തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി.കെ.കുഞ്ഞനന്തനെ ഒഴിവാക്കിയിട്ടും ജയിലിലെ നല്ലനടപ്പുകാരെ ശിക്ഷാഇളവ് നൽകി വിട്ടയയ്ക്കാനുള്ള സർക്കാർ തീരുമാനം നടപ്പായില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150ാ ം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പട്ടിക ഗവർണർക്ക് നൽകിയത്. എന്നാൽ, ജയിൽ വകുപ്പ് അയച്ച 120 പേരുടെ പട്ടിക അംഗീകരിക്കാൻ ഗവർണർ വിസമ്മതിച്ചു.

ശിക്ഷയിളവിനുള്ള പട്ടിക ശനിയാഴ്ച രാത്രിയോടെയാണ് ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചത്. തടവുകാരുടെ പട്ടികയും കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനവും, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്തും മാത്രമാണ് ഒപ്പം ഹാജരാക്കിയത്. എന്നാൽ, ഈ രേഖകൾ മാത്രം പരിഗണിച്ച് തടവുകാരുടെ മോചന ഉത്തരവിൽ ഒപ്പിടാനാവില്ലെന്നും ഇവരെ ശിക്ഷിച്ച ഉത്തരവുകൾ ഹാജരാക്കണമെന്നും ഗവർണർ പി.സദാശിവം നിർദ്ദേശിച്ചു. ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരുടെ കാര്യത്തിൽ അവർ പ്രതികളായ കേസുകളിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായം കൂടി അറിയണമെന്നും ഗവർണർ നിലപാടെടുത്തു.

120 പേരുടെ പട്ടികയാണ് ജയിൽ വകുപ്പ് തയ്യാറാക്കി അയച്ചത്. രാഷ്ട്രീയ സംഘർഷങ്ങളിൽ ജീവപര്യന്തത്തിന് താഴെ ശിക്ഷ കിട്ടിയവരായിരുന്നു ഇതിൽ ഏറെ. സൂക്ഷ്മ പരിശോധനയിൽ 84 രാഷ്ട്രീയ തടവുകാരെ ഒഴിവാക്കി. ഇതിനിടയിൽ നല്ലനടപ്പുകാരായ 36 തടവുകാരെ നിബന്ധനകൾക്ക് വിധേയമായി ശിക്ഷാ ഇളവ് നൽകാനുള്ള തീരുമാനത്തിൽ ആശയക്കുഴപ്പം വരികയും, ഗവർണർക്ക് പട്ടിക അയയ്ക്കാൻ വൈകുകയും ചെയ്തു. നേരത്തെ കുഞ്ഞനന്തനെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മറുനാടനിലടക്കം വാർത്തകൾ വന്നതോടെ പേര് ഒഴിവാക്കുകയായിരുന്നു. നേരത്തെ കുഞ്ഞന്തന്റെ പേര് അടങ്ങിയ പട്ടിക ഗവർണർ തള്ളിയതും പേരൊഴിവാക്കാൻ കാരണമായി.

പാർട്ടിക്ക് വേണ്ടപ്പെട്ട ആളായ കുഞ്ഞനന്തനെ എത്രയും വേഗം വിട്ടയയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. ടി പിയുടെ കൊലപാതകത്തിലെ മുഖ്യഗൂഢാലോചനക്കാരനാണ് കുഞ്ഞനന്തൻ. സംസ്ഥാനതല ജയിൽ ഉപദേശകസമിതിയുടെ ശുപാർശയനുസരിച്ചാണ് 36 തടവുകാരെ വിട്ടയക്കാൻ ഗവർണറിൽ നിന്നും അനുമതി തേടാൻ അവസരം തേടിയത്. നല്ലനടപ്പുകാരായ തടവുകാർക്ക് മൂന്നു ഘട്ടങ്ങളിലായി പ്രത്യേക ശിക്ഷാ ഇളവ് നൽകി വിടുതൽ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. കുഞ്ഞനന്തന്റെ പ്രായം 70 ആയ സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതിക്ക് ശിക്ഷാ ഇളവു നൽകി വിട്ടക്കാൻ സർക്കാർ ഒരുങ്ങിയത്.

സിപിഎം നിർദ്ദേശം അനുസരിച്ചാണ് പുറത്തുവിടേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. കുറച്ചു കാലങ്ങളായി തന്നെ ഇത്തരമൊരു നീക്കം സർക്കാർ തലത്തിൽ നടത്തിയിരുന്നു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ ടി പി കേസ് പ്രതിയെ അഭിവാദ്യം ചെയ്തത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കുഞ്ഞനന്തൻ മുഖ്യമന്ത്രിയെ കണ്ട് ചിരിച്ചു കൊണ്ട് കൈ ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രത്യഭിവാദ്യം ചെയ്ത്. ഈ പ്രത്യഭിവാദ്യ സംഭവങ്ങൾക്ക് ശേഷമാണ് പാർട്ടി കുഞ്ഞനന്തനെ പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം കുഞ്ഞനന്തന് പരോൾ കാലാവധി തുടർച്ചയായി നീട്ടിക്കൊടുത്തതും പാർട്ടി സമ്മേളനത്തിൽ കുഞ്ഞനന്തൻ പങ്കെടുത്തതുമായ സംഭവം ഉണ്ടായിരിരുന്നു. സിപിഎമ്മാണ് തന്റെ സംരക്ഷകനെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളായിരുന്നു ഇതെല്ലാം. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കുഞ്ഞനന്തനെ പുറത്തിറക്കാനുള്ള നീക്കം കുറേക്കാലമായി നടക്കുന്നതാണ്. ഇതിന്റെ ഭാഗമായി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാൻ വേണ്ടി കണ്ണൂർ എസ്‌പി റിപ്പോർട്ട് തയ്യാറാക്കിയത് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പുറത്തു വിടുന്നതിന്റെ ഭാഗമായി കെ കെ രമയുടെ അടുത്തും കുഞ്ഞനന്തന്റെ ബന്ധുക്കളുടെയും അടത്തുമെത്തി ഉദ്യോഗസ്ഥർ മൊഴിയെടുത്തിരുന്നു.

കുഞ്ഞനന്തനെ സമ്മേളനകാലത്ത് പാനൂർ ഏര്യകമ്മറ്റിയിൽ സിപിഎം നിലനിർത്തിയിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഖാവിനെ മോചിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം സജീവമാത്. 70 വയസു പിന്നിട്ടവർക്കുള്ള ശിക്ഷാ ഇളവിൽ ഉൾപ്പെടുത്തി മോചിപ്പിക്കാനാണ് നീക്കം തകൃതിയായത്.. കുഞ്ഞനന്തനെ പുറത്തുവിടാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി കൂഞ്ഞനന്തൻ താമസിക്കുന്ന കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ എത്തിയിരുന്നു. കുഞ്ഞനന്തനെ മോചിപ്പിച്ചാൽ എന്തെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്നും ക്രമസമാധനപ്രശ്‌നം ഉണ്ടാകുമോയെന്നും ആരാഞ്ഞുള്ള സന്ദേശമാണ് ഇവിടെ ലഭിച്ചത്. ഇതിന് അനുകൂലമായി മറുപടിയും ലഭിച്ചിരുന്നു.

ഏതായാലും കുഞ്ഞനന്തന്റെ പേര് ഒഴിവാക്കിയിട്ടും ഗവർണർ പട്ടിക തള്ളുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. ഇതോടെ ഗാന്ധി ജയന്തിക്ക് തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാവാതെ പോയിരിക്കുകയാണ്. കഴിഞ്ഞ വർഷം കഴിഞ്ഞ വർഷവും ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതികൾ വിട്ടയ്ക്കാനുള്ളവരുടെ പട്ടികയിൽ പെടുകയും പിന്നീട് വിവാദമായപ്പോൾ തിരുത്തുകയും ചെയ്തിരുന്നു.