- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ വിസിയുടെ കത്ത് കണ്ടു ഞെട്ടി; വിസി സ്ഥാനത്തിരിക്കുന്ന ആൾക്ക് രണ്ടു വരിപോലും തെറ്റില്ലാതെ എഴുതാൻ അറിയാത്തത് ലജ്ജാകരം; കത്ത് കണ്ട ഷോക്കിൽ നിന്നും ഉണരാൻ ഏറെ സമയമെടുത്തെന്നും ഗവർണർ; വൈസ് ചാൻസിലർക്കെതിരെ രൂക്ഷ പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ഡി-ലിറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടി. ലജ്ജാകരമായ ഭാഷയാണ് വിസി ഉപയോഗിച്ചതെന്നും ഗവർണർ പറഞ്ഞു.
ഞെട്ടലിൽനിന്ന് മോചിതനാകാൻ 10 മിനിട്ടെടുത്തു. വിസിയുടെ കത്തിന്റെ പേരിൽ കേരളത്തിനു പുറത്ത് നമ്മളെല്ലാം പരിഹാസ്യരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതിക്കു ഡി ലിറ്റ് ബിരുദം നൽകാൻ കേരള സർവകലാശാല തയാറാകാത്തതു സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. ഡി ലിറ്റ് നൽകാൻ കഴിയില്ലെന്നു വിസി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിനെക്കുറിച്ചും രൂക്ഷമായ ഭാഷയിൽ ഗവർണർ വിമർശിച്ചു. രാഷ്ടപതിക്ക് ഡി ലിറ്റ് നൽകാൻ താൻ വിസിയോട് നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു.
ഇങ്ങനെയാണോ ഒരു വൈസ് ചാൻസലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സർവകലാശാലയുടെ നിയമവും അധികാരികളും അനുവദിക്കുമെങ്കിൽ രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാമെന്നും നിർദ്ദേശിച്ചു. താൻ രാഷ്ട്രപതി ഭവനിൽ നേരിട്ടുപോയി പ്രത്യേക കേസായി പരിഗണിച്ച് ഡി ലിറ്റ് വാങ്ങണമെന്ന് അഭ്യർത്ഥിക്കാമെന്നും അറിയിച്ചു. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകി ആദരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്ന മറുപടിയാണ് വൈസ് ചാൻസലറിൽ നിന്ന് ലഭിച്ചത്. അഞ്ചു ദിവസത്തിനുശേഷം ഡിസംബർ 5ന്, സിൻഡിക്കേറ്റ് അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ച കാര്യം രാജ്ഭവനിൽ എത്തി വിസി അറിയിച്ചു. അക്കാര്യം എഴുതി നൽകാൻ താൻ ആവശ്യപ്പെട്ടു. എഴുതാൻ മാത്രമല്ല കാര്യങ്ങൾ പറയാനും വിസിക്ക് അറിയില്ലെന്നു ഗവർണർ കുറ്റപ്പെടുത്തി. വിസിയുടെ കത്തു കണ്ടപ്പോൾ താൻ സ്തബ്ധനായി. ഒരു വിസിക്ക് എങ്ങനെ ഇത്തരം വാചകങ്ങൾ എഴുതാൻ കഴിയും. എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.
സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നൽകാനാവില്ലെന്ന മറുപടി നൽകിയതെന്ന് വിസി അറിയിച്ചു. പക്ഷേ സിൻഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിർദ്ദേശം പാലിച്ചിരുന്നില്ല. ചാൻസലർ എന്ന നിലയിൽ എന്നെ ധിക്കരിച്ചു. താൻ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ല. ഇനി അത് പറ്റില്ലെന്ന് ഗവർണർ പറഞ്ഞു.
മറ്റാരുടേയോ നിർദ്ദേശപ്രകാരമാണ് വിസി മറുപടി നൽകിയത്. അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു. എന്നാൽ മുഖ്യമന്ത്രിയുമായി സംസാരിക്കാനായില്ല. ചാൻസലർ പറഞ്ഞിട്ടും സിൻഡിക്കറ്റ് യോഗം വിളിക്കാത്തപ്പോൾ പുറത്തുനിന്ന് ആരോ ഇടപെടൽ നടത്തിയിരിക്കുന്നു എന്നു തോന്നി. തുടർന്ന്, സർക്കാരുമായി പോരാട്ടത്തിനു പോകുന്നതിനു പകരം ചാൻസലർ സ്ഥാനത്തു പകരം ആളെ വയ്ക്കാൻ ആവശ്യപ്പെട്ടു കത്തു നൽകിയെന്നും ഗവർണർ പറഞ്ഞു.
രാജ്യത്തു തന്നെ പഴക്കം ചെന്ന സർവകലാശാലയുടെ വിസിയാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നതെന്ന് ഓർക്കണമെന്നു ഗവർണർ പറഞ്ഞു. സർവകലാശാലകളിൽ വിശിഷ്ട വ്യക്തികളുമായുള്ള ആശയവിനിമയം നടക്കുന്നില്ലെന്നു വിദ്യാർത്ഥികൾ പരാതി പറയുന്നതായി വിസിയെ രാജ്ഭവനിൽ വിളിച്ചു വരുത്തി അറിയിച്ചിരുന്നു. കോവിഡാണെങ്കിൽ ആളുകളെ നിയന്ത്രിക്കാമെന്നും പക്ഷേ പരിപാടി നടത്തണമെന്നും നിർദ്ദേശിച്ചു. കുറേ നാളുകൾക്കു ശേഷം വിസി പരിപാടിയിൽ പങ്കെടുപ്പിക്കാൻ ആലോചിക്കുന്നവരുടെ പട്ടിക രാജ്ഭവനു കൈമാറി. രാജ്യത്തുതന്നെ പഴയ സർവകലാശാലയായതിനാൽ തനിക്കു പകരം രാഷ്ട്രപതിയെ വിളിച്ചു കൂടെ എന്ന് വിസിയോട് ആരാഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ