ന്യൂഡൽഹി: ഡൽഹി കോമൺവെൽത്ത് അഴിമതിക്കേസിൽ പത്ത് മാസം ജയിൽ കഴിഞ്ഞ സുരേഷ് കൽമാഡിയെയും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലെ പ്രതിയായ അഭയ്‌സിങ് ചൗട്ടാലെയെയും ആജീവനാന്ത പ്രസിഡന്റുമാരായി തിരഞ്ഞെടുത്ത നടപടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഒളിപിക്‌സ് അസോസിയേഷനു (ഐഒഎ) കേന്ദ്ര കായിക മന്ത്രാലയം താൽക്കാലിക വിലക്കേർപ്പെടുത്തി. ഇരുവരുടെയും തിരഞ്ഞെടുപ്പ് ഐഒഎ പുനപ്പരിശോധിക്കുന്നതുവരെ വിലക്കു തുടരുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ വ്യക്തമാക്കി.

ഇവരെ ആജീവനാന്ത പ്രസിഡന്റുമാരായി തിരഞ്ഞെടുത്ത നടപടി തിരുത്തിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര കായിക മന്ത്രാലയം അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമായി ആലോചിക്കാതെ മറുപടി നൽകാനാവില്ലെന്നായിരുന്നു ഐഒഎയുടെ പ്രതികരണം.

കഴിഞ്ഞദിവസം ചെന്നൈയിൽ ചേർന്ന ജനറൽ ബോഡി യോഗം സുരേഷ് കൽമാഡി, അഭയ് ചൗട്ടാല എന്നിവരെ ആജീവനാന്ത പ്രസിഡന്റുമാരായി തിരഞ്ഞെടുത്തതോടെയാണു വിവാദത്തിനു തുടക്കമായത്. കൽമാഡി പിന്നീടു പദവി നിരസിച്ചു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി എതിർപ്പ് അറിയിച്ചാൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്നു അഭയ് ചൗട്ടാലയും നിലപാടെടുത്തിരുന്നു.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ പ്രതിയാണ് അഭയ് സിങ് ചൗട്ടാല. സുരേഷ് കൽമാഡി കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ 10 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇരുവരും മുൻ ഐഒഎ പ്രസിഡന്റുമാരാണ്. മുൻ പ്രസിഡന്റുമാരെ ആജീവനാന്ത ഓണററി പ്രസിഡന്റുമാരായി നിയമിക്കാമെന്ന വ്യവസ്ഥ പ്രകാരമാണ് ഇവരെ നിയമിച്ചത്.

നേരത്തെ, ഇന്ത്യൻ കായിക രംഗത്തിന്റെ അന്തസ്സു കെടുത്തിയ നടപടിയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഐഒഎ പ്രസിഡന്റ് എൻ.രാമചന്ദ്രന് ഒഴിഞ്ഞുമാറാനാവില്ലെന്നു കായിക മന്ത്രി വിജയ് ഗോയൽ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, കൽമാഡിയെയും ചൗട്ടാലയെയും ആജീവനാന്ത പ്രസിഡന്റുമാരാക്കിയ നടപടി പുനപ്പരിശോധിക്കാത്തതിൽ പ്രതിഷേധിച്ച് ഐഒഎ വൈസ് പ്രസിഡന്റ് നരീന്ദർ ബത്ര രാജിവയ്ക്കുകയുണ്ടായി.