- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തെഴുതി 'അപമാനിച്ച' പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ മാറ്റി; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് ചർച്ചചെയ്യാമെന്നും മുഖ്യമന്ത്രിയുടെ ഉറപ്പ്; നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ട് ഗവർണർ; മുൾമുനയിൽ നിർത്തിയ 'പ്രതിസന്ധി' പരിഹരിച്ചത് ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ചേരാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് മണിക്കൂറുകളോളം സർക്കാരിനെ മുൾമുനയിൽ നിർത്തിയ ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ നയപ്രഖ്യാപനത്തിൽ ഒപ്പുവച്ചു. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്നതടക്കം ചില ഉപാധികളാണ് ഗവർണർ മുന്നോട്ടുവച്ചത്.
മുഖ്യമന്ത്രി രാജ്ഭവനിലെത്തി അനുനയനീക്കം നടത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ നിലപാടിൽ ഉറച്ച് നിന്നു. ഗവർണറുടെ അഡീഷണൽ പി.എ ആയി ഹരി എസ് കർത്തയെ നിയമിക്കണമെന്ന സർക്കാർ ശുപാർശ അതൃപ്തിയോടെയാണ് സർക്കാർ അംഗീകരിച്ചത്. അതൃപ്തി അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ. ആർ ജ്യോതിലാൽ രാജ്ഭവനിലേക്ക് കത്തയക്കുകയും ചെയ്തു. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്.
അവസാന മണിക്കൂറിൽ ഗവർണർ ഇടഞ്ഞതോടെ പ്രശ്നപരിഹാരത്തിന് സർക്കാർ വഴികൾ തേടി. ഗവർണർ വഴങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി എ.കെ ജി സെന്ററിലെത്തി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. അനുരഞ്ജനത്തിന്റെ ഭാഗമായി കത്തയച്ച ജ്യോതിലാലിനെ മിന്നൽ വേഗത്തിൽ തൽസ്ഥാനത്ത് നിന്ന് മാറ്റി. പകരം ശാരദ മുരളീധരനെ പൊതുഭരണ സെക്രട്ടറിയായി നിയമിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രി നേരിട്ട് ഗവർണറെ ഫോണിൽ വിളിച്ച് വീണ്ടും സംസാരിച്ചു. ഗവർണറുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കുന്നുവെന്നും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് ചർച്ചചെയ്യാമെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു
കത്തെഴുതി 'അപമാനിച്ച' ജ്യോതിലാലിനെ മാറ്റിയതോടെ ഗവർണർ വഴങ്ങി. വൈകുന്നേരം 6.32 ഓടെ ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പുവച്ചു. അതോടെ ഒരുമണിക്കൂർ നേരം നീണ്ട അനിശ്ചിതത്വത്തിനും പ്രതിസന്ധിക്കും പരിഹാരമായി. സർക്കാരിനും ആശ്വാസമായി.
മന്ത്രിമാരുടെ സ്റ്റാഫിനു പെൻഷൻ നൽകുന്ന വിഷയത്തിലാണ് പ്രധാനമായും ഗവർണർ വിയോജിച്ചത്. തന്റെ പഴ്‌സനൽ സ്റ്റാഫിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കർത്തയെ നിയമിച്ചതു സംബന്ധിച്ച് സർക്കാർ വിയോജന കത്ത് നൽകിയതും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഗവർണറെ പ്രേരിപ്പിച്ചതായി സൂചനയുണ്ട്.
സർക്കാരിനു വേണ്ടി വിയോജന കത്തു നൽകിയ പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റിയ ഉത്തരവ് പുറത്തിറങ്ങിയ ശേഷമാണ് ഗവർണർ പ്രസംഗത്തിന് അംഗീകാരം നൽകിയത്. നിയമസഭാ സമ്മേളനം ചേരാൻ നേരത്തേ ഗവർണർ അനുമതി നൽകിയിരുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് രാവിലെ 9 മണിക്കു സഭാ സമ്മേളനം ആരംഭിക്കുന്നത്. സ്ഥിരം ജീവനക്കാർ പങ്കാളിത്ത പെൻഷനു വിഹിതം നൽകുമ്പോൾ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിനു ഇതൊന്നുമില്ലാതെ പെൻഷൻ നൽകുന്നതു ശരിയല്ലെന്നാണു ഗവർണറുടെ നിലപാട്. നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചു ഗവർണർക്കു എതിർപ്പില്ലായിരുന്നു.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവർണറെ കണ്ട് നയപ്രഖ്യാപന പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്. ഉച്ചയ്ക്കു മുഖ്യമന്ത്രി രാജ്ഭവനിലെത്തി ചർച്ച നടത്തിയെങ്കിലും ഗവർണർ വഴങ്ങിയില്ല. മുഖ്യമന്ത്രിയും ഗവർണറുമായുള്ള ചർച്ച അരമണിക്കൂറോളം നീണ്ടു. മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ചക്കിടെ പരസ്പരം ക്ഷോഭിച്ച് സംസാരിച്ചുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.
പിന്നാലെ, ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. പഴ്‌സനൽ സ്റ്റാഫിൽ രണ്ടു വർഷം പൂർത്തിയാക്കിയാൽ പെൻഷൻ നൽകുന്നതിനോടു യോജിക്കാനാകില്ലെന്നാണു ഗവർണരുടെ നിലപാട്. ഇതു സംബന്ധിച്ച് സിഎജിയുമായും അദ്ദേഹം ചർച്ച നടത്തി. വൈകിട്ടോടെ പൊതുഭരണ സെക്രട്ടറിയെ മാറ്റിയ ഉത്തരവ് രാജ്ഭവനിലെത്തിയതോടെ പ്രസംഗത്തിനു ഗവർണർ അംഗീകാരം നൽകി.
ഇതാദ്യമായല്ല നിയമസഭാ സമ്മേളനവുമായും നയപ്രഖ്യാപന പ്രസംഗവുമായും ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ തർക്കം ഉണ്ടാകുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമം പിൻവലിക്കണമെന്ന നിയമസഭാ പ്രമേയത്തിനു ഭരണഘടനാപരമായോ നിയമപരമായോ സാധുതയില്ലെന്ന് 2020ൽ ഗവർണർ വ്യക്തമാക്കിയതോടെയാണ് തർക്കങ്ങൾ ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. പിന്നാലെ, നിയമസഭയിൽ താൻ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ പരാമർശങ്ങൾ പുനഃപരിശോധിക്കണമെന്ന് ഗവർണർ സർക്കാരിനു കത്ത് നൽകി.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മാറ്റാനാകില്ലെന്നായിരുന്നു സർക്കാർ നിലപാട്. പൗരത്വ വിഷയത്തെക്കുറിച്ചു പറയുന്ന പ്രസംഗത്തിലെ 18ാം പാരഗ്രാഫ് വായിക്കില്ലെന്ന് ഗവർണർ സർക്കാരിനെ അറിയിച്ചു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കിയ ചരിത്രമുണ്ടെങ്കിലും വായിക്കില്ലെന്ന് മുൻകൂട്ടി അറിയിക്കുന്നത് ആദ്യമായിരുന്നു. എന്നാൽ, നിലപാട് മാറ്റിയ ഗവർണർ വിയോജിക്കുന്നുവെന്ന മുഖവുരയോടെ പ്രസംഗം വായിക്കുകയായിരുന്നു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിൽ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു.
പെൻഷൻ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങൾ രണ്ടുവർഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ല. സർക്കാർ ചെലവിൽ പാർട്ടി കേഡർമാരെ വളർത്തുന്നതിനോട് യോജിക്കാനാവില്ല. പേഴ്സണൽ സ്റ്റാഫുകളെ ഇഷ്ടംപോലെ നിയമിച്ച്, അവർക്ക് ശമ്പളവും പെൻഷനും ഉറപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഒരു നാണവുമില്ലാത്ത ഏർപ്പാടാണതെന്ന് ഗവർണർ പറഞ്ഞിരുന്നു. ബിജെപി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ