറാഴ്‌ച്ചകൾ മുതലായവ അയ്യപ്പൻ ആഘോഷിക്കുന്നത് റോഡരികിൽ എവിയെങ്കിലും കിളച്ചു കുഴിയുണ്ടാക്കി തൈ നടാനുള്ള ഒരുക്കത്തിലാവും. ഒരാളെ പോലും സഹായത്തിന് വിളിക്കാതെ എല്ലാ ജോലിയും തനിയെയാണ് ചെയ്യുന്നത്. വ്യക്ഷത്തൈ നട്ടാൽ അതിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതുവരെ കമ്പിക്കൂട് കൊണ്ടു മറച്ച് നിത്യേന വെള്ളം ഒഴിച്ച് പരിപാലിക്കും. ഒഴിവ് ദിവസങ്ങളിൽ ജോലിത്തിരക്കിന് ബുദ്ധിമുട്ടില്ലാതിരിക്കാൻ ആ ദിവസങ്ങളിൽ ഫോൺ ഓഫാക്കി വയ്ക്കും. ഒറ്റപ്പാലം നഗരസഭയിൽ നിന്ന് അടുത്ത പഞ്ചായത്തുകളിലേക്കും ഇദ്ദേഹം വൃക്ഷത്തൈകൾ നടാൻ സ്ഥലം കണ്ടെത്തുന്നുണ്ട്. ഈ രംഗത്തെ സേവനം കണ്ട് വൃക്ഷമിത്ര ഉൾപ്പടെ അഞ്ച് അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഒറ്റപ്പാലത്തിനടുത്ത് വരോട് നാലാമൈലിൽ കൊട്ടേക്കാവ് വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്‌സിലെ ഇൻസ്ട്രക്ടർ പ്രേമയാണ് ഭാര്യ. മകൻ. അഭിജിത്ത്. മകൾ.അഞ്ജലി.