- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്ക് തന്നെ ആ ജോലി വേണമെന്ന നിലപാടിൽ ഉറച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ; കോടതിയിൽ പോയാൽ തിരിച്ചടി ഉറപ്പെന്ന് സർക്കാരിന് ഉപദേശം; കണ്ണൂർ വിസിയോട് തൽകാലം നിയമ നടപടി വേണ്ടെന്ന് നിർദ്ദേശിച്ച് സർക്കാർ; മുഖ്യമന്ത്രിക്ക് മുഖ്യം ലോകായുക്തയിലെ ഭേദഗതി അംഗീകരിപ്പിക്കൽ; ഗവർണ്ണർ രണ്ടും കൽപ്പിച്ച്; കരുതലോടെ നീങ്ങി പ്രതിസന്ധി മറികടക്കാൻ പിണറായിയും
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയ വർഗീസിനു നിയമനം നൽകുന്നതു സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല ഹൈക്കോടതിയെ സമീപിക്കുന്നതു വൈകുന്നതിന് പിന്നിൽ സർക്കാരിന്റെ ഇടപെടൽ. നിയമനം സ്റ്റേ ചെയ്യുന്നതു സംബന്ധിച്ചു ഗവർണർ അയച്ച ഇമെയിൽ സന്ദേശം മാത്രമാണ് സർവകലാശാലയിൽ ഇതുവരെ ലഭിച്ചിട്ടുള്ളത്. കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും ചാൻസലറുടെ ഇമെയിലിൽ പറഞ്ഞിരുന്നെങ്കിലും ലഭിച്ചിട്ടില്ല. എന്നാൽ ഡൽഹിയിലുള്ള ഗവർണ്ണർ എത്തിയാൽ ഉടൻ നോട്ടീസ് നൽകും. വിസിക്കെതിരെ കടുത്ത നടപടികളും ഉണ്ടാകും. അതുകൊണ്ടാണ് കേസിന് തൽകാലം പോകാത്തതും ഗവർണ്ണറെ പ്രകോപിപ്പിക്കാത്തതും.
തനിക്ക് തന്നെ ആ ജോലി വേണമെന്ന നിലപാടിൽ ഉറച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയാ വർഗ്ഗീസ് സജീവമായി രംഗത്തുണ്ട്. കോടതിയിൽ പോയാൽ തിരിച്ചടി ഉറപ്പെന്ന് സർക്കാരിന് ഉപദേശം കിട്ടി. ഈ സാഹചര്യത്തിലാണ് കണ്ണൂർ വിസിയോട് തൽകാലം നിയമ നടപടി വേണ്ടെന്ന് നിർദ്ദേശിച്ച് സർക്കാർ കരുതൽ എടുക്കുന്നത്. മുഖ്യമന്ത്രിക്ക് മുഖ്യം ലോകായുക്തയിലെ ഭേദഗതി അംഗീകരിപ്പിക്കലാണ്. അതിനിടെ ഗവർണ്ണർ രണ്ടും കൽപ്പിച്ച് എന്ന സൂചനകളാണ് പുറത്തു വരുന്ന്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങി പ്രതിസന്ധി മറികടക്കാൻ പിണറായിയും തന്ത്രങ്ങൾ ഒരുക്കുകയാണ്.
സർവകലാശാലയുടെ നടപടി റഗുലേഷനോ ആക്ടിനോ സ്റ്റാറ്റിയൂട്ടിനോ വിരുദ്ധമാണെങ്കിൽ വിശദീകരണം ചോദിച്ച ശേഷം റദ്ദാക്കാൻ ചാൻസലർക്ക് അവകാശമുണ്ട്. എന്നാൽ, സ്റ്റേ ചെയ്യാൻ കഴിയില്ല. നിയമപരമായ നടപടിക്രമം പാലിച്ചല്ല, പ്രിയയുടെ നിയമനം സ്റ്റേ ചെയ്യാൻ ഗവർണർ തീരുമാനിച്ചതെന്നാണ് സർവകലാശാല സിൻഡിക്കറ്റിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിശദമായ നിയമോപദേശം തേടിയ ശേഷം കോടതിയെ സമീപിക്കാൻ സിൻഡിക്കറ്റ് സർവകലാശാലയ്ക്കു കഴിഞ്ഞ ദിവസം അനുമതി നൽകിയത്. എന്നാൽ ഗവർണ്ണറെ പ്രകോപിപ്പിച്ചാൽ ദോഷവശങ്ങൾ ഒരുപാടുണ്ടെന്ന് സിപിഎമ്മും സർക്കാരും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ കാത്തിരിക്കാൻ സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകി.
സർവകലാശാല എടുത്ത തീരുമാനങ്ങളിൽ മുൻപും വൈസ് ചാൻസലറെയും രജിസ്റ്റ്രാറെയും വിളിച്ചുവരുത്തി ഗവർണർ വിശദീകരണം തേടിയിരുന്നു. മട്ടന്നൂർ പിആർഎൻഎസ്എസ് കോളജിലെ പ്രിൻസിപ്പൽ നിയമന അംഗീകാരവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇക്കാര്യം പിന്നീട് ഹൈക്കോടതിയിലെത്തിയപ്പോൾ വൈസ് ചാൻസലറുടെ നടപടിയാണ് കോടതി അംഗീകരിച്ചത്. അതുകൊണ്ട് തന്നെ ഈ കേസിലും സമാന സാഹചര്യം ഉണ്ടാകാൻ ഇടയുണ്ട്. അത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ കൂടിയായ പ്രിയാ വർഗ്ഗീസിന്റെ നിയമനത്തെ ബാധിക്കും. അതാണ് കാത്തിരിപ്പ്.
അതിനിടെ സർവകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല എന്ന് യുജിസി ചട്ടങ്ങൾ വായിക്കുന്ന ആർക്കും ബോധ്യമാകുമെന്നു പ്രിയ വർഗീസ് പ്രതികരിച്ചു. യുജിസി റെഗുലേഷനെക്കുറിച്ച് ലവലേശം അറിവില്ലാത്തവരാണ് ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്യുന്നത് അദ്ധ്യാപന പരിചയമായി കണക്കാക്കില്ല എന്നു വാദിക്കുന്നത്. യുജിസി നോട്ടിഫിക്കേഷനിലെ ചില വരികൾ മാത്രം പൊക്കിപ്പിടിച്ചാണു ചിലരുടെ ആക്രോശമെന്നും ഫേസ്‌ബുക് പോസ്റ്റിൽ പ്രിയ വിശദീകരിക്കുന്നു.
സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടറായുള്ള പ്രിയയുടെ ഡപ്യൂട്ടേഷൻ ചട്ട വിരുദ്ധമാണെന്ന ആരോപണത്തിനും യുജിസി റഗുലേഷൻ അടിസ്ഥാനമാക്കി നാളെ വിശദമായ മറുപടി ഫേസ്‌ബുക്കിലൂടെ നൽകുമെന്നു പറഞ്ഞാണു പോസ്റ്റ് അവസാനിപ്പിച്ചത്. അങ്ങനെ സോഷ്യൽ മീഡിയയിലൂടെ പ്രിയ ഗവർണ്ണർക്ക് മറുപടി നൽകുകയാണ്. പക്ഷേ എല്ലാം പ്രിയയ്ക്ക് എതിരാണെന്ന വസ്തുതകളാണ് ചർച്ചയാകുന്നത്. തനിക്ക് തന്നെ ആ ജോലി വേണമെന്ന് പ്രിയ നിലപാട് എടുക്കുന്നതിന്റെ ഭാഗമാണ് ഈ പോസ്റ്റുകൾ. ഇത് മുഖ്യമന്ത്രി പിണറായി വിജയനെ പോലും ചൊടിപ്പിച്ചുവെന്നാണ് സൂചന. അതിനിടെ വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയിട്ടുണ്ട്. രണ്ടാം റാങ്കുകാരൻ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഇത്.
അതിനിടെ ഗവർണ്ണറെ അനുനയിപ്പിക്കാനുള്ള നീക്കവും സർക്കാർ തുടങ്ങി. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ആഴ്ചപരിഗണിക്കുന്നില്ല. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ഈ ബിൽ ചൊവ്വാഴ്ച കൊണ്ടുവരാനായിരുന്നു നേരത്തേ ആലോചന. ബിൽ സഭ പാസാക്കിയാലും ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമമാകില്ല. തമിഴ്‌നാട്ടിൽ സമാനമായ ബില്ലിൽ 6 മാസമായി ഗവർണർ ഒപ്പിട്ടിട്ടില്ല. അതുകൊണ്ട് സർക്കാർ, ഗവർണറുമായി അനുരഞ്ജന സാധ്യതയും തേടുന്നു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ ബുധനാഴ്ച അവതരിപ്പിക്കും. ഇത് അനിവാര്യമായ സാഹചര്യത്തിലാണ് നീക്കം, ആറു മാസം കഴിഞ്ഞാൽ ബിൽ തിരിച്ചയക്കണം. പിന്നീടൊരിക്കൽ കൂടി അയച്ചാൽ അത് അംഗീകരിക്കേണ്ടി വരും.
മുഖ്യമന്ത്രിക്കെതിരെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസ് ലോകായുക്തയ്ക്ക് മുമ്പിലാണ്. എപ്പോൾ വേണമെങ്കിലും കേസിൽ വിധി വരും. ആ വിധിയും ശുപാർശയും മുഖ്യമന്ത്രിക്കെതിരെ ആയാൽ അത് എത്തുക ഗവർണ്ണറുടെ കൈയിലാണ്. ഇത് ഒഴിവാക്കാനാണ് സർക്കാർ നീക്കം. ഇങ്ങനെ വിധി എതിരായാൽ മുഖ്യമന്ത്രിക്ക് രാജിയും വയ്‌ക്കേണ്ടി വരും. സിപിഐയുടെ എതിർപ്പ് കണക്കിലെടുത്താണ് മുമ്പിത് നിയമസഭയിൽ അവതരിപ്പിക്കാത്തത്. ഇത് വലിയ തിരിച്ചടിയായെന്ന് വിലയിരുത്തുകയാണ് സിപിഎമ്മും സർക്കാരും.
മറുനാടന് മലയാളി ബ്യൂറോ