- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുബ്ബയയ്യെ മോചിപ്പിക്കുന്നതിന് ഭീകരരെ വിട്ടു കൊടുക്കുന്നതിനെ എതിർത്ത കാശ്മീർ മുഖ്യമന്ത്രി; കേന്ദ്ര സർക്കാരിലെ ചിലരുടെ കളി അട്ടിമറിയായി; അങ്ങനെ അഞ്ചു ഭീകരർ മോചിപ്പിക്കപ്പെട്ടു; പിന്നീട് നടന്നത് വംശഹത്യ; കാശ്മീർ ഫയൽ തുറന്നത് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ; നന്ദിയുമായി ഒമറും
ശ്രീനഗർ: കാശ്മീർ ഫയൽ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പുത്രി ഡോ. റുബയ്യയെ 1989ൽ മോചിപ്പിക്കുന്നതിന് പകരം ഭീകരരെ വിട്ടുകൊടുക്കുന്നതിനെ ഫാറൂഖ് അബ്ദുല്ല എതിർത്തിരുന്നു എന്നു പറഞ്ഞതിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഒമർ അബ്ദുല്ല നന്ദി പറഞ്ഞത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. വസ്തുതകൾ പുറത്തുപറഞ്ഞതിനും അതിൽ ഉറച്ചുനിന്നതിനും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായി ഫാറൂഖിന്റെ മകനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ പറഞ്ഞു. തീവ്രവാദികളോട് സന്ധിയില്ലെന്ന ഫാറൂഖ് അബ്ദുല്ലയുടെ നിലപാടാണ് വീണ്ടും ചർച്ചയാകുന്നത്.
അടുത്തിടെ ടിവി അഭിമുഖത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യം പറഞ്ഞത്. അന്നത്തെ വിദേശകാര്യമന്ത്രി ഐ.കെ. ഗുജ്‌റാളിനൊപ്പം താനും മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ കാണാൻ പോയി. റുബയ്യയെ മോചിപ്പിക്കുന്നതിനായി ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരരെ വിട്ടുകൊടുക്കുന്നതിന് ഫാറൂഖ് എതിരായിരുന്നു. അദ്ദേഹത്തെ അഭിനന്ദിച്ച താൻ ആ വിഷയത്തിൽ ഫാറൂഖിനെ ഏതറ്റം വരെയും പിന്തുണയ്ക്കുമെന്ന് ഉറപ്പുനൽകി. എന്നാൽ കേന്ദ്രസർക്കാരിലുള്ള ചിലർ ആ വിഷയത്തിൽ നിന്ന് തന്നെ അകറ്റിനിർത്തിയെന്നും ആരിഫ് പറയുന്നു. 1989 ഡിസംബർ 8ന് ആണ് ഡോ. റുബയ്യയെ ഭീകരർ തട്ടിക്കൊണ്ടുപോയത്. പകരം 5 ഭീകരരെയാണു വിട്ടത്. ഇത് ഭരണകൂടത്തിലെ ചിലരുടെ ഗൂഡനീക്കമായിരുന്നുവെന്നാണ് ഇപ്പോൾ ചർച്ചയാകുന്നത്.
അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു മുഫ്തി മുഹമ്മദ് സയീദ്. സയീദിന്റെ മകൾ റുബയ്യയെ ഭീകരർ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, തടവിലായിരുന്ന തീവ്രവാദികളെ മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കാശ്മീർ ഫയൽ എന്ന സിനിമയ്ക്ക് ആധാരമായ വംശഹത്യ ആരംഭിച്ചത്. ബിട്ട കരാട്ടെ ആയിരുന്നു വംശഹത്യക്ക് നേതൃത്വം നൽകിയത്. 1990 ജൂണിൽ അറസ്റ്റിലാകുന്നതുവരെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവനായിരുന്നു ഇയാൾ. 1991-ൽ തടങ്കലിൽ കഴിയുമ്പോൾ ബിട്ട ഒരു അഭിമുഖം നൽകുകയുണ്ടായി. ഏകദേശം 31 വർഷം മുമ്പ്. അന്നത്തെ അഭിമുഖത്തിൽ താൻ പ്രാദേശിക ഭരണകൂടത്തിന്റെ ഉപദ്രവം കാരണമാണ് തീവ്രവാദിയായതെന്നായിരുന്നു ബിട്ട പറഞ്ഞത്.
ജെ.കെ.എൽ.എഫിന്റെ ഏറ്റവും മുതിർന്ന കമാൻഡർ അഷ്ഫാഖ് മജീദ് വാനിയാണ് കാശ്മീരി പണ്ഡിറ്റുകളെ ഉന്മൂലനം ചെയ്യാൻ ഉത്തരവിട്ടതെന്ന് ബിട്ട കരാട്ടെ പറഞ്ഞിട്ടുണ്ട്. ബിട്ട കരാട്ടെ ഉൾപ്പെടെയുള്ളവരെ തീവ്രവാദ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയത് വാനി ആയിരുന്നു. ഇയാൾ പിന്നീട് ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 1990-ൽ സുരക്ഷാ സേനയ്ക്ക് നേരെ കൈ ഗ്രനേഡ് എറിഞ്ഞ വാനിയെ 'ജെനുവിൻ ആയ വ്യക്തി' എന്നായിരുന്നു ബിട്ട വിശേഷിപ്പിച്ചത്. 'കശ്മീരിനെ ഇന്ത്യയിൽ നിന്ന് എടുക്കാനാകുമെന്ന് ഞങ്ങൾ കരുതി. ഞാൻ ഒരിക്കലും എന്റെ സ്വന്തം ഇഷ്ടപ്രകാരം ആരെയും കൊന്നിട്ടില്ല.
അഷ്ഫാഖ് മജീദ് വാനിയിൽ നിന്ന് എനിക്ക് ഓർഡർ ലഭിച്ചു. അയാൾ കൊല്ലാൻ പറഞ്ഞവരെയാണ് ഞാൻ കൊന്നത്. അല്ലാതെ, ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല. എന്റെ സഹോദരനെയോ അമ്മയെയോ കൊല്ലാൻ അദ്ദേഹം എന്നോട് ഉത്തരവിട്ടിരുന്നെങ്കിൽ, ഞാൻ അവരെയും കൊല്ലുമായിരുന്നു', ബിട്ട പറഞ്ഞിരുന്നു. കാശ്മീർ ഫയൽസ് എന്ന ചിത്രമാണ് ഇതെല്ലാം ചർച്ചയാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ