- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേഴ്സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചത് സ്വന്തം തീരുമാനം; വിഷയത്തിൽ സർക്കാർ തലയിടേണ്ടെന്ന് ഗവർണർ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതിൽ വിമർശനം; സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർത്തി ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്.കർത്തയെ ഗവർണറുടെ അഡീഷണൽ പിഎ ആയി നിയമിച്ചതിൽ അതൃപ്തി വ്യക്തമാക്കിയ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പേഴ്സണൽ സ്റ്റേഫായി ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തിൽ സർക്കാർ തലയിടേണ്ടതില്ലെന്നും ഗവർണർ തുറന്നടിച്ചു. ഒരു ന്യൂസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗവർണർ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചത്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതിനെതിരേയും ഗവർണർ രംഗത്തെത്തി. രണ്ട് വർഷത്തിന് ശേഷം ഇത്തരക്കാർക്ക് പെൻഷൻ നൽകുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്സണൽ സ്റ്റാഫ് പദവിയിൽ നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാർട്ടിയിലേക്ക് തിരികെയെത്തി പ്രവർത്തിക്കുന്നു. ഇപ്രകാരം പാർട്ടി കേഡറുകളെ വളർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വർഷത്തിന് ശേഷം പെൻഷൻ നൽകുന്ന ഇത്തരം പേഴ്സണൽ സ്റ്റോഫ് നിയമനം നാണംകെട്ട ഏർപ്പാടാണ്. പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് സർക്കാർ ചെലവിലല്ലെന്നും ഗവർണർ വിമർശിച്ചു.
ഗവർണറുടെ പേഴ്സണൽ സ്റ്റോഫായി ഹരി എസ്. കർത്തയുടെ നിയമനം വന്നതിനെതിരേ കഴിഞ്ഞ ദിവസമാണ് സർക്കാർ അതൃപ്തി അറിയിച്ചത്. ഗവർണറുടെ താത്പര്യം കൊണ്ടുമാത്രമാണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രിയുടെ വിയോജനത്തോടെയാണ് ഉത്തരവ് ഇറങ്ങിയതെന്നുമായിരുന്നു സർക്കാർ വാദം. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് സർക്കാർ കത്തിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരേ ഗവർണറും കടുത്ത വിമർശനം ഉന്നയിച്ചത്.
ഗവർണറുടെ അഡീഷണൽ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുൻ കൺവീനറുമായ ഹരി എസ് കർത്തയെ നിയമിക്കാൻ ഗവർണർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണൽ പിഎ ആയി സർക്കാർ നിയമിച്ചു. എന്നാൽ ഈ നിയമനത്തോടൊപ്പം ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലാണ് സർക്കാർ നിയമനത്തിലുള്ള വിയോജിപ്പ് വ്യക്തമാക്കിയത്.
സജീവ രാഷ്ട്രീയത്തിലുള്ള ഒരാളെ രാജ്ഭവനിൽ നിയമിക്കുന്ന കീഴ്വഴക്കം സംസ്ഥാനത്ത് ഇല്ല. മാത്രമല്ല, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി നേരിട്ട് ബന്ധം പുലർത്തുകയോ അല്ലെങ്കിൽ അത്തരത്തിൽ സജീവമായി ബന്ധമുള്ളവരേയോ നിയമിക്കുന്ന രീതിയും കേരളത്തിൽ ഇല്ല. അത്തരം ഒരു കീഴ്വഴക്കം തുടരുന്നത് തന്നെയാണ് നല്ലത്. എന്നാൽ ഗവർണർ ഇക്കാര്യത്തിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചതുകൊണ്ട് മാത്രം ഈ നിയമനം അംഗീകരിക്കുന്നു എന്ന് അറിയിച്ചു കൊണ്ടാണ് സംസ്ഥാന പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ കത്ത്.
ഹിജാബ് വിവാദം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഗവർണർ വ്യക്തമാക്കി. സ്കൂളുകളിൽ യൂണിഫോം അച്ചടക്കത്തിന്റെ ഭാഗമാണ്. ചിലർ ഗൂഢാലോചന നടത്തിയുണ്ടാക്കുന്ന വിവാദമാണ് ഇതെല്ലാമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
ഹിജാബ് സ്ത്രീകളുടെ പുരോഗതി തടയാനെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് ഖുർആൻ നിർദ്ദേശിക്കുന്നില്ല. വിലക്കുകൾ സ്ത്രീകളുടെ പുരോഗതി തടയാനാണ്. വിദ്യാലയങ്ങൾക്ക് യൂണിഫോം തീരുമാനിക്കാം. ഹിജാബിനായി വാദിക്കുന്ന പെൺകുട്ടികൾ കടുംപിടിത്തം ഉപേക്ഷിക്കണം.
കർണാടകയിലെ ഹിജാബ് വിവാദം ഷബാനു കേസ് അട്ടിമറിച്ചവരുടെ ഗൂഢാലോചനയാണ്. മുസ്ലിം സമുദായത്തെ ന്യൂനപക്ഷമെന്ന് വിളിക്കുന്നത് തെറ്റാണ്. സമുദായത്തെ ന്യൂനപക്ഷമെന്ന് വിളിച്ച് മാറ്റിനിർത്തിയത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.
ന്യൂസ് ഡെസ്ക്