ന്യൂഡൽഹി: കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് പാൻ കാർഡും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു. മാർച്ച് ഒന്നു മുതൽ പാൻകാർഡ് ഇല്ലാത്തവർക്ക്, ഉയർന്ന തുകയുടെ ബാങ്ക് ഇടപാടുകൾ നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടും. പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് ഇത് നടപ്പാക്കുന്നത്.

ഫെബ്രുവരി 28ന് മുമ്പായി എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ് അക്കൗണ്ടുകൾ ഉള്ളവർ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ നിർദ്ദേശം. പാൻ നമ്പർ ഇല്ലാത്തവർ, ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നൽകണം. ഇതുരണ്ടും ചെയ്യാത്ത പക്ഷം അക്കൗണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കും.

ജനുവരി ആദ്യവാരമായിരുന്നു, ബേസിക് സേവിങ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ ഒഴികെയുള്ള എല്ലാ സേവിങ് അക്കൗണ്ട് ഉടമകളും പാൻ കാർഡ് വിവരം ബാങ്കുകൾക്ക് നൽകണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. ബിനാമി നിക്ഷേപങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനാണ് ഇത്.