- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ മദ്യനയത്തിന്റെ മറവിൽ ബവ്കോ ഔട്ട്ലറ്റുകൾ; പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളാക്കും; വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകളും; മദ്യവിൽപ്പനശാലകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; നീക്കം ബവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കാനെന്ന പേരിൽ
തിരുവനന്തപുരം: പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ബവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ പേരിലാണ് മദ്യശാലകൾ അനുവദിച്ചത്. എത്ര മദ്യവിൽപ്പനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവിൽപനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യശാലകൾ വീണ്ടും തുറക്കുന്നത്.
പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബവ്കോ ആവശ്യപ്പെട്ടിരുന്നു.
പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബവ്റിജസ് ഷോപ്പുകൾ തുറക്കുമെന്നാണ് ബവ്കോ അധികൃതർ സൂചിപ്പിക്കുന്നത്. നേരത്തെ പൂട്ടിപോയ ഷോപ്പുകളാണ് ഇതിൽ കൂടുതലും. പരിശോധനകൾക്കുശേഷമേ അന്തിമ തീരുമാനം എടുക്കൂ. ദേശീയസംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപ്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്.
പകരം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ ഇവ തുറക്കാൻ കഴിഞ്ഞില്ല. സ്ഥലം കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാദേശിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് നടപടികൾ മുന്നോട്ടു പോയില്ല.
പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മദ്യശാലകൾ: തിരുവനന്തപുരം5, കൊല്ലം6, പത്തനംതിട്ട1, ആലപ്പുഴ4, കോട്ടയം6, ഇടുക്കി8, എറണാകുളം8, തൃശൂർ5, പാലക്കാട്6, മലപ്പുറം3, കോഴിക്കോട്6, വയനാട്4, കണ്ണൂർ4, കാസർകോട്2.
തിക്കും തിരക്കും ഒഴിവാക്കാൻ പൂട്ടിയ ഔട്ട് ലൈറ്റുകൾ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാൻ ബെവ്കോ സർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട് ലെറ്റുകൾ തുറക്കുന്നത്. പൂട്ടിയ ഔട്ട് ലൈറ്റുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ള താലൂക്കുകളിൽ വീണ്ടും കടകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സൈനിക- അർദ്ധ സൈനിക ക്യാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. മിലിട്ടറി ക്യാന്റീൻ വഴിയുള്ള മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതിനാലാണ് മദ്യവില കൂടുന്നത്.
ബാറുകളുടെ വിവിധ ഫീസുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. സർവ്വീസ് ഡെസ്ക്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിലും ബിയർ-വൈൻ പാലറുകൾക്ക് ലൈസൻസ് അനുവദിക്കുന്നുണ്ട്. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനും പുതിയ മദ്യനയത്തിൽ തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ