തിരുവനന്തപുരം: ചുറ്റുപാടും നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പഠിച്ചാൽ മാത്രം പോരാ..അത് ഓർത്തെടുത്ത് കൃത്യമായ സമയത്ത് കൃത്യമായ പാകത്തിൽ വിളമ്പാനും കഴിയണം.ബുദ്ധിയെ ഉണർത്താനും അങ്ങനെ സമൂഹത്തിന് കാര്യമായ സംഭാവനകൾ ചെയ്യാനുമൊക്കെ പഠനയാത്രകൾക്ക് കഴിയും. ഇതൊക്കെ കേൾക്കാനും പ്രാവർത്തികമാക്കാനും കൊള്ളാവുന്ന നല്ല കാര്യങ്ങൾ തന്നെ.അതുകൊണ്ടുതന്നെ പത്രക്കാർക്ക് പഠനയാത്ര എന്നുകേൾക്കുമ്പോൾ കാര്യമായ എതിർപ്പൊന്നും ആർക്കും തോന്നാനിടയില്ല.പോയി പഠിച്ചുവരട്ടെ എന്നാണ് സാധാരണ എല്ലാവരും പറയുക. എന്നാൽ, പഠനയാത്ര സ്വന്തം ചെലവിലല്ല, സർക്കാർ ചെലവിലാണ് കേട്ടോ. വിവിധ ജില്ലകളിലെ മാധ്യമപ്രവർത്തകരുടെ പഠനയാത്രയ്ക്കായി സർക്കാർ ചെലവഴിക്കുന്ന തുക കേട്ടും ഞെട്ടരുത്. 40 ലക്ഷം.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് മാധ്യമപ്രവർത്തകർക്കായി പഠനയാത്ര സംഘടിപ്പിക്കുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരുടെ പേരിൽ മുൻകൂർ സഹായം അനുവദിച്ച് ചൊവ്വാഴ്ച ഉത്തരവിറങ്ങി. ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർ സമർപ്പിച്ച പ്രപ്പോസൽ വിശദമായി പരിേേശാധിച്ച ശേഷമാണ് ഡപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കിയിക്കുന്നത്.ധനസഹായം ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരുടെ പേരിലാണ് അനുവദിച്ച് ഉത്തരവായിരിക്കുന്നത്.

പ്രസ ്‌ഫെസിലിറ്റീസ് എന്ന ശീർഷകത്തിൽ പെടുത്തി 40 ലക്ഷം രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്.ഓരോ ജില്ലകൾക്കും അനുവദിച്ച തുക താഴെ പറയുംപ്രകാരം:

1.പത്തനംതിട്ട-3,00,0000
2.പാലക്കാട്-5,00,000
3.കോട്ടയം-5,00,000
4.കണ്ണൂർ-6,00,000
5.കൊല്ലം-5,00,000
6.കോഴിക്കോട്-6,00,000
7.ഇടുക്കി-3,00,000
8.വയനാട്-3,00,000
9.മലപ്പുറം-4,00,000

കണ്ണൂരിനും കോഴിക്കോടിനും ആറുലക്ഷം വീതവും, പാലക്കാടിനും കോട്ടയത്തിനും,കൊല്ലത്തിനും 5 ലക്ഷം വീതവും, മലപ്പുറത്തിന് 4 ലക്ഷവും, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകൾക്ക് 3 ലക്ഷം വീതവും കിട്ടി. കാസർഗോഡ് അടക്കം നാല് ജില്ലകൾക്ക് തുക അനുവദിച്ചതായി ഉത്തരവിൽ പറയുന്നില്ല.

ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരുടെ ശുപാർശ പ്രകാരമാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. എന്നാൽ, എന്തു മാനദണ്ഡമാണ് ഇതിന് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.ഏതായാലും സാമ്പത്തിക ഞെരുക്കം മൂലം മുണ്ടുമുറുക്കിയുടുക്കണമെന്ന് ധനമന്ത്രി ആവർത്തിക്കുന്നതിനിടെ, പഠനയാത്ര എന്ന പേരിൽ 40 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കശ്മീർ,മനാലി, ഡൽഹി, ഷിംല അങ്ങനെ പോകുന്നു കഴിഞ്ഞ വർഷങ്ങളിലെ പഠനയാത്രാസ്ഥലങ്ങൾ. പഠനയാത്രകൾ ഏറിയ പങ്കും വിനോദയാത്രകളാകുന്നു എന്നാണ് പൊതുവെയുള്ള ആരോപണം. ഇതാരും സമ്മതിച്ചുതരാറില്ലെങ്കിലും.

ദോഷം മാത്രം പറയരുതെന്ന് കരുതിയാൽ യാത്രയെ ഗൗരവമായെടുത്ത് റിപ്പോർട്ടുകൾ കൊടുക്കുന്ന പത്രക്കാരും ഉണ്ട്.യാത്രകളിൽ കണ്ടെത്തുന്ന സവിശേഷമായ സ്‌റ്റോറി എഡിറ്റോറിയൽ പേജിൽ കൊടുത്ത് ആഘോഷിക്കുന്നവരുമുണ്ട്. പക്ഷേ അതൊക്കെ ന്യൂനപക്ഷമാണെന്ന് മാത്രം. യാത്ര പോകുന്ന മാധ്യമ പ്രവർത്തകർ പിആർഡിക്കും അവരവരുടെ സ്ഥാപനങ്ങൾക്കും റിപ്പോർട്ട് നൽകണമെന്നാണ് നിബന്ധനയെങ്കിലും കൃത്യമായി അതുപാലിക്കുന്നവരും കുറവ്. ഏതായാലും സർക്കാരിന്റെ ചെലവിലുള്ള പഠനയാത്ര ആകെ ഫോർത്ത് എസ്‌റ്റേറ്റുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പാലമാകുന്നുണ്ട്. എന്നാൽ, പഠനയാത്ര എന്ന ആശയത്തോട് നീതി പുലർത്തുന്നുണ്ടോയെന്ന് ചോദിച്ചാൽ മൗനം വിദ്വാന് ഭൂഷണം.