തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കേ ഗവണർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ അനിശ്ചിതത്വം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചു. നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും ഇതുവരേയും പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിട്ടില്ല.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷൻ അർഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതിരിക്കുന്നത്. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സിഎജിയേയും ബന്ധപ്പെട്ടിട്ടുണ്ട് സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമാണ് ഗവർണർ ഉന്നയിക്കുന്നത്.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവർണറെ കണ്ട് നയപ്രഖ്യാപന പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളിൽ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. പെൻഷൻ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങൾ രണ്ടുവർഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ല. സർക്കാർ ചെലവിൽ പാർട്ടി കേഡർമാരെ വളർത്തുന്നതിനോട് യോജിക്കാനാവില്ല. പേഴ്‌സണൽ സ്റ്റാഫുകളെ ഇഷ്ടംപോലെ നിയമിച്ച്, അവർക്ക് ശമ്പളവും പെൻഷനും ഉറപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഒരു നാണവുമില്ലാത്ത ഏർപ്പാടാണതെന്ന് ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗവർണർ പ്രതികരിച്ചിരുന്നു.

നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത അസാധാരണമായ ഒരു പ്രതിസന്ധിയെയാണ് ഇതോടെ സർക്കാർ അഭിമുഖീകരിക്കുന്നത്.

മുഖ്യമന്ത്രി അടക്കം അനുനയനീക്കം നടത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഇതോടെ നാളെ നടക്കാനിരിക്കുന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം അനിശ്ചിത്വത്തിലായി. സംസ്ഥാന നിയമസഭാ ചരിത്രത്തിൽ അത്യപൂർവ്വ സംഭവമാണിത്. നേരത്തെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു.

പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ശീതസമരം അവസാനിപ്പിച്ചത്. ഈ അടുത്ത് ജന്മഭൂമി മുൻ എഡിറ്ററെ എതിർപ്പ് പരസ്യമാക്കി തന്നെ ഗവർണറുടെ പി.ആർ.ഒ ആയി സർക്കാർ നിയമിച്ചിരുന്നു. ഗവർണർ ആവശ്യപ്പെട്ട പ്രകാരം രാജ്ഭവനിലെ ഫോട്ടോഗ്രാഫർക്കും ഇന്നത്തെ മന്ത്രിസഭായോഗം സ്ഥിരം നിയമനം നൽകിയിരുന്നു. കൊടുത്തും വാങ്ങിയും സർക്കാരും ഗവർണറും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.

നയപ്രഖ്യാപന പ്രസംഗത്തിനായി വെള്ളിയാഴ്ച ഗവർണർ നിയമസഭയിൽ എത്തിയില്ലെങ്കിൽ അസാധാരണ പ്രതിസന്ധിയിലേക്കാവും കാര്യങ്ങൾ എത്തുക. രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. നയപ്രഖ്യാപന പ്രസംഗം ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ് എന്നിരിക്കെ നാളെ നിയമസഭയിൽ ഗവർണർ എത്തിയില്ലെങ്കിൽ പുതിയ പ്രതിസന്ധിയിലേക്കാവും സംസ്ഥാനം എത്തുക.