- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകിയത് കോടികളുടെ കരാർ; മറുത്ത് ഒരക്ഷരം പറഞ്ഞാൽ കുറ്റിയടിച്ചിരിക്കേണ്ട വകുപ്പുകളിലേക്ക് മാറ്റും; കൂളിമാട് പാലം പണിക്കാരുടെ പിടിപ്പുകേട് കൊണ്ട് തകർന്നിട്ടും ചോദ്യവും പറച്ചിലും ഇല്ല; ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിര നിർമ്മാണ ചുമതലയും നൽകി ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം : ഊരാളുങ്കൽ നിർമ്മിച്ച കോഴിക്കോട് മാവൂരിലെ കൂളിമാട് പാലം തകർന്നിട്ടും ഊരാളുങ്കലിനെ കുറ്റപ്പെടുത്താതെ ചേർത്തുപിടിക്കുയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിര നിർമ്മാണത്തിന്റെ ചുമതലയും ഊരാളുങ്കലിന് നൽകി ധനവകുപ്പ് ഉത്തരവിറങ്ങി. 20.75 കോടി രൂപയാണ് ആസ്ഥാന മന്ദിര നിർമ്മാണ ചെലവ്.
ആസ്ഥാന മന്ദിര നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15,44,79,373 രൂപയും ഇന്റീരിയർ വർക്ക്, ഫർണിച്ചർ, ഇ എൽ വി വർക്ക്, റാമ്പ് ഉൾപെടെയുള്ള സിവിൽ വർക്കിന്റെ ബാലൻസ് എന്നി പ്രവൃത്തികൾക്കായി 5,30,31,164 രൂപയും ആണ് അനുവദിച്ചത്. ഏപ്രിൽ 20 ന് ട്രഷറി ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.
ടെണ്ടർ നടപടി ഇല്ലാതെ ഊരാളുങ്കലിന് കോടി കണക്കിന് രൂപയുടെ പ്രവൃത്തികളാണ് 2016 മുതൽ നൽകുന്നതെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് ഇപ്പോൾ ട്രഷറി വകുപ്പിന്റെ ആസ്ഥാനമന്ദിര നിർമ്മാണവും ഊരാളുങ്കലിലേക്ക് എത്തുന്നത്. ഇതിന് മുമ്പ് 16 കോടി രൂപ മുടക്കിയ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നിർമ്മാണവും ഊരാളുങ്കലിനായിരുന്നു. സെക്രട്ടേറിയേറ്റിലടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളും പിണറായി മുഖ്യമന്ത്രിയായതു മുതൽ ഊരാളുങ്കലിനാണ് നൽകുന്നത്.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ടെൻഡറില്ലാതെ സംസ്ഥാന സർക്കാർ നൽകിയത് കോടികളുടെ കരാറാണ്. പല വകുപ്പ് മേധാവികളും സൊസൈറ്റിക്ക് നൽകുന്ന വഴിവിട്ട സഹായങ്ങൾക്ക് കൂട്ടു നിൽക്കാത്തതിന് അപ്രധാന വകുപ്പുകളിലേയ്ക്ക് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ ഏതാണ്ട് 707,02,89,858 കോടി രൂപയാണ് ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകിയത്. 2016-17ൽ പൊതുമരാമത്ത്, സ്പോർട്സ്, ടൂറിസം, ആരോഗ്യം, ഇറിഗേഷൻ, ദേവസ്വം എന്നീ വകുപ്പുകളിൽ മാത്രമായി 79,84,81,836 കോടി രൂപയ്ക്കും, 2017-18ൽ പൊതുമരാമത്ത്, കണ്ണൂർ യൂനിവേഴ്സിറ്റി, മലബാർ കാൻസർ സെന്റർ, ഇറിഗേഷൻ, ടൂറിസം, വിദ്യാഭ്യാസം, ആഭ്യന്തരം, സ്പോർട്സ്, റവന്യു, സ്റ്റാർട്ടപ്പ് മിഷൻ, സിഡിറ്റ് എന്നീ വകുപ്പുകളിൽ 86,92,63,406 കോടിയുടെയും, 2018-19ൽ വിദ്യാഭ്യാസം, ഫിഷറീസ്, ഫോറസ്റ്റ്, ആരോഗ്യം, ആഭ്യന്തരം, ഐ.ടി, എംഎൽഎ ഫണ്ട്, സ്പോർട്സ്, ടൂറിസം, ട്രാൻസ്പോർട്ട് കെ.എസ്.എഫ്.ഇ, ലോട്ടറി, ട്രഷറി, ലേബർ, വ്യവസായം എന്നീ വകുപ്പുകളിൽ 4,34,86,25,875 കോടി രൂപയും, കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെ ഫോറസ്റ്റ്, സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ്, ഇറിഗേഷൻ, ഇടതു എംഎൽഎ ഫണ്ട്, ടൂറിസം, ട്രഷറി, ദേവസ്വം, സാംസ്‌കാരികം, വിദ്യാഭ്യാസം, സ്പോർട്സ് എന്നീ വകുപ്പുകളിലായി 105,39,18,741 കോടിയുടെയും ടെൻഡറില്ലാതെ കരാർ നൽകി. ലോക കേരളസഭക്ക് സൗകര്യമൊരുക്കാൻ 1.85 കോടിയുടെ നവീകരണങ്ങൾ നടത്തിയപ്പോഴും കരാർ നേടിയത് ഊരാളുങ്കൽ ആയിരുന്നു. വിവിധ ജില്ലകളിലെ നിർമ്മാണ പ്രവൃത്തികൾക്കും ടെൻഡറില്ലാതെ ഊരാളുങ്കൽ കരാർ നേടി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാർട്മെന്റ് നിർമ്മാണത്തിന്റെ കരാറും ഊരാളുങ്കലിനായിരുന്നു.
കടലാസ് രഹിത നിയമസഭ പദ്ധതിയും ഏൽപിച്ചിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയെയാണ്. പദ്ധതി വിവരണത്തിന്റ അടിസ്ഥാനത്തിലും വിവരസാങ്കേതിക വിദ്യയിൽ ഉള്ള പ്രാവീണ്യം കണക്കിലെടുത്തുമാണ് നിർമ്മാണം അവരെ ഏൽപിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച ഉത്തരവിലെ വിശദീകരണം. കിഫ്ബി വഴിയുള്ള പദ്ധതികളും ഊരാളുങ്കലിനു തന്നെയാണ്.
2017 ഓഗസ്റ്റ് 25നും 2019 ഓഗസ്റ്റ് നാലിനും ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് കോടികളുടെ നിർമ്മാണ ജോലികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകുന്നത്. ഒരു സമയം 800 കോടിയുടെ പരിധി നിശ്ചയിച്ചു നൽകിയെങ്കിലും 2,000 കോടിയുടെ വരെ പ്രവൃത്തികളാണ് സൊസൈറ്റി ഒരേസമയം ചെയ്തുകൊണ്ടിരിക്കുന്നത്.
പൊതുമേഖലയിൽ കിറ്റ്കോ ലിമിറ്റഡ്, എച്ച്.എൽ.എൽ ഇൻഫ്രാ ടെക് സർവീസസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്ക് 750 കോടിയുടെ വരെ പ്രവൃത്തികൾ ഒരേസമയത്ത് ഏറ്റെടുക്കാനാകും. സർക്കാരിതര മേഖലയിൽ തന്നെ ഊരാളുങ്കലിനൊപ്പം ആരുമില്ലെന്നതും ശ്രദ്ധേയമാണ്. 250 കോടിയുടെവരെ പ്രവൃത്തികൾ ഏറ്റെടുക്കാൻ അനുമതിയുള്ള ഹാബിറ്റാറ്റാണ് ഊരാളുങ്കലിന് തൊട്ടടുത്തുള്ളത്. 2014ൽ ഒരേസമയത്ത് 250 കോടിയുടെ പ്രവൃത്തികൾ മാത്രം ഏറ്റെടുക്കാനാണ് ഊരാളുങ്കലിന് അനുമതി ഉണ്ടായിരുന്നത്. ഇത് 2017ൽ 500 കോടിയായും പിന്നീട് 800 കോടിയായും വർധിപ്പിച്ചു.
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിന്റെ ഫിനാൻഷ്യൽ കോഡും ലംഘിച്ചാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഇടത് സർക്കാർ 800 കോടിയിലധികം രൂപയുടെ പ്രവൃത്തികൾ ചെയ്യാൻ ചുമതലപ്പെടുത്തിയതെന്ന് ആരോപണം ഉണ്ട്. 39 പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ 45 ഏജൻസികളുടെ പട്ടികയിൽ ഇത്രയും ഉയർന്ന തുകയ്ക്കു പ്രവൃത്തികൾ ചെയ്യാൻ സംസ്ഥാനത്ത് മറ്റൊരു ഏജൻസിയെയും സർക്കാർ അനുവദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.