തിരുവനന്തപുരം : കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചന്റെ മോചനത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെ, സർക്കാർ നൽകിയ മോചന ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിലേക്ക് മടക്കി അയച്ചു. മണിച്ചനൊപ്പം 32 പേരെ മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം എന്താണെന്നും മോചനത്തിന് ഇതിൽ കൂടുതൽ അർഹതയുള്ളവരെ ഒഴിവാക്കിയിട്ടുണ്ടോ എന്നും ഗവർണർ സർക്കാരിനോട് ആരാഞ്ഞു.

വിരമിച്ച ജഡ്ജിമാരടങ്ങിയ ജയിൽ ഉപദേശക സമിതിയെ മറികടന്ന് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, നിയമസെക്രട്ടറി, ജയിൽ ഡി.ജി.പി. എന്നിവരടങ്ങിയ സമിതി 33 പേരെ ശിക്ഷായിളവ് നൽകി ജയിൽമോചിതരാക്കാൻ ശുപാർശ നൽകിയതാണ് ഗവർണർ ചോദ്യം ചെയ്യുന്നത്. തടവുകാരുടെ മോചനം സംബന്ധിച്ച ശുപാർശ ജയിൽ ഉപദേശകസമിതിയാണ് നൽകേണ്ടത്. വിരമിച്ച ജഡ്ജിമാർ ഉൾപ്പെടുന്ന ഉപദേശകസമിതി ഉദാര സമീപനം സ്വീകരിക്കാറില്ല. അതിനാലാണ് ജയിൽ ഉപദേശകസമിതിയെ മറികടന്ന് ഉദ്യോഗസ്ഥ സമിതി മന്ത്രിസഭയ്ക്ക് ശുപാർശ നൽകുകയും മന്ത്രിസഭ അത് അംഗീകരിച്ച് ഗവർണർക്ക് കൈമാറുകയും ചെയ്തത്.

മണിച്ചനൊപ്പം മോചിപ്പിക്കാൻ സർക്കാർ ശുപാർശ ചെയ്തിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന 14 രാഷ്ട്രീയ തടവുകാരും കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാംപ്രതിയുമുണ്ട്. രാഷ്ട്രീയ തടവുകാരിൽ 5 സിപിഎമ്മുകാരും 9 ബിജെപി- ആർഎസ്എസ് പ്രവർത്തകരുമാണ്. അതിനാൽ സർക്കാർ രാഷ്ട്രീയ പക്ഷപാതിത്വം കാട്ടിയിട്ടില്ലെന്ന് വിലയിരുത്തി മോചനത്തിന് ഗവർണർ പച്ചക്കൊടി കാട്ടുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ.

67 തടവുകാരുടെ മോചന ശുപാർശയാണ് ആഭ്യന്തര-നിയമ സെക്രട്ടറിമാരും പൊലീസ് മേധാവിയുമടങ്ങിയ സമിതി നൽകിയതെങ്കിലും മാനദണ്ഡങ്ങളെല്ലാം പാലിച്ച് 33 പേരെ മാത്രമാണ് മന്ത്രിസഭ ശുപാർശ ചെയ്തത്. കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31പേർ മരിച്ചെങ്കിലും മണിച്ചനെ ജീവപര്യന്തം ശിക്ഷിച്ചത് അബ്കാരി നിയമപ്രകാരമാണെന്നതും ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം ഗവർണറെ കണ്ട് അറിയിച്ചെങ്കിലും ഗവർണർ വഴങ്ങിയില്ല.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് മണിച്ചനടക്കം 33തടവുകാരെ മോചിപ്പിക്കാൻ മാർച്ചിൽ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തതാണെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന പേരറിവാളൻ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

പതിന്നാലു വർഷം തടവുശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ, നല്ലനടപ്പ് പരിഗണിച്ച് ജയിൽമോചിതരാക്കുന്നുണ്ടെന്നും ഗവർണറുടെ തീരുമാനം വൈകുന്നത് മോചനത്തിന് മതിയായ കാരണമാണെന്നും പേരറിവാളൻ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 20വർഷത്തിലേറെയായി ജയിലിലുള്ള മണിച്ചൻ മാതൃകാ കർഷകനെന്ന് പേരെടുത്തു. തടവുകാലത്തും പരോളിലിറങ്ങിയപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കിയില്ല. കഴിഞ്ഞ ഒക്ടോബറിൽ 65വയസായി. ഇതെല്ലാം പരിഗണിച്ചായിരുന്നു മോചിപ്പിക്കാൻ സർക്കാർ ശുപാർശ ചെയ്തത്.