- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിച്ചാലും വെറുതെ വിടില്ല ജേക്കബ് തോമസിനെ; ഡ്രഡ്ജർ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സർക്കാർ; ഹോളണ്ട് കമ്പനിയുമായി ഉള്ള ഇടപാടിലെ പല വിവരങ്ങളും മറച്ചുവച്ചു; ടെണ്ടറിൽ ഗുരുതര വീഴ്ച വരുത്തി എന്നും ആരോപണം
ന്യൂഡൽഹി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഹോളണ്ട് കമ്പനിയിൽ നിന്ന് ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലെ പല വസ്തുതകളും സർക്കാരിൽ നിന്ന് മറച്ചുവച്ചെന്ന് സർക്കാർ അപ്പീലിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ടെക്നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്ജർ ഇടപാടിന് ജേക്കബ് തോമസ് ഒത്താശ ചെയ്തെന്ന് വിജിലൻസ് ആരോപിച്ചിരുന്നു. ജേക്കബ് തോമസ് പോർട്ട് ഡയറക്ടർ ആയിരിക്കെ ആയിരുന്നു ക്രമക്കേടെന്നാണ് ആരോപണം. ഡ്രഡ്ജർ അഴിമതി ആരോപണത്തിൽ ജേക്കബ് തോമസിനെതിരായ എഫ്ഐആർ റദ്ദാക്കുന്നത് നവംബർ 1, 2020 ലാണ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ധനകാര്യ വിഭാഗം കണ്ടെത്തിയിരുന്നു.
2009-2014 കാലഘട്ടത്തിലാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്. ടെൻഡറിൽ ആദ്യമെത്തിയ ഇന്ത്യൻ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ജേക്കബ് തോമസിനെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ മൂന്ന് സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്ട്മെന്റ് പർച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജർ വാങ്ങിയത്. അതിനാൽ ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
അതേസമയം ടെണ്ടറുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകളാണ് ജേക്കബ് തോമസിന് സംഭവിച്ചതെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ ആരോപിച്ചിട്ടുണ്ട്. ടെണ്ടർ നോട്ടീസിൽ ഗ്ലോബൽ ടെണ്ടർ എന്നത് മറച്ചുവച്ച ശേഷം ഇ ടെണ്ടർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പൊതു മേഖല സ്ഥാപനമായ ബി.ഇ.എം.എല്ലിന്റെ ടെണ്ടർ സ്വീകരിക്കാൻ തയ്യാറായില്ലെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി ഹമീദ് ആണ് ഹർജി ഫയൽ ചെയ്തത്.ഡ്രഡ്ജർ അഴിമതി കേസ് റദ്ദാക്കിയതിനെതിരായി സത്യൻ നരവൂർ എന്ന വ്യക്തി നൽകിയ ഹർജിയിൽ മുൻ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)
മറുനാടന് മലയാളി ബ്യൂറോ