- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ അധികാരവുമുണ്ടെന്ന് സർക്കാരിനെ കൊണ്ട് നിലപാട് എടുപ്പിച്ചു; പി ആർ ഒയെ തിരിച്ചെടുക്കാൻ അതിന് ശേഷം ഉത്തരവിട്ടിട്ടും അംഗീകരിക്കുന്നില്ല; കലാമണ്ഡലം സർവ്വകലാശാല വിസിയെ രാജ്ഭവൻ വിളിപ്പിക്കുന്നത് തീരുമാനം നടപ്പാപ്പിക്കാൻ; ഗവർണ്ണർ വീണ്ടും കളത്തിലേക്ക്
തിരുവനന്തപുരം: വീണ്ടും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നടപടികൾക്ക്. കലാമണ്ഡലം സർവകലാശാലാ വൈസ് ചാൻസലറെ വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും പോരിനിറങ്ങുന്നുവെന്ന സൂചന നൽകുകയാണ്. കലാമണ്ഡലത്തിലെ പി.ആർ.ഒ.യെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ഫയലുകളുമായി തിങ്കളാഴ്ച രാജ്ഭവനിൽ എത്താനാണ് ഗവർണറുടെ ഓഫീസ് വി സി. ടി.കെ. നാരായണനോടു നിർദ്ദേശിച്ചത്.
ഗവർണർക്കെതിരേ വി സി. നൽകിയ കേസ് സർക്കാർ നിർദ്ദേശത്തെത്തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ ഗവർണർ നിർദ്ദേശിച്ചിട്ടും പി.ആർ.ഒ.യ്ക്ക് നിയമനം നൽകിയില്ല. ഇതാണ് പ്രകോപനമാകുന്നത്. സർവകലാശാലാ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശത്തു നടത്തിയ ഒരു പരിപാടിയുടെ മുഴുവൻ പണവും സർവകലാശാലയ്ക്കു ലഭിച്ചില്ലെന്ന വീഴ്ച ചൂണ്ടിക്കാട്ടിയാണ് 2017-ൽ പി.ആർ.ഒ. ഗോപീകൃഷ്ണനെ വി സി. സസ്‌പെൻഡ് ചെയ്തത്. വിദേശ പരിപാടിയുടെ ടൂർ കോ-ഓർഡിനേറ്ററായിരുന്നു പി.ആർ.ഒ.
പണം മുഴുവനും ലഭിക്കാത്തതിന് പി.ആർ.ഒ. കാരണക്കാരൻ അല്ലാതിരുന്നിട്ടും അദ്ദേഹത്തിനുമേൽ കുറ്റം ചുമത്തുകയായിരുന്നു എന്നാണ് ആരോപണം. നഷ്ടമായ തുകയും പലിശയും പി.ആർ.ഒ. സ്വന്തംനിലയ്ക്ക് സർവകലാശാലയ്ക്ക് നൽകി. ഇതും അംഗീകരിച്ചില്ല. ആദ്യം സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. ഇതേത്തുടർന്ന് പി.ആർ.ഒ. ഗവർണർക്ക് പരാതി നൽകി. ഇതു പരിഗണിച്ച് തിരിച്ചെടുക്കാൻ ഗവർണർ ഉത്തരവിട്ടു. ഇതിനിടെയാണ് വിവാദം തുടങ്ങുന്നത്.
ഹിയറിങ് നടക്കവേ, കൽപ്പിത സർവകലാശാലയായ കലാമണ്ഡലത്തിൽ ഗവർണർക്ക് ഇടപെടാൻ അധികാരമില്ലെന്ന് വി സി വാദിച്ചു. തുടർന്ന് ഗവർണർ വാദം നിർത്തിവെച്ച് സർക്കാരിനോട് അഭിപ്രായം തേടി. മാസങ്ങൾക്കുശേഷമാണ് സർക്കാർ മറുപടി നൽകിയത്. കലാമണ്ഡലത്തിലും ഗവർണർക്ക് ഇടപെടാൻ അധികാരമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെ തീരുമാനം പി ആർ ഒയ്ക്ക് അനുകൂലമായി. എന്നിട്ടും പി ആർ ഒയെ തിരിച്ചെടുത്തില്ല,
വി സി., ഗവർണറുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകി. സർവകലാശാലയിൽ പി.ആർ.ഒ. തസ്തിക ആവശ്യമില്ലെന്നും അത് ഇല്ലാതാക്കിയെന്നും കാട്ടി വി സി. സർക്കാരിന് കത്തയച്ചു. സർക്കാർ അത് അംഗീകരിച്ചില്ല. ചാൻസലറുടെ അധികാരത്തിന്മേൽ സർക്കാർ കൈകടത്തുന്നുവെന്ന് കാട്ടിയുള്ള ഗവർണറുടെ കത്തിൽ കലാമണ്ഡലം വി സി.യുടെ നടപടിയെയും വിമർശിച്ചിരുന്നു. അതിന് ശേഷവും വിസി വെടിനിർത്തലിന് തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ഗവർണ്ണർ നടപടിക്കൊരുങ്ങുന്നത്.
യുജിസി. മാനദണ്ഡപ്രകാരം ഗവർണർക്ക് ചാൻസലർ പദവിക്ക് അർഹതയില്ലെന്നായിരുന്നു വി സി. ഡോ. ടി.കെ. നാരായണന്റെ നിലപാട്. 2017-ൽ പി.ആർ.ഒ. സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഒരാൾ, തന്നെ തിരിച്ചെടുക്കണമെന്നു കാണിച്ച് ഗവർണർക്ക് നൽകിയ പരാതിയാണ് സംഭവങ്ങളുടെ തുടക്കം. രാജ്ഭവനിൽ ഈ വിഷയത്തിൽ നടത്തിയ സിറ്റിങ്ങിലാണ് ഗവർണർക്ക് ഇതിൽ ഇടപെടാൻ അധികാരമില്ല എന്ന് കലാമണ്ഡലം ലീഗൽ അഡൈ്വസർ വാദിച്ചത്. ഇതാണ് വിവാദങ്ങൾക്ക് തുടക്കമായത്.
കാലിക്കറ്റ് സർവകലാശാലയിലെ മുൻ സംസ്‌കൃത പ്രൊഫസറും സിൻഡിക്കേറ്റംഗവുമായിരുന്ന ഡോ. നാരായണൻ കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ ഇന്ത്യൻ ലോജിക് ഡീനായും പ്രവർത്തിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ