തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയൽ പോകുമ്പോഴും സംസ്ഥാന സർക്കാർ പുതിയ വാഹനങ്ങ്ൾ വാങ്ങുന്നു. മുഖ്യമന്ത്രി കിയ കാർണിവൽ കാറിൽ ചീറിപായുമ്പോഴാണ് മറ്റ് മന്ത്രിമാർക്കായും പുതിയ വാഹനം വാങ്ങാൻ ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ മന്ത്രിമാർക്കായി 10കാറുകൾ കൂടി വാങ്ങാനാണ് തീരുമാനം. എട്ടെണ്ണം മന്ത്രിമാർക്കും രണ്ടെണ്ണം വി.ഐ.പി സന്ദർശനവുമായി ബന്ധപ്പെട്ടും വാങ്ങാനാണ്തീരുമാനം. നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന കാറുകളുടെ കാലപ്പഴക്കം പരിഗണിച്ചാണ്പുതിയ തീരുമാനമെന്നാണ്‌വിശദീകരണം.

ഇന്നോവ ക്രിസ്റ്റ കാറുകളാണ്‌വാങ്ങുന്നത്. ടൂറിസം വകുപ്പാണ്മന്ത്രിമാർക്കുൾപ്പെടെ കാറുകൾ നൽകുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ്‌രണ്ടരക്കോടി രൂപ ചെലവാക്കി 10കാറുകൾ വാങ്ങാനുള്ള തിരുമാനം. പല വകുപ്പു തലവന്മാരുടെ കാറുകളും പഴക്കം ചെന്നതാണെന്നും മാറ്റണമെന്ന ആവശ്യവും നിലവിലുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇതിനൊന്നും അനുമതി ലഭ്യമാക്കിയിട്ടില്ല.

നിലവിലുള്ള കാറുകൾ പഴകിയതാണെന്നും പലപ്പോഴും തകരാർ സംഭവിക്കാറുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള മന്ത്രിമാർ ടൂറിസം വകുപ്പിനെ അറിയിച്ച പശ്ചാത്തലത്തിലാണ് പുതിയ കാറുകൾ വാങ്ങുന്നത്. പഴയ വാഹനങ്ങൾ മാറ്റി പുതിയ കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിന് മുന്നിൽ നിർദ്ദേശം വെച്ചു. ധന വകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ വാങ്ങുന്നത്.

അതേസമയം കേരളത്തിലെ 17 മന്ത്രിമാർ യാത്ര ചെയ്യുന്നത് സുരക്ഷ പ്രോട്ടോക്കോൾ പ്രകാരം കാലാവധി കഴിഞ്ഞ വാഹനങ്ങളിലാണെന്നാണ് റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. രണ്ട് മന്ത്രിമാരുടെ ഒഴികെയുള്ള വാഹനങ്ങൾ അഞ്ച് വർഷത്തിലധികം കാലപ്പഴക്കമുള്ളതും ഒരു ലക്ഷത്തിലധികം ഓടിയതുമാണെന്നാണ് വിവരം. ധനമന്ത്രിയുടെ വാഹനം കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമാണ് പുതിയ വാഹനം ലഭിച്ചിട്ടുള്ളത്.

നമ്മുടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉപയോഗിക്കുന്ന സ്റ്റേറ്റ് കാറുകളുടെ സുരക്ഷ പ്രോട്ടോക്കോൾ എന്താണെന്ന് നോക്കാം. ടൂറിസം വകുപ്പാണ് ഇവർക്കുള്ള ഔദ്യോഗിക വാഹനം അനുവദിക്കുന്നത്. പ്രോട്ടോക്കോൾ അനുസരിച്ച് മൂന്ന് വർഷവും ഒരു ലക്ഷം കിലോമീറ്ററും മാത്രമേ ഇവ ഔദ്യോഗിക വാഹനമായി ഉപയോഗിക്കാൻ സാധിക്കൂവെന്നാണ് നിർദ്ദേശം.

എന്നാൽ, ഈ പ്രോട്ടോക്കോൾ അടുത്ത കാലത്തുള്ളവയല്ലെന്നതാണ് വസ്തുത. മുഖ്യമന്ത്രിയും മറ്റും മന്ത്രിമാരും ഔദ്യോഗിക വാഹനമായി അംബാസിഡർ കാർ ഉപയോഗിച്ചിരുന്ന കാലത്താണ് ഈ പ്രോട്ടോക്കോൾ നിലവിൽ വന്നത്. എന്നാൽ, ഇപ്പോൾ മന്ത്രിമാരുടെ ഔദ്യോഗിക വാഹനമായി ടൊയോട്ടയുടെ എംപി.വി. മോഡലായ ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിക്കുന്നത്.

നിലവിലുള്ള പ്രോട്ടോക്കോൾ അനുസരിച്ച് 17 മന്ത്രിമാരുടെ ഔദ്യോഗിക കാറുകൾ മാറാനായവയാണ്. ഇവയെല്ലാം 2017-ൽ വാങ്ങിയതും ഒരു ലക്ഷത്തിലധികം കിലോമീറ്റർ സഞ്ചരിച്ചവയുമാണ്. ധനമന്ത്രിയുടെ കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട കാർ അഞ്ച് വർഷത്തിലധികം പഴക്കമുള്ളതും 1,64,000 കിലോമീറ്റർ ഓടിയതുമാണെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി ഉപയോഗിക്കുന്ന കറുത്ത ഇന്നോവ ക്രിസ്റ്റ മാത്രമാണ് ഔദ്യോഗിക വാഹനങ്ങളിൽ പുതിയതായുള്ളത്. ഇത് പൊലീസ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ്. അദ്ദേഹം മുമ്പ് ഉപയോഗിച്ചിരുന്ന വെള്ള ഇന്നോവ 2017 മോഡലാണ്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാധാകൃഷണൻ തുടങ്ങിയവരുടെ വാഹനം 2019-ൽ വാങ്ങിയവയാണ്. അതേസമയം, മന്ത്രി വി.അബ്ദുറഹ്മാൻ അദ്ദേഹത്തിന്റെ സ്വന്തം വാഹനമാണ് ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം മന്ത്രിമാർക്ക് ഔദ്യോഗിക വാഹനം വാങ്ങിയിട്ടില്ല. ആദ്യ ടേമിൽ വാങ്ങിയ വാഹനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അതേസമയം, 10 പുതിയ കാറുകൾ വാങ്ങണമെന്ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചെലവ് ചുരുക്കണമെന്ന ടൂറിസം വകുപ്പിന്റെ തീരുമാനമുള്ളതിനാലാണ് സ്റ്റേറ്റ് കാറുകൾ സുരക്ഷ കാലാവധി അവസാനിച്ചിട്ടും ഉപയോഗിക്കുന്നതെന്നാണ് വിവരം. ധനമന്ത്രിയുടെ വാഹനം അപകടത്തിൽപെട്ട സാഹചര്യത്തിൽ ഇത് മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.