കൊച്ചി: സർക്കാർ ജോലി നൽകാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി ഇ പി ജയരാജനും നന്ദി അറിയിച്ച് മിസ്റ്റർ യൂണിവേഴ്സായ ചിത്തരേശ് നടേശൻ. മിസ്റ്റർ യൂണിവേഴ്സ് പട്ടം ലഭിച്ചിട്ടും സർക്കാർ ജോലി കിട്ടിയില്ലേ എന്ന ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചതായി ചിത്തരേശ് നടേശൻ ഫേസ്‌ബുക്കിൽ കുറിച്ചു.

'ഒരുപാട് പേരുടെ ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചു... അതെ, മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടി കഴിഞ്ഞിട്ടു ഒരു സർക്കാർ ജോലി കിട്ടില്ലേ എന്ന ചോദ്യത്തിന്... പലരും ഈ ചോദ്യം ഉന്നയിച്ചപ്പോൾ വേദനയിൽ ഒതുക്കിയ മൗനത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു എന്റെ മറുപടി... അപ്പോഴും എന്റെ പ്രതീക്ഷ ഇച്ഛാ ശക്തിയുള്ള ഒരു മനുഷ്യന്റെ വാക്ക് ആയിരുന്നു... എനിക്ക് വിശ്വാസമായിരുന്നു സഖാവിനെ... കാരണം അദ്ദേഹം വെറും വാക്ക് പറയാറില്ല.'- മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി ഇ പി ജയരാജനും നന്ദി അറിയിച്ച് കൊണ്ടുള്ള കുറിപ്പിലെ വരികളാണിവ.

2019ൽ ദക്ഷിണകൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചിത്തരേശ് നടേശനെന്ന പേര് കേരളം കേൾക്കുന്നത്. 1967ൽ സാക്ഷാൽ അർണോൾഡ് ഷ്വാസ്നെഗർ നേടിയ ചാംപ്യൻപട്ടം 52 വർഷങ്ങൾക്കിപ്പുറം ചിത്തരേശിന്റെ മസിൽമികവിൽ കേരളത്തിലേയ്ക്കെത്തി.

2015 മുതൽ നാലുവർഷം മിസ്റ്റർ ഡൽഹിയും മിസ്റ്റർ ഇന്ത്യയുമായി ചിത്തരേശ് നടേശൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് മിസ്റ്റർ ഏഷ്യയും മിസ്റ്റർ വേൾഡ് നേട്ടത്തിലുമെത്താനായി.

2010-13 കാലത്ത് കാലിനേറ്റ പരുക്കിനെത്തുടർന്ന് ചിത്തരേശ് ഏറെക്കാലം ആശുപത്രിയിലായി. അസുഖം ബാധിച്ച കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്ന് വരെ ഡോക്ടർ പറഞ്ഞിടത്തുനിന്നാണ് ചിത്തരേശ് മിസ്റ്റർ യൂണിവേഴ്സ് പട്ടം വരെ എത്തിനിൽക്കുന്നത്. അസുഖം ഭേദമായതോടെ പ്രഫഷണൽ ബോഡിബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.