മെൽബൺ: ലേബർ സെനറ്റർമാരുടേയും ഡോക്ടർമാരുടേയും പ്രതിഷേധം ശക്തമായതിനെത്തുടർന്ന് മെഡികെയർ റിബേറ്റ് ചുരുക്കൽ പദ്ധതി സർക്കാർ ഉപേക്ഷിച്ചു. അടുത്ത തിങ്കളാഴ്ച മുതൽ നടപ്പാക്കാനിരുന്ന പദ്ധതിയാണ് തുടക്കത്തിൽ തന്നെ ഉപേക്ഷിച്ചതായി ആരോഗ്യമന്ത്രി സൂസൻ ലേ വ്യക്തമാക്കിയത്. ഷോർട്ട് ജിപി വിസിറ്റിന് 20 ഡോളർ നൽകേണ്ടി വരുന്ന തരത്തിൽ ഡോക്ടർമാർക്കുള്ള റിബേറ്റ് വെട്ടിച്ചുരുക്കിയാണ് പദ്ധതി നടപ്പാക്കാൻ സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ പ്രതിപക്ഷം ആഞ്ഞടിക്കുകയും ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തുകയും ചെയ്തതോടെ പദ്ധതി പാടേ ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു.

ജനുവരി 19ന് പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന മെഡികെയർ റിബേറ്റ് ചുരുക്കൽ ഫെബ്രുവരിയിൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് ബിൽ ഷോട്ടൺ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തതോടെ പദ്ധതി വിജയകരമായി മുന്നോട്ടു പോകില്ല എന്ന് സർക്കാരിന് വ്യക്തമായിരുന്നു. മെഡികെയർ റിബേറ്റ് പ്രാബല്യത്തിൽ വരുന്നതോടെ ജിപി വിസിറ്റിന് രോഗികൾക്ക് 20 ഡോളർ നൽകേണ്ടി വരുമെന്ന അവസ്ഥയാണ് സംജാതമാകുന്നത്.

പദ്ധതി ഉപേക്ഷിച്ചെന്നും മെഡികെയർ റിബേറ്റിനെ കുറിച്ച് നിലനിൽക്കുന്ന ആശങ്കകൾ മനസിലാക്കുന്നുവെന്നും ആരോഗ്യമന്ത്രി പ്രസ്താവനയിൽ അറിയിക്കകുയായിരുന്നു. രോഗികൾക്കും ഡോക്ടർമാർക്കും ആശയക്കുഴപ്പത്തിന് മെഡികെയർ റിബേറ്റ് ഇടവരുത്തിയതായി ബോധ്യപ്പെട്ടെന്നും തന്മൂലം പദ്ധതി പിൻവലിക്കുകയാണെന്നുമാണ് സൂസൻ ലേ അറിയിച്ചത്. അതേസമയം മെഡികെയർ പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ച് വീണ്ടും ഡോക്ടർമാരിൽ നിന്നും രാജ്യമെമ്പാടുമുള്ള കമ്യൂണിറ്റിയിൽ നിന്നും മറ്റും അഭിപ്രായങ്ങൾ ശേഖരിക്കുമെന്നും സൂസൻ ലേ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആരോഗ്യസംവിധാനം കുറ്റമറ്റ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഏതെങ്കിലും തരത്തിലുള്ള വിലവർധന ആവശ്യമായി വരുമെന്നും ഒരുപക്ഷേ ജിപി കോ പേയ്‌മെന്റ് തന്നെ നടപ്പാക്കേണ്ടി വരുന്ന അവസ്ഥ എത്തിച്ചേരുമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജിപി വിസിറ്റിന് ഏഴു ഡോളർ കോ പേയ്‌മെന്റ് നൽകണമെന്നുള്ള പദ്ധതിയും അടുത്തകാലത്താണ് സർക്കാർ ഉപേക്ഷിച്ചത്. ജിപി കോ പേയ്‌മെന്റ് പരിഷ്‌ക്കരിച്ച് നടപ്പാക്കാൻ ഒരുങ്ങിയ മെഡികെയർ റിബേറ്റ് ചുരുക്കലും ഉപേക്ഷിച്ചതോടെ ആരോഗ്യമേഖലയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിന് എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. എല്ലാ ഓസ്‌ട്രേലിയക്കാർക്കും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ മെഡികെയർ പദ്ധതിക്ക് നല്ലൊരു ഭാവിയും കണ്ടെത്തേണ്ട ചുമതല സർക്കാരിനാണ്. ലെവൽ എ കൺസൾട്ടേഷന് ഡോക്ടർമാർക്ക് കിട്ടുന്ന 37.05 ഡോളർ എന്ന ഫീസിനു പകരം മെഡി കെയർ റിബേറ്റ് വെട്ടിച്ചുരുക്കുമ്പോൾ 16.95 ഡോളർ മാത്രമേ ലഭിക്കുകയുള്ളൂ. 20.10 ഡോളറിന്റെ ചുരുക്കലാണ് ഡോക്ടർമാരുടെ ഫീസ് ഇനത്തിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്.

ഇത്തരം വെട്ടിച്ചുരുക്കലുകൾ രോഗികളുടെ മേൽ അധികഭാരം വരുത്താൻ കാരണമാക്കുമെന്നും ആശുപത്രികളിലെ എമർജൻസി വിഭാഗത്തിൽ തിരക്ക് വർധിക്കാൻ കാരണമാകുമെന്നും ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.