തിരുവനന്തപുരം: ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ട് പേരെ കൊലപ്പെടുത്തിയ കേസുകളുടെ അന്വേഷണം സിബിഐക്ക് വിടുന്നതിനെതിരെ വാദിക്കാൻ ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകന് സംസ്ഥാന സർക്കാർ നൽകിയത് 64 ലക്ഷം രുപ. സർക്കാർ ഖജനാവിൽ നിന്നും ധൂർത്തടിച്ച് പിണറായി സർക്കാർ രാഷ്ട്രീയ കൊലയാളികളെ സഹായിക്കുന്നത് മുൻപും വിവാദമായിരുന്നു. അഡ്വ ഹരിൻ പി റാവലാണ് സർക്കാരിന് വേണ്ടി ഹാജരായത്.

ഓരോ സിറ്റിങ്ങിനും 15 ലക്ഷം രുപ വീതമാണ് സർക്കാർ നൽകുന്നത്. രണ്ട് ദിവസം ഹരിൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂർ വീതം നീണ്ട കൂടിക്കാഴ്ചക്ക് നാല് ലക്ഷം രുപയാണ് അഭിഭാഷകന് അനുവദിച്ചത്. പിണറായി സർക്കാർ അധികാരത്തിൽ കയറിയതിന് ശേഷം ഇതുപോലെ നിരവധി കേസുകൾക്കായി ലക്ഷങ്ങൾ ചെലവാക്കിയിരുന്നു. സർക്കാർ കടക്കെണിയിലാണെന്ന് പറയുമ്പോഴും പാർട്ടി കേസുകളുടെ നടത്തിപ്പിനായി സർക്കാർ ഖജനാവിൽ നി്ന്ന് പണം ഉപയോഗിക്കുന്നത് മുൻപും വിവാദമായിരുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം നടന്ന ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളിലെ അന്വേഷണം സിബിഐക്ക് വിടാൻ തലശേരി ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളെല്ലാം സിപിഎമ്മുകാർ. കേസിൽ വാദം കഴിഞ്ഞുവെങ്കിലും വിധി പുറപ്പെടുവിച്ചില്ല.

മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിനോടുള്ള നിയമയുദ്ധത്തിന് പിണറായി വിജയൻ സർക്കാർ ചെലവാക്കിയത് 20 ലക്ഷം രൂപ. സർക്കാർ ഖജനാവിലുള്ള ജനങ്ങളുടെ നികുതിപ്പണമാണ് സെൻകുമാറിനോടുള്ള വാശി തീർക്കാനായി സർക്കാർ ചെലവഴിച്ചത്. സുപ്രീം കോടതിയിലെ അഭിഭാഷകരുടെ ഫീസ് ഇനത്തിലാണ് സർക്കാറിന് 20 ലക്ഷം രൂപ ചെലവു വന്നത്.

ടി.പി സെൻകുമാർ ഐ.പി.എസ് പൊലീസ് മേധാവി സ്ഥാനത്ത് തിരികെയെത്താതിരിക്കാനാണ് സർക്കാർ സുപ്രീം കോടതി വരെ പോയി 'അഭിമാന പോരാട്ടം' നടത്തിയത്. രാജ്യത്തെ വിലകൂടിയ അഭിഭാഷകരായ ഹരീഷ് സാൽവേ, പി.പി.റാവു, ജയ്ദീപ് ഗുപ്ത, സിദ്ധർഥ് ലൂത്ര എന്നിവരാണ് സർക്കാറിനായി വാദിക്കാനെത്തിയത്. ഹരീഷ് സാൽവേയ്ക്ക് പത്തു ലക്ഷം, പി.പി. റാവുവിന് 4.40 ലക്ഷം, ജയദീപ് ഗുപ്തക്ക് 3.30 ലക്ഷം, സിദ്ധാർഥ് ലൂത്രയ്ക്ക് 2.20 ലക്ഷം, സ്റ്റാന്റിങ് കോൺസലിനു 27,000 രൂപ ഫീസ് എന്നിങ്ങനെയാണ് അഭിഭാഷകരുടെ ഫീസ്. ഇരുപതുലക്ഷം രൂപയാണ് എ.ജി സർക്കാരിനോടു ആവശ്യപ്പെട്ടത്.

വിവിധ കേസുകളിൽ സർക്കാർ കേടതിയിൽ കോടികൾ പൊടിക്കുമ്പോൾ സംസ്ഥാനം കടക്കെണിയിൽ ആണെന്ന് പറയുന്ന ധനവകുപ്പും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നെതെന്നും ശ്രദ്ധേയമാണ്.