തിരുവനന്തപുരം: കരാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാനത്ത് തുടരുമ്പോഴും സർക്കാർ ജോലിയോട് ആഭിമുഖ്യം പുലർത്തുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ശുപാർശകളാണ് 11-ാം ശമ്പളക്കമ്മിഷനും നൽകിയത്. സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലിനായി പി.എസ്.സി.യിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം 55 ലക്ഷം പിന്നിട്ടു. സമീപകാലത്ത് രജിസ്ട്രേഷനിൽ കാര്യമായ വർധനയുണ്ടാകുന്നതായാണ് പി.എസ്.സി. അധികൃതർ പറയുന്നത്.

കുറഞ്ഞ ശമ്പളം 16,500-ൽ നിന്ന് 23,000 രൂപയാക്കാനും കൂടിയത് 1.20 ലക്ഷത്തിൽ നിന്ന് 1.66 ലക്ഷമാക്കാനുമാണ് കമ്മിഷന്റെ ശുപാർശ. പങ്കാളിത്ത പെൻഷൻ ആരംഭിച്ച 2013 മുതൽ സർക്കാർജോലിയോടുള്ള ആഭിമുഖ്യം യുവാക്കളിൽ കുറഞ്ഞുവരുകയായിരുന്നു. പ്രളയങ്ങൾ പിന്നിട്ട് കോവിഡിലെത്തിയതോടെ സ്വകാര്യമേഖലയിൽ വരുമാനം പ്രതിസന്ധിയുയർത്തി. കൃത്യമായ ഇടവേളകളിലുള്ള ശമ്പളപരിഷ്‌കരണവും വേതനത്തിലുള്ള സുരക്ഷിതത്വവും വീണ്ടും സർക്കാർതൊഴിലുകളിലേക്ക് തിരിയാൻ യുവാക്കളെ പ്രേരിപ്പിക്കുകയാണ്.

വർധിച്ച അപേക്ഷകരിൽനിന്ന് ശാസ്ത്രീയമായ തിരഞ്ഞെടുപ്പിലൂടെ തൊഴിലിന് യോജിച്ചവരെ കണ്ടെത്താൻ പി.എസ്.സി. ബുദ്ധിമുട്ടുകയാണ്. അതിന് പ്രതിവിധിയെന്നനിലയിലാണ് രണ്ടുഘട്ട പരീക്ഷാസമ്പ്രദായം ആരംഭിക്കുന്നത്. അപേക്ഷകർ കൂടുതലുള്ള തസ്തികകൾക്ക് ഒഴിവാക്കൽരീതിയിൽ ആദ്യപരീക്ഷ നടത്തും. വിജയിക്കുന്ന ചെറിയ വിഭാഗത്തിന് തസ്തികയ്ക്ക് യോജിച്ചവിധം ഉയർന്ന നിലവാരത്തിലുള്ള പരീക്ഷ നടത്തും. അതിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നൽകുന്നത്. ഫെബ്രുവരി 20 മുതൽ ഈ പരിഷ്‌കാരം ആരംഭിക്കുകയാണ്.

പി.എസ്.സി. ഈയിടെ പ്രസിദ്ധീകരിച്ച പ്രധാന വിജ്ഞാപനങ്ങളായ എൽ.ഡി. ക്ലാർക്ക് തസ്തികയിലേക്ക് 17.58 ലക്ഷം പേരാണ് അപേക്ഷ നൽകിയത്. സെക്രട്ടേറിയറ്റ് ലാസ്റ്റ്‌ഗ്രേഡിനായി അപേക്ഷ നൽകിയത് 10.59 ലക്ഷം ഉദ്യോഗാർത്ഥികൾ. വിവിധ വകുപ്പുകളിൽ
ലാസ്റ്റ്‌ഗ്രേഡ് 6.99 ലക്ഷം, കെ.എ.എസ്. പ്രാഥമിക പരീക്ഷ 5.47 ലക്ഷം, സ്റ്റാഫ് നഴ്സ്‌ഗ്രേഡ് -2 72,877, എൽ.പി. സ്‌കൂൾ അദ്ധ്യാപകർ 1.07 ലക്ഷം എന്നിങ്ങനെയാണ് വിവിധ തസ്തികകളിലേക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നത്.

യോഗ്യതയ്ക്ക് അനുസരിച്ച തൊഴിലുകൾക്കായി ഉദ്യോഗാർഥികൾ കാത്തിരിക്കുന്നില്ല. ബി.ടെക്. നേടിയവർ പൊലീസിലും എക്‌സൈസിലുമൊക്കെ സിവിൽ ഓഫീസർമാരായി നിയമനം നേടുന്നു. വിവിധ വകുപ്പുകളിൽ ഡ്രൈവർമാരായി ജോലികിട്ടിയവരിലും എൻജിനിയറിങ് ബിരുദധാരികളുണ്ട്. ബി.ടെക്. നേടിയശേഷം ഡിഎൽ.എഡ്. പഠിച്ച് പ്രൈമറി സ്‌കൂൾ അദ്ധ്യാപകരാകാൻ ആഗ്രഹിക്കുന്നവരും ധാരാളമുണ്ട്.