തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ ഉടൻ നിർത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൻഷൻ വിഷയം ഗൗരവമായി എടുക്കുകയാണ്. പെൻഷൻ അവസാനിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പേഴ്‌സണൽ സ്റ്റാഫിനുള്ള പെൻഷൻ ഫയൽ വിളിപ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നും നടപടിക്ക് ഒരു മാസം പോലും വേണ്ടി വരില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. മന്ത്രിമാർക്ക് ഇരുപതിലധികം പേഴ്സണൽ സ്റ്റാഫുകളുണ്ട്. സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുന്നുവെന്നും ഗവർണർ നേരത്തെ ആരോപിച്ചിരുന്നു.

നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റാണ്. പെൻഷനും ശമ്പളവും ഉൾപ്പെടെ വൻ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. രണ്ടു വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റി നിയമിക്കുന്നു. ഈ രീതി റദ്ദാക്കണം. ഇത് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ നിലപാടിൽ നിന്നും പിന്നോട്ടില്ല. രാജ്ഭവനെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കരുത്. സർക്കാരിന് അതിന് അവകാശമില്ല. ജ്യോതിലാലിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രപതിയോടു മാത്രമേ തനിക്ക് ഉത്തരം പറയേണ്ട ബാധ്യതയുള്ളുവെന്നും ഗവർണർ ആഞ്ഞടിച്ചു.

അതേസമയം തന്നെ വിമർശിച്ച കാനം രാജേന്ദ്രനും ഗവർണർ മറുപടി നല്കി. ഇടതു മുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുതെന്നും മുന്നണിയിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ അത് തന്റെ മേൽ തീർക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന സംഭവവവികാസങ്ങളിൽ തനിക്ക് യാതൊരു വിധത്തിലുള്ള മനഃപ്രയാസവുമില്ലെന്നും താൻ ആത്മവിശ്വാസത്തിലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

പാർട്ടി പ്രവർത്തകരെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവർക്ക് പെൻഷൻ നൽകുന്നതിനെതിരായ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും ഗവർണർ ആവർത്തിച്ചു. ഇത്തരത്തിൽ സർക്കാർ പൊതുഖജനാവിൽ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങൾക്ക് എതിരാണ്. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുമ്പോൾ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാൽ തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യമില്ലാത്ത ആർഭാടമാണ് ഗവർണർ എന്നും 157 സ്റ്റാഫുള്ള രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രൻ വിമർശിച്ചിരുന്നു. മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാൻ ബാധ്യതപ്പെട്ടയാളാണ് ഗവർണർ. ആ ബാധ്യത അദ്ദേഹം നിർവഹിക്കേണ്ടതാണ്. അതു ചെയ്തില്ലെങ്കിൽ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പേഴ്‌സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നും അത് എക്‌സിക്യൂട്ടീവിന്റെ അധികാരത്തിൽ പെട്ടതാണെന്നും കാനം ചൂണ്ടിക്കാട്ടിയിരുന്നു.