- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീയെ അടിച്ചമർത്താൻ; പെൺകുഞ്ഞുങ്ങളെ കുഴിച്ചു മൂടിയിരുന്ന പഴയ അറേബിയൻ മനസാണ് ചിലർക്കിന്നും; ഹിജാബ് വിവാദം ഗൂഢാലോചനയെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ന്യൂഡൽഹി: ഹിജാബിന് വേണ്ടി വാദിക്കുന്നവർക്ക് പിന്നിൽ മുസ്ലിം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിജാബിന് അനുകൂലമായ വാദങ്ങളെ ശക്തമായ ഭാഷയിലാണ് ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചത്.
മുസ്ലിം പെൺകുട്ടികളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാൻ ആഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും കൃത്യമായ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങൾ ഉയരുന്നതെന്നും ഗവർണർ എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു. മുസ്ലിം സ്ത്രീകളെ വീട്ടിൽ ഒതുക്കാനാണ് ഹിജാബ് വിവാദം ഉയർത്തുന്നത്. ഇതിന് പിന്നിൽ മുസ്ലിം പെൺകുട്ടികൾ മുന്നോട്ട് വരരുത് എന്നാഗ്രഹിക്കുന്നവരാണ്.
പെൺകുഞ്ഞുങ്ങൾ ജനിച്ചതിന് പിന്നാലെ അവരെ കുഴിച്ച് മൂടിയിരുന്ന പഴയ അറേബിയൻ മനസാണ് ചിലർക്കിന്നും. ഇത്തരം വിവാദം സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്ന് പിന്നോട്ടടിപ്പിക്കും. ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീയെ അടിച്ചമർത്താനാണെന്നും ഗവർണർ വിമർശിച്ചു.
എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നിൽ പെൺകുട്ടികളാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കൽ അല്ലെന്നും ഇന്നലെ ഗവർണർ പറഞ്ഞിരുന്നു. ഹിജാബിനെ പ്രവാചകന്റെ കാലത്ത് തന്നെ സ്ത്രീകൾ എതിർത്തിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു. ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകൾ വാദിച്ചിരുന്നുവെന്നും മുൻപ് ഗവർണർ പറഞ്ഞിരുന്നു.
അതേസമയം ഹിജാബ് സംഘർഷങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന ആരോപണങ്ങൾക്കിടെ കർണാടക സർക്കാർ വിശദമായ അന്വേഷണം തുടങ്ങി. വിദ്യഭ്യാസ സ്ഥാപനങ്ങളിൽ തുടങ്ങിയ പ്രതിഷേധം സംഘർഷമായി തെരുവുകളിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ സമഗ്ര അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. കോളേജുകളിൽ നടന്ന പ്രതിഷേധങ്ങളിൽ പുറത്ത് നിന്നുള്ളവരും പങ്കെടുത്തെന്നാണ് പൊലീസ് കണ്ടെത്തൽ.
തീവ്ര സ്വഭാവമുള്ള സംഘടനാ പ്രവർത്തകരിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ചില വിദ്യാർത്ഥി സംഘടനകൾ വഴിയാണ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ജമാത്ത് ഉലുമ ഐ ഹിന്ദ് എന്ന സംഘടനയാണ് പ്രതിഷേധങ്ങൾക്ക് പിന്നില്ലെന്ന് ആരോപിച്ച് ഹിന്ദുസംഘടനകൾ രംഗത്തെത്തിയിരുന്നു. ഇത്തരം സംഘടനകളുടെ സാമ്പത്തിക സ്രോതസ് പൊലീസ് പരിശോധിക്കുകയാണ്.
ന്യൂസ് ഡെസ്ക്