- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറുടേത് സർക്കാർ പ്രതിരോധിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ സർക്കാർ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞുള്ള പരാതി; സർവകലാശാലകളിലെ കുത്തഴിഞ്ഞ അവസ്ഥകൾ കൂടുതൽ വെളിവാകുമെന്ന ഭയത്തിൽ ഏറ്റുമുട്ടലിന് നിൽക്കാതെ സമവായ സാധ്യത തേടി സർക്കാർ; ഗവർണർ ഇടഞ്ഞാൽ യുജിസി സഹായത്തിൽ അടക്കം പ്രത്യാഘാതമെന്ന് ഭയം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിതമായ കടന്നാക്രമണത്തിൽ അടിമുടി പതറിയിരിക്കയാണ് കേരള സർക്കാർ. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലെ കുത്തൊഴിഞ്ഞ അവസ്ഥകൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാൻ സർക്കാറിനെതിരെ തിരിഞ്ഞത്. തന്നെ നോക്കു കുത്തിയാക്കി പല കാര്യങ്ങളും സർക്കാർ ചെയ്യാൻ ശ്രമിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പരാതി. ഗവർണർ സർക്കാറുമായി ഏറ്റുമുട്ടൽ പാതയിലേക്ക് നീങ്ങിയതോടെ വിവാദം നീട്ടിക്കൊണ്ടു പോകാതെ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
സർവകലാശാലകളുടെ കാര്യത്തിൽ വിപുല അധികാരമുള്ള ഗവർണറെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു പരിഹാരം ഉണ്ടാകില്ലെന്ന ബോധ്യത്തിലാണ് സർക്കാർ. താൽക്കാലിക പരിഹാരം എന്ന നിലയിൽ ഗവർണർ ചൂണ്ടിക്കാട്ടിയ വിഷങ്ങൾ പരിഹരിച്ചു കൊണ്ട് മുന്നോട്ടു പോകുക എന്ന തന്ത്രമും സർക്കാർ പയറ്റുക. ഗവർണറുടെ പ്രതിഷേധം പുറത്തറിയിക്കാതെ പരിഹരിക്കാമെന്ന സർക്കാരിന്റെ കണക്കുകൂട്ടൽ പിഴച്ചിരുന്നു. ഗവർണർ 17നു ശേഷവും മുഖ്യമന്ത്രി നാളെയും തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടർന്നു പ്രശ്‌നം കൂടുതൽ വഷളാകാതെ പരിഹരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ആയി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിന് എതിരെ ഹൈക്കോടതിയിലുള്ള കേസിലെ ഒന്നാം എതിർകക്ഷി ഗവർണറാണ്. നിയമനം ക്രമവിരുദ്ധമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയതു കേസിനെ ബാധിക്കാം. ഇതു സംബന്ധിച്ച ഗവർണറുടെ കത്ത് ഹർജിക്കാർ കോടതിയിൽ ഹാജരാക്കും. ഇത് പ്രത്യക്ഷത്തിൽ തന്നെ സർക്കാറിനെ വെട്ടിലാക്കുന്നതാകും. ഗോപിനാഥ് രവീന്ദ്രനെ ഗവർണർ വീണ്ടും നിയമിച്ച സാഹചര്യത്തിൽ അതു റദ്ദാക്കാൻ അദ്ദേഹത്തിനു സാധിക്കില്ല. എന്നാൽ തനിക്കു തെറ്റുപറ്റിയെന്നു സമ്മതിച്ചതിനാൽ നിയമനത്തെ കോടതിയിൽ ന്യായീകരിക്കാനും അദ്ദേഹത്തിനു ബുദ്ധിമുട്ടായിരിക്കും.ഗവർണ്ണറുടെ പരാതിയും സർക്കാരിന്റെ തിരുത്തൽ നിർദ്ദേശവും
പരാതികൾ എണ്ണിപ്പറഞ്ഞ് കത്തിൽ തിരുത്തൽ നിർദ്ദേശവുമായി സർക്കാർ
ഗവർണർ തന്റെ കത്തിൽ പരാതികൾ എണ്ണിപ്പറയുന്ന കാഴ്‌ച്ചയാണ് കേരളം കണ്ടത്. കണ്ണൂർ വി സി. നിയമനം നിയമംവിട്ട് ചെയ്യേണ്ടിവന്നു. വി സി. നിർണയസമിതി പിരിച്ചുവിട്ടശേഷം സ്ഥാനമൊഴിയുന്ന വി സി.ക്ക് പുനർനിയമനം നൽകേണ്ടിവന്നത് വ്യവസ്ഥകൾ പാലിച്ചല്ല എന്നതായിന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. ഈ നവിഷയത്തിൽ സർക്കാറിന് തിരുത്താൻ സാധിക്കുന്ന കാര്യങ്ങളുമുണ്ട്. നിയമനാധികാരിയായ ഗവർണർതന്നെ വി സി. നിയമനം നിയമലംഘനമായിരുന്നുവെന്ന നിലപാട് എടുത്തതോടെ രാജിവെക്കാൻ അനൗദ്യോഗികമായി വി സി.യോട് നിർദ്ദേശിക്കാം. അല്ലെങ്കിൽ രാജിതീരുമാനം വി സി.ക്കുതന്നെ വിടാം.
സംസ്‌കൃത സർവകലാശാലാ വി സി. നിയമനത്തിന് യുജിസി. വ്യവസ്ഥകൾക്ക് എതിരായി ഒറ്റപ്പേരുമാത്രമാണ് നിർദ്ദേശിച്ചത്. അതിനാലാണ് ഫയൽ മടക്കുന്നതെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം. യുജിസി. നിബന്ധനകൾക്കുവിധേയമായി മൂന്നുപേരടങ്ങുന്ന പാനൽ തന്നെ ഗവർണർക്ക് സമർപ്പിക്കാം. നിലവിലുള്ള വി സി. നിർണയസമിതിയുടെ കാലാവധി കഴിഞ്ഞതിനാൽ ഉടൻതന്നെ സമിതി പുനഃസംഘടിപ്പിക്കുക എന്നതാണ് സർക്കാറിന്റെ തിരുത്തൽ നിർദ്ദേശം.
യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണൽ നിയമനത്തിനുള്ള ചാൻസലറുടെ അധികാരവും ഹൈക്കോടതിയുമായുള്ള ആലോചനയും നിയമഭേദഗതിയിലൂടെ കവർന്നു. നിയമസംവിധാനമായ ട്രിബ്യൂണലിൽനിന്ന് ഹൈക്കോടതിയെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ പറയുന്നു. ഇതുസംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ഈസംശയം ഉന്നയിച്ചിരുന്നു. സർവീസിലുള്ള ജില്ലാ ജഡ്ജിമാരുടെ പാനലിൽനിന്ന് ട്രിബ്യൂണലിനെ നിയമിക്കാമെന്ന വ്യവസ്ഥ നിലനിന്നപ്പോഴാണ് ഹൈക്കോടതിയുമായി ആലോചിച്ച് പാനൽ തയ്യാറാക്കാനും നിയമനാധികാരം ചാൻസലർക്കും വ്യവസ്ഥ ചെയ്തത്. എന്നാൽ ട്രിബ്യൂണലായി, വിരമിച്ച ജില്ലാ ജഡ്ജിയെ െവക്കാമെന്ന ഭേദഗതി വന്നപ്പോഴാണ് രണ്ടുവ്യവസ്ഥകളും ഒഴിവായത്. ഇതുസംബന്ധിച്ച് നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഇനിയും ഒപ്പിട്ടിട്ടില്ല. ബിൽ പഴയ വ്യവസ്ഥകളോടെ പുതുക്കി പാസാക്കാം.
സർവകലാശാലകളുടെ കാര്യത്തിൽ ചാൻസലർ ആണു സർവാധികാരി. വൈസ് ചാൻസലറെ നിയമിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ അധികാരം. സിൻഡിക്കറ്റ് നടത്തുന്ന ക്രമവിരുദ്ധ നിയമനങ്ങൾ മുതൽ പരീക്ഷ വരെ ഗവർണർ വിചാരിച്ചാൽ റദ്ദാക്കാം. സർവകലാശാലകൾക്കുമേൽ സർക്കാരിനു കാര്യമായ അധികാരം ഇല്ല. ഗവർണർ നിർദ്ദേശിച്ച പോലെ ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കുകയോ മറ്റാരെയെങ്കിലും നിയമിക്കുകയോ ചെയ്താൽ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന പ്രക്ഷോഭങ്ങൾക്ക് അതു വഴിയൊരുക്കും. യുജിസി ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളെയും ബാധിക്കാം.
തനിക്കെതിരെ കേസ് കൊടുത്ത കലാമണ്ഡലം വൈസ് ചാൻസലറുടെ കാര്യത്തിൽ ഗവർണർ ഏറെ അസ്വസ്ഥനാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തെ തണുപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കേണ്ടി വരും. ഗവർണർ വിചാരിച്ചാൽ കലാമണ്ഡലം വിസിക്കെതിരെ അന്വേഷണം നടത്താൻ കമ്മിഷനെ നിയോഗിക്കാം. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയും സ്വീകരിക്കാം.
ശ്രീനാരായണ ഗുരു സർവകലാശാലയിലെ പ്രശ്‌നങ്ങൾ സർക്കാർ വിചാരിച്ചാൽ വേഗത്തിൽ പരിഹരിക്കാം. വിസിക്ക് ശമ്പളം നൽകാനും കോഴ്‌സുകൾക്ക് അംഗീകാരം നേടാനും സർക്കാർ മനസ്സുവച്ചാൽ മതി. പല സർവകലാശാലകളിലും ഭരണപക്ഷ അദ്ധ്യാപകസംഘടനകളുടെ ദുർഭരണമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് എന്നിവിടങ്ങളിൽ ഇതു കൂടുതലാണ്.
മറുനാടന് മലയാളി ബ്യൂറോ