ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ബജറ്റിനെപ്പറ്റി എഴുതുമ്പോൾ എല്ലാ മാദ്ധ്യമങ്ങൾക്കും കോർപ്പറേറ്റ് പ്രീണനത്തെപ്പറ്റി മാത്രമെ എഴുതാനുള്ളൂ. എന്നാൽ പാവപ്പെട്ടവന് തുണയേകുന്ന മികച്ച ഇൻഷുറൻസ് പദ്ധതികൾ ഈ വാർത്തകൾക്കിടയിൽ മുങ്ങിപ്പോകുകയാണ്. ഇതുവരെയില്ലാത്ത ഇൻഷുറൻസ് പദ്ധതികളാണ് മോദി സർക്കാർ രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി ആവിഷ്‌കരിച്ചിരിക്കുന്നത്. അതായത് 12 രൂപ അടച്ചാൽ പാവപ്പെട്ടവർക്ക് ഇൻഷുറൻസ് പരിരക്ഷയും മരിച്ചാൽ രണ്ട്‌ലക്ഷം രൂപയും ലഭിക്കുന്ന പദ്ധതി സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ ബജറ്റിൽ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. 330 രൂപ അടച്ചാൽ എങ്ങനെ മരിച്ചാലും ആർക്കും രണ്ടു ലക്ഷം രൂപ കിട്ടുന്ന ഇൻഷുറൻസ് സ്‌കീമും പുതിയ ബജറ്റിലുണ്ട്.

പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരമാണ് പാവപ്പെട്ട എല്ലാവർക്കും രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് നൽകുന്നത്. ഇതിനായി ഒരുകൊല്ലം 12 രൂപയേ പ്രീമിയം അടയ്‌ക്കേണ്ടതുള്ളൂ. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻജ്യോതി ഭീമ യോജന.സ്വാഭാവികമരണമോ അപകടമരണമോ സംഭവിച്ചാൽ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. രണ്ടുലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുന്ന ഈ പദ്ധതിക്കായി ഒരുവർഷത്തിൽ 330 രൂപ മാത്രമെ പ്രീമിയമായി അടയ്‌ക്കേണ്ടതുള്ളൂ. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന, അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന എന്നിവ അടിസ്ഥാനപരമായി സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പെൻഷൻ പദ്ധതികളാണ്. രാജ്യത്തെ സകല ദരിദ്രകുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് നൽകിയ 'ജൻധൻ പദ്ധതി'യുടെ വിജയത്തിന് തുടർച്ചയായി എല്ലാവർക്കും പെൻഷൻ ലഭ്യമാക്കുന്നതിനുള്ള പുതിയ സാമൂഹികസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇവ നടപ്പിലാക്കുന്നത്. നിർധന വിഭാഗങ്ങളെ ഉദ്ദേശിച്ചാണ് ഇവ നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

അടൽ പെൻഷൻ പദ്ധതിയിലൂടെ എല്ലാവർക്കും നിശ്ചിതപെൻഷൻ ഉറപ്പാക്കും. ഇക്കൊല്ലം ഡിസംബർ 15ന് മുമ്പ് പദ്ധതിയിൽ ചേരുന്നവരുടെ ഇൻഷുറൻസ് പ്രീമിയത്തിന്റെ പകുതി തുക, പരമാവധി 1000 രൂപവരെ, സർക്കാർ നൽകും. അഞ്ചുവർഷത്തേക്ക് ഇത്തരത്തിൽ 1000 രൂപ അടയ്ക്കും.ഇന്ത്യയിലെ നല്ലൊരു ശതമാനം ജനങ്ങൾക്കും ഇൻഷുറൻസ് കവറേജും പെൻഷനും ഇല്ലെന്ന യാഥാർത്ഥ്യം ബോധ്യപ്പെട്ടതിനാലാണ് ഇവയ്ക്ക് രണ്ടിനും ബജറ്റിൽ പ്രാധാന്യം നൽകുന്നതെന്നാണ് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞത്.

പോസ്റ്റ് ഓഫീസുകളിൽ ഇനി ബാങ്കിങ് സേവനവും

ഇന്റർനെറ്റിന്റെ അതിപ്രസരത്തോടെ ആരും അധികം ആശ്രയിക്കാത്തതിനാൽ കാര്യമായ ജോലിയൊന്നുമില്ലാതായ രാജ്യത്തെ തപാൽ ഓഫീസുകൾക്ക് ഒരു പുതിയ പണി ഈ ബജറ്റ് നൽകുന്നുണ്ട്. അതായത് ഇനി മുതൽ തപാൽ ഓഫീസുകളിൽ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഒന്നരലക്ഷത്തിലധികം വരുന്ന തപാൽ ഓഫിസുകളിൽ ബാങ്കുകളുടെ സേവനം ലഭ്യമാക്കുമെന്നാണ് അരുൺ ജയ്റ്റ്‌ലിയുടെ ബജറ്റ് അവതരിപ്പിച്ച് കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന ധൻ യോജനയുമായി തപാൽ ഓഫിസുകളെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതനുസരിച്ച് അക്കൗണ്ടുകൾ ആരംഭിക്കുന്നതിനും പണം നിക്ഷേപിക്കുന്നതിനും അതു കൈമാറുന്നതിനുമുള്ള സൗകര്യം തപാൽ ഓഫിസുകളിൽ ഏർപ്പെടുത്തും. എന്നാൽ ബാങ്കുകൾ ചെയ്യുന്നത് പോലെ വായ്പകൾ നൽകുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ തപാൽ ഓഫിസുകളിലുണ്ടായിരിക്കില്ല.

പേമെന്റ് ബാങ്ക് ആരംഭിക്കുന്നതിനുള്ള ലൈസൻസിനുള്ള അപേക്ഷ റിസർവ് ബാങ്കിൽ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. പേമെന്റ് ബാങ്കുകളുടെ ശാഖകളായി തപാൽ ഓഫിസുകളെ മാറ്റാനാണ് പദ്ധതി. ഇന്ത്യയിലുടനീളം 1.54 ലക്ഷം തപാൽ ഓഫിസുകളുണ്ട്. ഇവയുടെ ഗ്രാമീണ സാന്നിധ്യമാണു ബാങ്കിങ് സേവനം ലഭ്യമാക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. രാജ്യത്തെ ബാങ്കുകളുടെ ഗ്രാമീണ ശാഖകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ പോസ്റ്റ് ഓഫീസുകൾ വളരെ മുന്നിലാണ്. അതായത് ബാങ്കുകൾക്ക് ഗ്രാമീണമേഖലയിൽ ഏകദേശം 35000 ശാഖകളേയുള്ളുവെങ്കിൽ പോസ്റ്റ് ഓഫിസുകൾക്ക് ഒന്നരലക്ഷത്തിലധികം ശാഖകളുണ്ട്. ഇത്രയും വിപുലമായ ശൃംഖലയിലൂടെ ബാങ്കിംഗിന് പുതിയ മാനം നൽകാൻ സാധിക്കുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.

2022ലെ ഇന്ത്യയെ മുന്നിൽ കണ്ടുള്ള ബജറ്റ്

താരതമ്യേന ദീർഘ വീക്ഷണമുള്ള ബജറ്റായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. 2022 ഓടെ ഇന്ത്യയിൽ ഭവനരഹിതരെ ഇല്ലാതാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തെ സകല കുടുംബങ്ങൾക്കും പാർപ്പിടം ലഭ്യമാക്കാനായി പട്ടണപ്രദേശങ്ങളിൽ രണ്ടു കോടിയും ഗ്രാമീണമേഖലയിൽ നാലു കോടിയും ഭവനങ്ങൾ പണിതുയർത്തുന്നുണ്ട്. ഇതിന് പുറമെ എല്ലാ കുടുംബങ്ങൾക്കും തടസ്സങ്ങളില്ലാതെ വൈദ്യുതി, ശുദ്ധജലം തുടങ്ങിയവ ലഭ്യമാക്കാനും പദ്ധതി തയ്യാറാക്കി വരുന്നു. 2020 ഓടെ ഇന്ത്യയിൽ വൈദ്യുതിയില്ലാത്ത ഒരൊറ്റ ഗ്രാമം പോലുമുണ്ടാകില്ലെന്നാണ് ബജറ്റിൽ പറയുന്നത്. അതുപോലെത്തന്നെ തൊഴിലില്ലായ്മ മൂലമുള്ള പ്രയാസം ഒഴിവാക്കാൻ ഓരോ കുടുംബത്തിലെയും ഒരംഗത്തിനെങ്കിലും ഭേദപ്പെട്ട ജോലി ലഭിക്കാനുള്ള സാഹചര്യം ഏർപ്പെടുത്തും.

അതിനൊപ്പം ദാരിദ്ര്യം നിർമ്മാർജനം ചെയ്യാനുള്ള കർമപരിപാടികളും നടപ്പിലാക്കും. വെറുമൊരു തൊഴിലെടുത്ത് ജീവിക്കുകയല്ല യുവതലമുറയുടെ ലക്ഷ്യമെന്നും പകരം തൊഴിൽ ദായകരാവുകയാണെന്നും പ്രഖ്യാപിക്കുന്ന ബജറ്റാണിത്. പുതിയ തലമുറയെ സംരംഭകരാക്കാൻ സ്റ്റാർട്ടപ്പ്, സംരംഭകപദ്ധതികൾക്ക് ഈ ബജറ്റ് പ്രോത്സാഹനം നൽകുന്നുണ്ട്. 2022 ആകുമ്പോഴേക്കും രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പുരോഗതി ഉറപ്പാക്കും. അവയുടെ വികസനത്തിന് പ്രത്യേക പരിഗണന ബജറ്റിൽ നൽകുന്നുണ്ട്. ആശയവിനിമയരംഗത്ത് ഇന്ന് ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ കാര്യമായ അന്തരമുണ്ട്. ഭാവിയിൽ അവ പരിഹരിക്കാൻ പദ്ധതി തയ്യാറാക്കി വരുന്നുണ്ട്.

പ്രതികൂല കാലാവസ്ഥയുണ്ടായാൽ ഇന്ത്യയിലെ ചില ഭാഗങ്ങളിലെ റോഡുകൾ തകരുകയും ആ പ്രദേശങ്ങൾ മറ്റിടങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യാറുണ്ട്. ഗതാഗത സംവിധാനങ്ങളില്ലാത്ത രാജ്യത്തെ 1,78,000 ജനവാസകേന്ദ്രങ്ങളെ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ്ശൃംഖലയുമായി കൂട്ടിയോജിപ്പിക്കും. ഒരു ലക്ഷം കിലോമീറ്റർ റോഡുകളുടെ പണി വൈകാതെ തുടങ്ങും. ഇന്നും പ്രാഥമിക ചികിത്സാ സൗകര്യങ്ങളില്ലാത്ത എത്രയോ ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. രാജ്യത്തെ സമസ്ത നഗരഗ്രാമ പ്രദേശങ്ങളിലും അടിസ്ഥാന മെഡിക്കൽ സൗകര്യങ്ങളേർപ്പെടുത്തു. ചില കുട്ടികൾ ഇപ്പോഴും കിലോമീറ്ററുകൾ താണ്ടിയാണ് സ്‌കൂളിൽ പോകുന്നത്. ആ പ്രശ്‌നം പരിഹരിക്കാനായി അഞ്ച് കിലോമീറ്റർ പരിധിയിൽ സീനിയർ സെക്കണ്ടറി സ്‌കൂൾ സ്ഥാപിക്കും. ഇതിനായി 80,000 സെക്കണ്ടറി സ്‌കൂളുകളും 75,000 ജൂനിയർ/ മിഡിൽ സ്‌കൂളുകളും സീനിയർ സെക്കൻഡറി ആക്കി അപ്‌ഗ്രേഡ് ചെയ്യാനും പദ്ധതിയുണ്ട്.

പ്രകൃതി സൗഹൃദ ഊർജ മേഖലക്ക് ഊന്നൽ

പ്രകൃതി സൗഹൃദ ഊർജ മേഖലക്ക് ഊന്നൽ നൽകുന്ന ബജറ്റായിരുന്നു അരുൺ ജെയ്റ്റിലിയുടേത്. 2022ഓടെ വിവിധ പ്രകൃതി സൗഹൃദ സ്രോതസ്സുകളിൽനിന്നായി 1,75,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം. ഇതിൽ സോളാറിൽനിന്ന് ഒരു ലക്ഷം മെഗാവാട്ട് വൈദ്യുതിയും കാറ്റിൽനിന്ന് 60,000 മെഗാവാട്ട് വൈദ്യുതിയും ജൈവിക വസ്തുക്കൾ ഉപയോഗിച്ച് 10,000 മെഗാവാട്ട് വൈദ്യുതിയും, ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ നിന്ന് 5000 മെഗാവാട്ട് വൈദ്യുതിയുമായിരിക്കും ഉൽപാദിപ്പിക്കുക. നിലവിൽ രാജ്യത്തിന്റെ മൊത്തം വൈദ്യുതിയുടെ 6.5 ശതമാനം പ്രകൃതി സൗഹൃദ സ്രോതസ്സുകളിൽനിന്നാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് 12 ശതമാനമായി ഉയർത്തുകയാണ് സർക്കാർ പദ്ധതി.

Picture courtesy: Mail Today