തിരുവനന്തപുരം: ഹിജാബ് വിവാദത്തിലും ഏക സിവിൽ കോഡ് വിഷയത്തിലും നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിജാബ് വിവാദം മുസ്ലിം പെൺകുട്ടികളെ വീടകങ്ങളിൽ തളച്ചിടാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുഷിച്ച ആസൂത്രണമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ രാഷ്ട്രീയ ചർച്ചകൾക്കില്ലെന്ന് പറഞ്ഞ ഗവർണർ ഏക സിവിൽകോഡിനെ അനുകൂലിക്കുന്നെന്ന നിലപാട് വ്യക്തമാക്കി. ഏക സിവിൽ കോഡ് ആരുടേയും അവകാശവും സ്വത്വവും ഹനിക്കാനല്ല. ഏക സിവിൽകോഡ് വരുന്നതോടെ വിവാഹ നിയമളെല്ലാം ഏകീകരിക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാഹനിയമങ്ങൾ എല്ലാ വിഭാഗത്തിനും ഏകീകരിക്കപ്പെടും. മുസ്ലിം വിവാഹങ്ങളിൽ മെഹറാണ് പ്രധാനം.എന്നാൽ മുസ്ലിം വിവാഹങ്ങളിൽ എത്ര പേർ കൃത്യമായി വധുവിന് മെഹർ കൊടുക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ട്, ദുഷിച്ച ആസൂത്രണമാണത്. ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാർ.

എത്രപേർ കൃത്യമായി ഈ മെഹർ കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം ചോദിച്ചു. കാവി നിറം തനിക്ക് കണ്ണിന് കുളിർമ്മയേകുന്നതാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. മുസ്ലീമിന്റെ നിറമല്ല പച്ച. താൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണ്. മുസ്ലിം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുറാൻ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം.

ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 1986 മുതൽ അവർ (മുസ്ലിം ലീഗ്) എന്നെ കരിവാരി തേക്കുകയാണ്. ഞാൻ ഖുറാനെതിരാണെന്നാണ് പറയുന്നത്. എനിക്ക് രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താല്പര്യമില്ല. ഞാൻ ഖുറാനിലുള്ളതാണ് പറയുന്നത്. എന്നെ പഠിപ്പിക്കുന്നതിന് എനിക്ക് അവരോട് നന്ദിയുണ്ട്.

കാവി എനിക്ക് പരിത്യാഗത്തിന്റെ നിറമാണ്. ത്യാഗത്തിന്റെയും മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്. 1986ൽ ഞാൻ രാജിവെക്കുമ്പോൾ ബിജെപിക്ക് രണ്ട് എംപിമാർ മാത്രമാണ് ഉണ്ടായിരുന്നത്. 25ാമത്തെ വയസ്സിൽ മന്ത്രിയായതാണ് ഞാൻ. നരേന്ദ്ര മോദിയുമായി മൂന്ന് തവണ മാത്രമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്.

മുസ്ലിം സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് ഇസ്ലിം ചരിത്രത്തിൽ നിന്നും വ്യക്തമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകൾ വാദിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞിരുന്നു.