കണ്ണൂർ: ജനനസർട്ടിഫിക്കറ്റിലെ ഇനിഷ്യൽ തിരുത്താൻ കൈക്കൂലി വാങ്ങിയ ജീവനക്കാരന് ഒരു വർഷം തടവും 20,000രൂപ പിഴയും. കാസർകോട് നഗരസഭാ ഓഫിസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുർജിത് കെ.സോമന്(36) ആണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയാണ്.

2010 മെയ്‌ 31നു കാസർകോട് വിജിലൻസ് ഡിവൈഎസ്‌പിയായിരുന്ന പി.എ.വർഗീസ് ചാർജ് ചെയ്ത കേസിലാണു ശിക്ഷ. കുണ്ടംകുഴി നീർക്കയം സ്വദേശി കെ.ശശിധരന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിലെ ഇനിഷ്യൽ തിരുത്താൻ 1000 രൂപ ആവശ്യപ്പെട്ടുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിലാണ് ജീവനക്കാരൻ കുടുങ്ങിയത്. ശശിധരൻ നഗരസഭാ ഓഫിസിൽ ചെന്നു 800 രൂപ ജീവനക്കാരനു നൽകിയപ്പോൾ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.

വിജിലൻസ് ഡിവൈഎസ്‌പി കെ.വി.രഘുരാമൻ ആണു കേസന്വേഷണം നടത്തിയത്. സെക്ഷൻ ഏഴ് പ്രകാരം ഒരു വർഷം തടവും 13 പ്രകാരം ഒരുവർഷം തടവും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടുതൽ തടവ് അനുഭവിക്കണം.