മെൽബൺ: ആറു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ഗോവിന്ദും ആഡ്രിയാനും ഒന്നിക്കാൻ തീരുമാനിച്ചു. ഓസ്‌ട്രേലിയയിൽ ആദ്യമായി അരങ്ങേറിയ ഇന്ത്യൻ സ്വവർഗവിവാഹത്തിന് മാറ്റുകൂട്ടുന്നതിന് കേരളീയ രീതിയിലുള്ള വിവാഹാഘോഷമാണ് മലയാളിയായ ഗോവിന്ദും ഓസ്‌ട്രേലിയക്കാരൻ ആഡ്രിയാനും തെരഞ്ഞെടുത്തത്.

മലയാളിയും ഭരതനാട്യം നർത്തകനുമായ ഗോവിന്ദും ഓസ്‌ട്രേലിയക്കാരൻ  ആഡ്രിയാനും കണ്ടുമുട്ടുന്നത് ആറു വർഷം മുമ്പാണ്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ ഒരുമിച്ച് ജീവിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ ആറു വർഷത്തെ പ്രണയം അവസാനം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് മെൽബണിൽ വച്ച് കേരളീയ ആചാരപ്രകാരം ഇരുവരും വിവാഹിതരാകുന്നത്. കേരളീയ ശൈലിയിൽ കല്യാണമണ്ഡപം ഒരുക്കി അതിന്റെ നടുവിൽ അഗ്നികുണ്ഠം തീർത്താണ് ഇവർ വിവാഹവേദി തയാറാക്കിയത്. യാരാ നദിക്കു സമീപമുള്ള ഫെയർഫീൽഡ് പാർക്കാണ് വിവാദവേദിയായി ഇവർ തെരഞ്ഞെടുത്തതും.

ആദ്യം പരസ്പരം മോതിരം മാറിയ ദമ്പതികൾ പിന്നീട് കേരളീയ ആചാരപ്രകാരം താലിചാർത്തി. ഇരുവരുടേയും സഹോദരിമാർ താലി കെട്ട് നടത്തുകയും ചെയ്തു. പിന്നീട് ഏഴു തവണ അഗ്നികുണ്ഠത്തിനു പ്രദക്ഷിണം വയ്ക്കുകയും ചെയ്തു. വിവാഹത്തിന് ഇന്ത്യൻ പാരമ്പര്യമുള്ള വസ്ത്രമണിഞ്ഞപ്പോൾ റിസപ്ഷന് വെസ്റ്റേൺ ശൈലിയിലുള്ള വസ്ത്രധാരണമാണ് ഇരുവരും തെരഞ്ഞെടുത്തത്. അങ്ങനെ വിവാഹം ജീവിതത്തിലെ അവിസ്മരണീയ ചടങ്ങാക്കുന്നതിനായി മൾട്ടി കൾച്ചറൽ സെറിമണി തീർക്കുകയായിരുന്നു ഗോവിന്ദും ആഡ്രിയാനും.
ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി അരങ്ങേറിയ ഇന്ത്യൻ സ്വവർഗ വിവാഹത്തിന് സാക്ഷികളാകാൻ ഇരുവരുടേയും മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ 180 പേരാണ് എത്തിയിരുന്നത്. വിവാഹവാഗ്ദാനത്തിനു ശേഷം പാർട്ടി ഒരുക്കിയിരുന്നത് നോർത്ത് മെൽബണിലായിരുന്നു.

വിവാഹറിസപ്ഷൻ സമയത്ത് ഒരുക്കിയ ബോളിവുഡ് ശൈലിയിലുള്ള പോപ് ഫ്‌ലാഷ് മോബ് ഏവരുടേയും ശ്രദ്ധ പിടിച്ചു പിറ്റി. അടുത്ത കാലത്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഇവരുടെ വെഡ്ഡിങ് ഡാൻസ് ഒട്ടേറെപ്പേർ കണ്ടുകഴിഞ്ഞു.  അതേസമയം ഓസ്‌ട്രേലിയൻ നിയമപ്രകാരം സ്വവർഗ ദമ്പതികൾക്ക് ഒന്നിച്ച് താമസിക്കുന്നതിന് നിയമതടസമൊന്നുമില്ലെങ്കിലും ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറി ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സ്വവർഗവിവാഹത്തിന് നിയമസാധുത ഇല്ല. രണ്ടു വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ വിവാഹം അരങ്ങറിയത്.