വിക്ടോറിയ: സ്വകാര്യ കാർ പാർക്കിങ് ഓപ്പറേറ്റർമാർ വാഹന ഉടമകളെ അനധികൃതമായി പിഴിയുന്നത് തടയിട്ടുകൊണ്ട് സർക്കാർ നിയമഭേദഗതി നടത്തുന്നു. സ്വാകര്യ പാർക്കിങ് ഏരിയയിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ സ്വകാര്യ കാർ പാർക്കിങ് ഓപ്പറേറ്റർമാർ വാഹന ഉടമകൾക്ക് വൻ പിഴ ഈടാക്കുന്നത് തടഞ്ഞുകൊണ്ടാണ് നിയമഭേദഗതി വരുത്തിയിരിക്കുന്നത്. സ്വകാര്യ പാർക്കിങ് ഏരിയയിൽ അനധികൃമായി വാഹനം പാർക്ക് ചെയ്താൽ പാർക്കിങ് ഏജൻസികൾക്ക് വാഹന ഉടമക്കെതിരേ കോടതിയെ സമീപിക്കാനോ, ഉടമയുടെ വിവരങ്ങൾ ആവശ്യപ്പെടാനോ സാധിക്കില്ല. ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ നടപടി പാടേ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

അനധികൃതമായി പാർക്ക് ചെയ്യുന്നവർക്ക് വിൻഡ് സ്‌ക്രീൻ ഫൈൻ സ്ലിപ്പുകൾ ഏജൻസികൾക്ക് എഴുതി ഒട്ടിക്കാം. എന്നാൽ വാഹന ഉടമ പിഴ അടച്ചില്ലെങ്കിൽ ഇത്തരക്കാർക്കെതിരേ നടപടികൾ സ്വീകരിക്കാൻ തക്ക വിവരങ്ങൾ ഇനി ഏജൻസികൾക്ക് ലഭ്യമല്ല. കോടതിയെ സമീപിച്ച് ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയെന്നത് ഇനി എളുപ്പമുള്ള കാര്യമല്ല. ഗേറ്റുകളില്ലാതെ തരിശായി കിടക്കുന്ന ഇടങ്ങളിലെ പാർക്കിങ് ഏരിയകളിലായിരിക്കും പുതിയ നിയമഭേദഗതി ബാധകമാകുക. അതുകൊണ്ടു തന്നെ പബ്ലിക് ഓപ്പറേറ്റർമാർ കാർ പാർക്കിങ് ഏരിയകൾക്ക് ഗേറ്റ് പിടിപ്പിക്കണമെന്ന് സർക്കാർ നിർദേശിക്കുന്നു. എന്നാൽ കൗൺസിലിനു കീഴിലുള്ള കാർ പാർക്കിങ് ഏരിയകൾക്ക് പുതിയ നിയമഭേദഗതി ബാധകമല്ല.

സ്വകാര്യ പാർക്കിങ് ഓപ്പറേറ്റർമാർ അനധികൃതമായി വാഹന ഉടമകളെ പിഴിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൺസ്യൂമർ അഫേഴ്‌സ് മിനിസ്റ്റർ ജേൻ ഗാരെറ്റ് നിയമഭേദഗതിക്ക് തയാറായത്. ഇത്തരത്തിൽ വൻ പിഴകൾ ചുമത്തി വാഹന ഉടമകളെ ബുദ്ധിമുട്ടിക്കുന്നത് പതിവായിരുന്നു. പുതിയ നിയമം നടപ്പിലാക്കുക വഴി സ്വകാര്യ പാർക്കിങ് ഏജൻസികൾ വാഹന ഉടമകളെ കൊള്ളയടിക്കുന്നത് തടയുന്നതിനും ഇതിനായി കോടതിയെ വിനിയോഗിക്കുന്നത് നിർത്തലാക്കാനും ഉപകാരപ്പെടുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്.