പുനെ: പ്രശസ്ത ജ്യോതി ശാസ്ത്രജ്ഞൻ ഗോവിന്ദ് സ്വരൂപ് അന്തരിച്ചു. റേഡിയോ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗോവിന്ദ് സ്വരൂപ് അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് 91മത്തെ വയസ്സിൽ അന്തരിച്ചത്. ​ ഇന്ത്യയിൽ റേഡിയോ ജ്യോതിശാസ്ത്രത്തിന് തുടക്കമിട്ട ഗോവിന്ദ് സ്വരൂപിനെ 1973ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ജ്യോതിശാസ്ത്രത്തിൽ ഒട്ടേറെ സംഭവാനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ​ഗോവിന്ദ് സ്വരൂപിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അസാമാന്യ പ്രതിഭാശാലിയായ ശാസ്ത്രജ്ഞനായിരുന്നു ​ഗോവിന്ദ് സ്വരൂപ് എന്ന് മോ​ദി അനുസ്മരിച്ചു.

ഉത്തർപ്രദേശിലെ തകുർവാഡയിൽ 1929ൽ ജനിച്ച അദ്ദേഹം അലഹബാദ് സർവകലാശാലയിൽ നിന്ന് 1950ൽ ബിരുദം നേടി. 1961ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി.1973ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

ഊട്ടി റേഡിയോ ടെലസ്‌കോപ്, പുനെയിലെ ജയന്റ് മെട്രോവേവ് റേഡിയോ ടെലസ്‌കോപ് എന്നിവ രൂപകൽപ്പന ചെയ്തതും സ്ഥാപിച്ചതും അദ്ദേഹമാണ്. പുനെയിലെ നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്‌ട്രോഫിസിക്‌സ് (എൻസിആർഎ) എന്ന സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറും ഗോവിന്ദ് സ്വരൂപാണ്.1970ലാണ് ഗോവിന്ദ് സ്വരൂപ് ഊട്ടിയിൽ ദൂരദർശനി സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും സെൻസിറ്റീവായ ദൂരദർശിനികളിലൊന്നായി ഇന്നും അത് തുടരുന്നു. ജ്യോതിശാസ്ത്ര മേഖലയ്ക്ക് കനപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം മഹാ വിസ്‌ഫോടന സിദ്ധന്താത്തെ വലിയ തോതിൽ പിന്തുണച്ച വ്യക്തി കൂടിയായിരുന്നു.

ഊട്ടിക്ക് പിന്നാലെയാണ് അദ്ദേഹം പുനെയിൽ വലിയൊരു ദൂരദർശിനി കൂടി സ്ഥാപിച്ചത്. വിദൂര പ്രപഞ്ചത്തിലെ പ്രാഥമിക ഹൈഡ്രജൻ മേഘങ്ങളെ കണ്ടെത്തുക ലക്ഷ്യമിട്ടായിരുന്നു പുനെയിൽ ജയന്റ് മെട്രോവേവ് റേഡിയോ ടെലസ്‌കോപ് സ്ഥാപിച്ചത്. 2000ത്തിലാണ് ഇത് പ്രവർത്തനം തുടങ്ങിയത്.