ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് ബുർഹാൻ വാനിയുടെ കൊലപാതകം ഉണ്ടാക്കിയ വികാരം നിലനിർത്താൻ പാക്കിസ്ഥാൻ കശ്മീരിലെ പ്രതിഷേധക്കാർക്കിടയിൽ 24 കോടി രൂപയോളം ഒഴുക്കിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ.

അതേസമയം, മോദി കഴിഞ്ഞ ദിവസം നടത്തിയ ബലൂചിസ്ഥാൻ പ്രസംഗം കശ്മീരിനെ കലാപഭൂമിയാക്കാൻ ഉറച്ച പാക്കിസ്ഥാനു വെല്ലുവിളി ആയിരിക്കുകയാണ്.

ബലൂചിസ്ഥാനിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കാൻ മാത്രമല്ല, ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യപോരാട്ടങ്ങളെ പിന്തുണയ്ക്കാനും കേന്ദ്രസർക്കാരും ഇന്ത്യൻ മാദ്ധ്യമങ്ങളും ശ്രമിക്കുമെന്നായിരുന്നു സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി ചെങ്കോട്ടയിൽ പറഞ്ഞത്

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സംഘർഷത്തിന് നേതൃത്വം നൽകുന്നവർക്ക് അതിർത്തിക്കപ്പുറത്തു നിന്ന് കോടികൾ ലഭിച്ചതായാണ് റിപ്പോർട്ട്. കശ്മീരിൽ പാക്കിസ്ഥാൻ അനുകൂല പ്രവർത്തനം നടത്തുന്നവർക്ക് ജമാഅത്ത് ഇസ്‌ലാമി, ദുക്രദാൻ ഇ മില്ലറ്റ് എന്നീ ഭീകരസംഘടനകളിൽ നിന്നാണ് പണം ലഭിക്കുന്നതെന്നും സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്.

കശ്മീർ മേഖലയിലെ യുവാക്കൾ സംഘർഷം നിലനിർത്തിക്കൊണ്ട് പോവാനുള്ള പണം ഇപ്പോൾ തന്നെ കൈപ്പറ്റി കഴിഞ്ഞിട്ടുണ്ട്. സംഘർഷം നിലനിർത്തിക്കൊണ്ട് പോവുന്നതിന് പാക്കിസ്ഥാനിൽ നിന്നും ഇവർക്ക് പ്രചോദനം ലഭിക്കുന്നതായും അധികൃതർ കരുതുന്നു.

ബൂർഹാൻ വാനിയുടെ കൊലപാതകത്തിന് ശേഷം കശ്മീരിൽ തുടർന്ന് വരുന്ന സംഘർഷത്തിൽ ഇതുവരെ 65 പേർ മരിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച്ച മാത്രം അഞ്ച് പേരാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത്. 5000 പേർക്ക് വിവിധ സംഭവങ്ങളിലായി പരിക്കേൽക്കുകയും ചെയ്തു.