- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എച്ച് ഡി കിട്ടിയ ശേഷം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പഠിപ്പിച്ചത് വെറും ഒരു മാസം! ചട്ടപ്രകാരം വേണ്ടത് എട്ട് വർഷത്തെ അദ്ധ്യാപന പരിചയം; കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ നിയമനം; കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ വീണ്ടും ഉടക്കിട്ട് ഗവർണർ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അദ്ധ്യാപക നിയമനത്തിൽ ഗവർണർ വിശദീകരണം തേടി. കണ്ണൂർ സർവകലാശാല വി സിയോടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയിരിക്കുന്നത്. പ്രിയയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന പരാതിയിലാണ് നടപടി.
കഴിഞ്ഞ ജൂൺ 27നാണ് കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസ് നിയമിതയാകുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് നിയമനമെന്ന തരത്തിൽ നേരത്തെ തന്നെ പരാതി ഉയർന്നതിനു പിന്നാലെ നിയമോപദേശം തേടിയ ശേഷമായിരുന്നു സർവകലാശാലാ സിൻഡിക്കേറ്റ് നിയമനത്തിന് അംഗീകാരം നൽകിയത്.
യുജിസി വ്യവസ്ഥയനുസരിച്ചുള്ള അദ്ധ്യാപന പരിചയം പ്രിയയ്ക്കില്ലെന്നാണ് നേരത്തെ ആക്ഷേപമുയർന്നത്. ഗവേഷണ ബിരുദവും എട്ടു വർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള അദ്ധ്യാപന പരിചയവുമാണ് ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത. കണ്ണൂർ സർവകലാശാലാ പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, 2012ൽ തൃശൂർ കേരളവർമ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്നു വർഷത്തെ അവധിയെടുത്ത് ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി നേടിയത്. ഗവേഷണം കഴിഞ്ഞ് 2019ലാണ് സർവീസിൽ തിരിച്ചുകയറുന്നത്.
യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പിഎച്ച്ഡിയും 8 വർഷത്തെ അദ്ധ്യാപന പരിചയം വേണം. എന്നാൽ പ്രിയയ്ക്ക് പിഎച്ച്ഡി നേടിയശേഷം ഒരു മാസത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളത്. ഈ വസ്തുതയാണ് വിവരാവകാശം വഴി പുറത്തുവന്നിരുന്നു.
പ്രിയ 2019 ലാണു പിഎച്ച്ഡി നേടിയത്. ഡപ്യൂട്ടേഷനിൽ 2 വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായിരുന്നു. 2021 ജൂണിൽ തൃശൂർ കേരളവർമ കോളജിൽ അദ്ധ്യാപക തസ്തികയിൽ വീണ്ടും പ്രവേശിച്ചു. 2021 ജൂലൈയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി. അതായത് ജൂണിലും ജൂലൈയിലും മാത്രമായിരുന്നു അദ്ധ്യാപിക.
പ്രിയയ്ക്ക് പിഎച്ച്ഡി നേടിയശേഷം ഒരു മാസത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ഏതെങ്കിലും തസ്തികയ്ക്കു നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തിപരിചയമാണു യോഗ്യതയായി പരിഗണിക്കേണ്ടതെന്നു ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2014 ൽ വിധിച്ചിരുന്നു. ഇതു സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്.
അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിൽ പ്രിയ ഉൾപ്പെടെ 6 പേരാണുണ്ടായിരുന്നത്. 4 പേർ പിഎച്ച്ഡി നേടിയ ശേഷം 813 വർഷം അദ്ധ്യാപന പരിചയമുള്ളവരായിരുന്നു. ഇവർ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ ദേശീയ, രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാൽ ഇന്റർവ്യൂ ബോർഡ് ഇവരെ പിന്തള്ളി പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകുകയായിരുന്നു.
പ്രിയ സമർപ്പിച്ച സാക്ഷ്യപത്രത്തിൽ 2012 മുതൽ 2021 വരെ 9 വർഷം കേരളവർമ കോളജിലെ അദ്ധ്യാപിക ആയിരുന്നുവെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. 3 വർഷം ഗവേഷണത്തിനു ചെലവഴിച്ചതും 2 വർഷം കണ്ണൂർ സർവകലാശാലയിൽ ഡപ്യൂട്ടേഷനിലായിരുന്നതും മറച്ചുവച്ചുവെന്നും ആരോപണമുണ്ട്. സർവകലാശാലയിൽ 2 വർഷം ഗസ്റ്റ് അദ്ധ്യാപികയുമായിരുന്നു.
വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു
മറുനാടന് മലയാളി ബ്യൂറോ