- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎമ്മിന്റെ ദളിത് പ്രേമം വാക്കുകളിൽ മാത്രം; രാഷ്ട്രീയവൈരാഗ്യം മൂലം ദളിത് കോളനിയിലെ 38 കുടുംബങ്ങൾക്ക് ഭവനസഹായം നിരസിച്ച് മുതലമട പഞ്ചായത്ത് ഭരണ സമിതി; സഹായത്തിന് അർഹരാണെന്ന കളക്ടറുടെ റിപ്പോർട്ടിന് പുല്ലുവില; പ്രതിഷേധവുമായി ജനങ്ങളും
പാലക്കാട്: അർഹതയുണ്ടായിരുന്നിട്ടും വസ്തുവും വീടും നിഷേധിക്കുന്ന അധികൃതരുടെ അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ പട്ടികജാതി-വർഗ കുടുംബങ്ങൾ. വർഷങ്ങളായി ആവശ്യമുയർത്തിയിട്ടും പ്രദേശത്തെ കുടുംബങ്ങളെ സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നില്ലെന്ന് ആരോപിച്ചാണ് അംബേദ്കർ കോളനിയിലെ ജനങ്ങൾ സമരം ചെയ്യുന്നത്.
മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുടിൽകെട്ടിയാണ് കഴിഞ്ഞ 19 ദിവസങ്ങളായി ഇവർ സമരം നടത്തുന്നത്. ജാതി വിവേചനത്തിനെതിരെ ശബ്ദിച്ചവരെന്ന് കണ്ട് ബോധപൂർവം സഹായം വൈകിപ്പിക്കുന്നുവെന്നാണ് ഇവരുടെ പരാതി. അതേസമയം, ജില്ലാ കളക്ടർ സമരസമിതിയുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടു.
അഞ്ച് സെന്റിൽ കുറയാത്ത ഭൂമി. സുരക്ഷിതമായൊരു വീട്. കൂടുതലൊന്നും ഇവർക്ക് ആഗ്രഹമില്ല. ഒറ്റമുറി വീട്ടിൽ പത്തിലധികമാളുകൾ കഴിയുന്നുണ്ട്. വാടക കൊടുക്കാൻ പലർക്കും സാമ്പത്തികമില്ലാത്തതും ഇവരെ പ്രതിസന്ധിയിലാക്കുന്നു.പ്രമാണിമാരുടെ ജാതിവെറിയെ ചോദ്യം ചെയ്ത് രംഗത്തിറങ്ങിയ പാരമ്പര്യമാണ് അംബേദ്കർ കോളനിയിലെ കുടുംബങ്ങൾക്കുള്ളത്. ഈ വൈരാഗ്യം സഹായം അനുവദിക്കുന്നതിന് തടസമാകുന്നുവെന്നാണ് ആക്ഷേപം.
മുപ്പത്തി എട്ട് കുടുംബങ്ങളും സഹായത്തിന് അർഹരാണെന്ന് കാട്ടി ജില്ലാഭരണകൂടവും വ്യത്യസ്ത സമയങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ജില്ലാ കളക്ടറുടെ ആ റിപ്പോർട്ട് പഞ്ചായത്ത് തള്ളുകയായിരുന്നു. പഴയ പട്ടികയിൽ നിന്ന് ഒഴിവാക്കി പുതുതായി പേര് ചേർക്കുന്നവർക്ക് മാത്രം ആനുകൂല്യം നൽകുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. പഴയ പട്ടിക പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ല. ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്ന നിലപാടാണ് ഭരണസമിതി ആവർത്തിക്കുന്നത്. അതേസമയം, രാഷ്ട്രീയ വിദ്വേഷം തീർക്കുന്ന രീതിയാണിതെന്നാണ് ആക്ഷേപം ഉയരുന്നത്.
ലൈഫ് പദ്ധതിയിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും പഞ്ചായത്ത് നടപടി എടുത്തില്ലെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്ത് വീട് നൽകുന്നില്ലെന്നാണ് കോളനി വാസികൾ പറയുന്നത്. അർഹമായ ആനുകൂല്യം നൽകുക, ഭവന പദ്ധതിയുടെ സാധ്യതാ പട്ടിക അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യം. എന്നാൽ അനിശ്ചിതകാലമായി തുടരുന്ന പ്രതിഷേധം ഇനി അധികകാലം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് സമരക്കാർ പഞ്ചായത്ത് ഭരണസമിതിയെ ഓർമപ്പെടുത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ